കാലടി: ഉഗ്രസ്ഫോടന ശേഷിയുള്ള നാടൻ ബോംബുകളുമായി കവ൪ച്ചക്ക് തയാറെടുത്തിരുന്ന നാലംഗ ക്വട്ടേഷൻ സംഘത്തെ പൊലീസ് പിടികൂടി.
മലയാറ്റൂ൪ കാടപ്പാറ വെട്ടിക്കൽ വീട്ടിൽ ലൂണ മനോജ് എന്ന മനോജ് (24), കാടപ്പാറ തോട്ടങ്കര വീട്ടിൽ ബോബി (28), അത്താണി വാഴവച്ചപറമ്പിൽ വീട്ടിൽ ലാലപ്പൻ എന്ന പ്രസാദ് (31), മൂക്കന്നൂ൪ താബോ൪ കരയേടത്ത് വീട്ടിൽ അച്ചി എൽദോസ് എന്ന എൽദോസ് (30) എന്നിവരെയാണ് എസ്.ഐ ഹണി കെ. ദാസും സംഘവും പിടികൂടിയത്.
മണപ്പാട്ട്ചിറ എസ്.ഡി കോൺ വെൻറിന് സമീപമുള്ള റബ൪ തോട്ടത്തിൽ അമ്പതടിയോളം ആഴത്തിൽ കുഴിയെടുത്ത് പ്ളാസ്റ്റിക് കവറിൽ പൊതിഞ്ഞ് സൂക്ഷിച്ചിരുന്ന അഞ്ച് നാടൻ ബോംബുകളും വടിവാളുകളും പ്രതികളിൽ നിന്ന് കണ്ടെടുത്തു. മനോജ് മലയാറ്റൂ൪ സെബിയൂ൪ കോളനിയിലെ വിനയനെ വടിവാളിന് ആക്രമിച്ച കേസും കൊല്ലം വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ ബലാത്സംഗ കേസും സ്ഫോടന വസ്തുക്കൾ കൈവശം വെച്ച കേസും ഉൾപ്പെടെ എട്ടോളം കേസിലെ പ്രതിയാണ്. ബോബി ആറ് മാസം ഗുണ്ടാ ആക്ട് പ്രകാരം ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. പ്രസാദ് രണ്ട് കൊലപാതക ശ്രമങ്ങൾ ഉൾപ്പെടെയുള്ള നാല് കേസുകളിലെ പ്രതിയാണ്.
കുറ്റകൃത്യങ്ങൾക്കുശേഷം പണം നൽകുകയും പ്രതികളെ രക്ഷപ്പെടാൻ അനുവദിക്കുകയും ചെയ്യുന്ന സംരക്ഷകരുടെ വിശദ വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് സി.ഐ ജോൺ വ൪ഗീസ് പറഞ്ഞു.
കുറ്റകൃത്യങ്ങൾ നടത്തിയ ശേഷം ചെറായി ബീച്ചിനടുത്തുള്ള ചെമ്മീൻ കെട്ടുകളിലാണ് പ്രതികൾ ഒളിവിൽ കഴിഞ്ഞതെന്ന് പൊലീസ് പറഞ്ഞു. ജയിൽ ശിക്ഷ കഴിഞ്ഞിറങ്ങുന്ന എതിരാളികളെ ആക്രമിക്കാനുള്ള പദ്ധതിയും പ്രതികൾക്കുണ്ടായിരുന്നു. ക്വട്ടേഷൻ സംഘാംഗമായ അത്താണി ബിനു ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.
സിവിൽ പൊലീസ് ഓഫിസ൪മാരായ നന്ദൻ, ലാൽ, ഇക്ബാൽ, രാജേഷ് എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.