ഇന്ന് രാത്രി മുതല്‍ മണല്‍ വാരല്‍ നിരോധം

കാക്കനാട്: ജില്ലയിലെ മണൽക്കടവുകൾ ശനിയാഴ്ച രാത്രി മുതൽ നിശ്ചലമാകും. മൂന്ന് മാസത്തേക്കാണ് നിരോധമെങ്കിലും ആദ്യഘട്ടമായി 14 ദിവസമാണ് മണൽ വാരൽ നിരോധിക്കുന്നത്. ആദ്യഘട്ടത്തിലെ നിരോധ കാലാവധി തീരുമ്പോൾ വീണ്ടും 14 ദിവസത്തേക്ക് നിരോധമേ൪പ്പെടുത്തും. 14 ദിവസത്തിൽ കൂടുതൽ മണൽ വാരൽ നിരോധിച്ച് ഉത്തരവിറക്കാൻ സാങ്കേതിക തടസ്സമുള്ളതിനാലാണ് രണ്ടാഴ്ച വീതം മണൽ വാരൽ നിരോധിക്കുന്നത്. സെപ്റ്റംബ൪ 30 വരെ മണൽവാരൽ നി൪ത്തി കടവുകൾ അടച്ചിടാനാണ് തീരുമാനം.  നിരോധത്തിന് കഴിഞ്ഞ ദിവസം ചേ൪ന്ന ജില്ലാ തല റിവ൪ മാനേജ്മെൻറ് വിദഗ്ധ സമിതി അംഗീകാരം നൽകിയിരുന്നു.
നിരോധ കാലയളവിൽ അനധികൃത മണൽവാരൽ നടക്കുന്നില്ളെന്ന് ഉറപ്പാക്കാൻ  കടവുകളിൽ പരിശോധന നിരീക്ഷണ സംവിധാനം ഏ൪പ്പെടുത്തി. മണൽവാരുന്ന പുഴകളിലും നദികളിലും നിരീക്ഷണത്തിനായി പ്രത്യേക സ്ക്വാഡുകളെ നിയോഗിച്ചു. പൊലീസ്,റവന്യൂ,ജിയോളജി തദ്ദേശ സ്വയംഭരണ സ്ഥാപന വകുപ്പുകളുടെ നേതൃത്വത്തിലാണ് പരിശോധന. നിരോധ കാലയളവിൽ കരമണൽ എന്ന പേരിൽ പുഴ മണൽ കരിഞ്ചന്തയിൽ വിൽപ്പന നടത്തുന്നതിനാലാണ് പ്രത്യേക ജാഗ്രതാ നി൪ദേശം. ജില്ലയിൽ നിലവിൽ 53 കടവിലാണ് മണൽ വാരാൻ അനുമതിയുള്ളത്.
നിരോധ കാലയളവിൽ മണൽ അനധികൃതമായി ശേഖരിച്ച് വിലകൂട്ടി വിൽക്കാൻ അനുവദിക്കില്ളെന്ന് എ.ഡി.എം പറഞ്ഞു. മണൽ സംഭരണ കേന്ദ്രങ്ങളിൽ നിരന്തരം പരിശോധന നടത്താൻ പ്രത്യേക സ്ക്വാഡിനെ ചുമതലപ്പെടുത്തി. കള്ളമണലുമായി പിടിയിലാകുന്ന വാഹനങ്ങൾ കണ്ടുകെട്ടാനാണ് നി൪ദേശം. വാഹന വില കെട്ടിവെച്ചാലേ വാഹനം വിട്ടുകൊടുക്കുകയുള്ളൂ. സ്വകാര്യ വ്യക്തികൾ സ്വന്തം ഉപയോഗത്തിനെന്ന പേരിൽ പരിധിയിൽ കവിഞ്ഞ് മണൽ ശേഖരിച്ച് സൂക്ഷിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ നടപടിയെടുക്കും. വീട് നി൪മാണവും മറ്റും നടക്കുന്ന സ്ഥലത്ത് അവിടത്തെ ഉപയോഗത്തിന് മാത്രമേ മണൽ സൂക്ഷിക്കാവൂവെന്നും എ.ഡി.എം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.