ന്യൂദൽഹി: മുൻരാഷ്ട്രപതി എ.പി.ജെ അബ്ദുൽ കലാമിൻെറ പുതിയ പുസ്തകത്തിൽ ഗുജറാത്തിനെക്കുറിച്ചും നരേന്ദ്രമോഡി, എ.ബി. വാജ്പേയി എന്നിവരെപ്പറ്റിയും നടത്തിയ പരാമ൪ശങ്ങൾ മാധ്യമങ്ങൾ വളച്ചൊടിച്ചെന്ന് മുതി൪ന്ന ബി.ജെ.പി നേതാവ് എൽ.കെ. അദ്വാനി.
ഗുജറാത്ത് വംശഹത്യ നടന്ന് ഏറെ വൈകാതെ രാഷ്ട്രപതിയായ അബ്ദുൽകലാമിൻെറ ആദ്യത്തെ ഔദ്യാഗിക യാത്ര ഗുജറാത്തിലേക്കായിരുന്നു. ‘ഇപ്പോൾ അങ്ങോട്ട് പോകേണ്ട ആവശ്യമുണ്ടെന്ന് താങ്കൾ കരുതുന്നുണ്ടോ?’ എന്നാണ് പ്രധാനമന്ത്രി വാജ്പേയി ഇതിനോട് പ്രതികരിച്ചതെന്ന് അബ്ദുൽകലാം ‘വഴിത്തിരിവുകൾ’ എന്ന പുതിയ പുസ്തകത്തിൽ പറയുന്നുണ്ട്. എന്നാൽ, വാജ്പേയി നടത്തിയ വെറുമൊരു അന്വേഷണം മാധ്യമങ്ങൾ വളച്ചൊടിച്ചുവെന്ന് അദ്വാനി കുറ്റപ്പെടുത്തി. രാഷ്ട്രപതി ഗുജറാത്തിൽ പോകുന്നത് തടയാൻ പ്രധാനമന്ത്രി ശ്രമിച്ചുവെന്നാക്കി മാധ്യമങ്ങൾ ഇതിനെ മാറ്റുകയാണുണ്ടായത് -അദ്വാനി പറഞ്ഞു. മോഡിയെ പുസ്തകത്തിൽ കലാം പ്രശംസിക്കുന്ന ഭാഗങ്ങൾ ഒരു പത്രക്കാരനും കണ്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. അതിനിടെ, ഗുജറാത്തിലെ വിമത ബി.ജെ.പി നേതാവും മുൻമുഖ്യമന്ത്രിയുമായ കേശുഭായ് പട്ടേൽ മോഡിക്കെതിരെ വീണ്ടും രൂക്ഷവിമ൪ശം നടത്തി. മോഡി അടുത്ത കാലത്ത് കാണിക്കുന്ന ‘സദ്ഭാവന’യും സഹിഷ്ണുതയുമൊക്കെ, മാസങ്ങൾക്കകം നടക്കേണ്ട നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണെന്ന് അദ്ദേഹം പറഞ്ഞു. ഗുജറാത്ത് വംശഹത്യ നടന്ന 2002ൽ ഈ സഹിഷ്ണുതയും സദ്ഭാവനയുമൊക്കെ എവിടെയായിരുന്നുവെന്ന് പട്ടേൽ ചോദിച്ചു. ഇനി പാ൪ട്ടി അംഗത്വം പുതുക്കുന്നില്ലെന്ന് കേശുഭായ് ആവ൪ത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.