രാഷ്ട്രപതി തെരഞ്ഞെടുപ്പ്: ഫലം വ്യക്തം; മമതയുടെ നിലപാട് അവ്യക്തം

ന്യൂദൽഹി: രാഷ്ട്രപതി സ്ഥാനത്തേക്ക് പ്രധാന സ്ഥാനാ൪ഥികളായ പ്രണബ് മുഖ൪ജിയും പി.എ.സാങ്മയും വ്യാഴാഴ്ച  നാമനി൪ദേശ പത്രിക സമ൪പ്പിച്ചു. ജൂലൈ 19ന് നടക്കുന്ന തെരഞ്ഞെടുപ്പിൽ മുഖ൪ജിയുടെ അനായാസ വിജയമാണ് പ്രവചിക്കുന്നതെങ്കിലും, പ്രമുഖ യു.പി.എ കക്ഷിയായ തൃണമൂൽ കോൺഗ്രസ് ആ൪ക്കൊപ്പം നിൽക്കുമെന്ന് ദേശീയ രാഷ്ട്രീയം ഉറ്റുനോക്കുകയാണ്. മുഖ൪ജിയും സാങ്മയും മമതയുടെ പിന്തുണ ലഭിക്കുമെന്ന പ്രതീക്ഷ ആവ൪ത്തിച്ചു പ്രകടിപ്പിച്ചു. മുഖ൪ജിക്ക് എതിരായ നിലപാടാണ് മമത ഇതുവരെ സ്വീകരിച്ചിട്ടുള്ളത്. എന്നാൽ, സാങ്മക്ക് പിന്തുണ വാഗ്ദാനം ചെയ്തിട്ടുമില്ല.
 വരണാധികാരിയായ രാജ്യസഭാ സെക്രട്ടറി ജനറൽ വി.കെ.അഗ്നിഹോത്രി മുമ്പാകെയാണ് മുഖ൪ജിയും സാങ്മയും നിരവധി നേതാക്കളുടെ അകമ്പടിയോടെ പത്രിക നൽകിയത്. ഇരുവരും ശനിയാഴ്ച പ്രചാരണം തുടങ്ങും. 19ലെ വോട്ടെടുപ്പിനുശേഷം 22നാണ് ഫലപ്രഖ്യാപനം. പുതിയ രാഷ്ട്രപതിയുടെ സത്യപ്രതിജ്ഞ 24ന് പാ൪ലമെൻറിൻെറ സെൻട്രൽ ഹാളിൽ നടക്കും.  ദൈവാനുഗ്രഹത്തിനും എല്ലാവരുടെയും സഹകരണത്തിനും പ്രാ൪ഥിച്ചുകൊണ്ടാണ് മുഖ൪ജി പത്രിക നൽകാൻ എത്തിയത്. യു.പി.എക്ക് പുറത്തുനിൽക്കുമ്പോഴും, തന്നെ പിന്തുണക്കുന്ന ജനതാദൾയു, സി.പി.എം, ശിവസേന, ഫോ൪വേഡ് ബ്ളോക് എന്നിവക്ക് മുഖ൪ജി നന്ദി പറഞ്ഞു. തൃണമൂൽ അടക്കം, തന്നെ പിന്തുണക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ ബാക്കിയുള്ള എല്ലാവരുടെയും സഹകരണം അദ്ദേഹം അഭ്യ൪ഥിച്ചു. പ്രധാനമന്ത്രി മൻമോഹൻസിങ്ങിൻെറയും കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെയും അകമ്പടിയോടെയാണ് മുഖ൪ജി പാ൪ലമെൻറ് മന്ദിരത്തിൽ എത്തിയത്. കോൺഗ്രസ് ജനറൽ സെക്രട്ടറി രാഹുൽ ഗാന്ധി, സമാജ്വാദി പാ൪ട്ടി നേതാവ് മുലായംസിങ്, ലാലുപ്രസാദ്ആ൪.ജെ.ഡി, അജിത് സിങ്ആ൪.എൽ.ഡി, രാംവിലാസ് പാസ്വാൻഎൽ.ജെ.പി, ഫാറൂഖ് അബ്ദുല്ല നാഷനൽ കോൺഫറൻസ്, ഇ.അഹമ്മദ്മുസ്ലിംലീഗ്, ഡി.എം.കെ നേതാക്കൾ എന്നിവ൪ മുഖ൪ജിക്ക് ഒപ്പമുണ്ടായിരുന്നു.
 ഒഡിഷ മുഖ്യമന്ത്രി നവീൻ പട്നായിക്, പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിങ് ബാദൽ, ഗോവ മുഖ്യമന്ത്രി മനോഹ൪ പരിക്ക൪, ബി.ജെ.പി പ്രസിഡൻറ് നിതിൻ ഗഡ്കരി, മുതി൪ന്ന നേതാവ് എൽ.കെ. അദ്വാനി, സുഷമാ സ്വരാജ്, അരുൺ ജെയ്റ്റ്ലി എന്നിവ൪ പി.എ. സാങ്മയെ അനുഗമിച്ചിരുന്നു. താൻ വിജയിക്കുന്നത് ഗോത്രസമൂഹത്തിൻെറ വിജയമായിരിക്കുമെന്ന് സാങ്മ പറഞ്ഞു. വടക്കുകിഴക്കൻ മേഖലയിലെ ഒരു ഗോത്രവ൪ഗക്കാരന് ഇത്രത്തോളം മുഖ്യമന്ത്രിമാരും പാ൪ട്ടികളും പിന്തുണ നൽകുന്നതിൽ സന്തോഷമുണ്ട്. ഗോത്രവ൪ഗക്കാരിൽ നിന്നൊരാൾ ആദ്യമായി രാഷ്ട്രപതി സ്ഥാനത്തേക്ക് പത്രിക നൽകുന്നുവെന്നതുതന്നെ ആ സമൂഹത്തിന് വിജയമാണെന്ന് അദ്ദേഹം കൂട്ടിച്ചേ൪ത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.