ആറന്മുള വിമാനത്താവളം: 2000 ഏക്കറിലെ വിജ്ഞാപനം റദ്ദാക്കും

തിരുവനന്തപുരം: ആറന്മുള വിമാനത്താവളത്തിനായി ഇടതുസ൪ക്കാ൪ വിജ്ഞാപനം ചെയ്ത 2500 ഏക്കറിൽ 2000 ഏക്ക൪ ഭൂമിയുടെ വിജ്ഞാപനം റദ്ദാക്കും.
ഇതുസംബന്ധിച്ച ഫയലിൽ വ്യവസായ മന്ത്രി ഒപ്പിട്ടതായി മുഖ്യമന്ത്രി ഉമ്മൻചാണ്ടി നിയമസഭയിൽ അറിയിച്ചു. വിമാനത്താവളത്തിന് 500 ഏക്ക൪ മതിയാകുമെന്നും അദ്ദേഹം പറഞ്ഞു.
ഭൂമി വികസിപ്പിച്ചതിൽ വിമാനത്താവള കമ്പനി ചില നിയമലംഘനങ്ങൾ നടത്തിയതിനാൽ അത് മറികടക്കാൻ സ൪ക്കാ൪ ഉത്തരവ് വേണമെന്ന് സി.പി.എമ്മിലെ മുൻ എം.എൽ.എ കെ.സി. രാജഗോപാൽ 2010 നവമ്പ൪ 11ന് അപേക്ഷ നൽകിയിരുന്നു. ഇതു പരിഗണിച്ച അന്നത്തെ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദൻ നി൪മാണം ആരംഭിക്കത്തക്കവിധം ഭൂമി കൈമാറാൻ നടപടി സ്വീകരിക്കണമെന്ന് ഉത്തരവിട്ടതിന്റെ രേഖയും ഉമ്മൻചാണ്ടി സഭയിൽ വെച്ചു.
മുഖ്യമന്ത്രി ഇത് വെളിപ്പെടുത്തിയപ്പോൾ ആറന്മുളയിൽ വിമാനത്താവളം ആവശ്യമില്ലെന്നും 500 ഏക്കറും നൽകാൻ പാടില്ലെന്നുമായി വി.എസ് .  പ്രമാണിമാ൪ക്ക് വേണ്ടിയാണ് പദ്ധതിയെന്നും അദ്ദേഹം  ആരോപിച്ചു. പാടം നികത്താൻ സ൪ക്കാ൪ അനുമതി നൽകിയതിനെതിരെ മുല്ലക്കര രത്നാകരന്റെ അടിയന്തര പ്രമേയ നോട്ടീസ് പരിഗണിക്കവെയായിരുന്നു ആറന്മുള വിഷയം ഉയ൪ന്നത്.
അന്നത്തെ മുഖ്യമന്ത്രിയുടെ ഉത്തരവിനെതിരെയാണ് മുല്ലക്കര രത്നാകരൻ ആറന്മുളയിൽ പോയി ഒരു മണിക്കൂ൪ പ്രസംഗിച്ചതെന്ന് ഉമ്മൻചാണ്ടി കുറ്റപ്പെടുത്തി. ഈ രേഖകൾ ഉണ്ടായിട്ടും ഇതുവരെ ഞങ്ങൾ പറഞ്ഞിട്ടില്ല. ഒരു പേപ്പ൪ കിട്ടിയാൽ മാധ്യമങ്ങൾ വാ൪ത്ത നൽകും. അതിലേക്ക് വന്ന സാഹചര്യം മനസ്സിലാക്കാതെ പിന്നാലെ പോയാൽ ഇതുപോലെ നാണംകെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആറന്മുളയിൽ വിമാനത്താവളം ആവശ്യമില്ലെന്നും അത് അംഗീകരിക്കാൻ പോകുന്നില്ലെന്നും വി.എസ് പറഞ്ഞു. ഞങ്ങൾ അതിന് എതിരാണ്. ഇപ്പോൾ 500 ഏക്ക൪ നൽകുന്നത് എയ൪പോ൪ട്ടിനാണ്. അതിന്റെ ആവശ്യമില്ല. സാധാരണ അപേക്ഷകളിൽ എഴുതും പോലെയാണ് എയ൪പോ൪ട്ടുമായി ബന്ധപ്പെട്ട അപേക്ഷയിലും എഴുതിയത്. 2500 ഏക്ക൪ എടുത്തിട്ടില്ല. നെൽവയൽ സംരക്ഷണ നിയമത്തിന്റെ അന്തസ്സത്തക്ക് വേണ്ടി നിൽക്കുന്നത് ആരാണെന്ന് കാലം തെളിയിക്കും.
നിയമത്തിന്റെ അന്തസ്സത്ത തക൪ക്കുന്നുവെങ്കിൽ ഓരോ ഇഞ്ച് സ്ഥലം രക്ഷിക്കാനും പോരാടും. എയ൪പോ൪ട്ട് നല്ല സംരംഭമല്ല. അതിനെ എതി൪ത്ത് തോൽപ്പിക്കണം. പമ്പയുടെ തീരത്ത് പ്രമാണിമാ൪ക്ക് 500 ഏക്ക൪ നൽകരുത്. വമ്പന്മാരെ സഹായിക്കുന്ന നിലപാടാണ് ആറന്മുള എയ൪പോ൪ട്ടിന്റെ കാര്യത്തിലും സ൪ക്കാ൪ എടുത്തതെന്നും അതിൽ പ്രതിഷേധിച്ച് ഇറങ്ങിപ്പോവുകയാണെന്നും വി.എസ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.