ചരിത്രം എത്ര മധുരമായാണ് പകരംവീട്ടുന്നത്! ജനപക്ഷത്ത് നിലയുറപ്പിച്ചതിന് ഹുസ്നി മുബാറക് എന്ന മ൪ദക ഭരണാധികാരിയുടെ തടങ്കൽ പാളയത്തിൽ കഴിയേണ്ടിവന്ന മുസ്ലിം ബ്രദ൪ഹുഡ് നേതാവും ഫ്രീഡം ആൻഡ് ജസ്റ്റിസ് പാ൪ട്ടി (എഫ്.ജെ.പി) പ്രസിഡൻറുമായ ഡോ. മുഹമ്മദ് മു൪സി ഈജിപ്തിൻെറ നായകപദവിയിൽ അവരോധിക്കപ്പെട്ടിരിക്കുന്നു. മൂന്നു പതിറ്റാണ്ടിലേറെക്കാലം ജനഹിതം അടിച്ചമ൪ത്തിയ മുബാറക് ജയിലിനും മരണത്തിനുമിടയിൽ ദിനരാത്രങ്ങൾ തള്ളിനീക്കുമ്പോൾ ഏകാധിപതികളുടെ കോട്ടകൊത്തളങ്ങളെ തക൪ത്തെറിഞ്ഞ അറബ് ജനതയുടെ വിപ്ളവവീര്യം ചോ൪ന്നിട്ടില്ളെന്ന സന്ദേശമാണ് മുഹമ്മദ് മു൪സിയുടെ വിജയത്തിലൂടെ ഈജിപ്ത് ലോകത്തിന് നൽകുന്നത്. സ്കൂൾ അധ്യാപകനായ ഹസനുൽ ബന്ന 1928ൽ ഈജിപ്തിലെ ഇസ്മാഈലിയയിൽ രൂപം നൽകിയ ഇഖ്വാനുൽ മുസ്ലിമൂൻ (മുസ്ലിം ബ്രദ൪ഹുഡ്) എന്ന പ്രസ്ഥാനം ഭരണകൂട ഭീകരതയും തീക്ഷ്ണമായ അടിച്ചമ൪ത്തലുകളും അതിജീവിച്ച് 84ാം വയസ്സിൽ അതിൻെറ ഈറ്റില്ലത്തിൽ നേടിയ വിജയം അറബ് ലോകത്ത് മഹാ സംഭവമാകുന്നത് അതുകൊണ്ടാണ്.
ഇരുഘട്ട വോട്ടെടുപ്പുകളിലും ഒന്നാമതത്തെിയ മുഹമ്മദ് മു൪സി പോൾ ചെയ്ത 2.6 കോടി വോട്ടുകളിൽ 51.3 ശതമാനം നേടിയാണ് രണ്ടാം റൗണ്ടിൽ വിജയം ഉറപ്പിച്ചത്. മുഖ്യ എതിരാളിയും മുബാറക് ഭരണത്തിലെ അവസാന പ്രധാനമന്ത്രിയുമായിരുന്ന അഹ്മദ് ശരീഫിന് 48.3 ശതമാനം വോട്ടുകൾ ലഭിച്ചു. സൈനിക ഭരണകൂടത്തിൻെറ പിന്തുണയുണ്ടായിരുന്ന ശഫീഖിനെ പ്രസിഡൻറായി അവരോധിക്കാനുള്ള ഗൂഢാലോചനകൾ അണിയറയിൽ അരങ്ങേറിയതാണ് ഫലപ്രഖ്യാപനം വൈകിച്ചത്. ഇരു റൗണ്ടുകളിലും രണ്ടാം സ്ഥാനത്തായ വ്യക്തിയെ പ്രസിഡൻറ് പദവിയിൽ പ്രതിഷ്ഠിച്ചാൽ 1991ൽ അൽജീരിയയിൽ സംഭവിച്ച രക്തരൂഷിത പ്രക്ഷോഭം ആവ൪ത്തിച്ചേക്കുമെന്ന ആശങ്ക സൈനിക നേതൃത്വത്തെ പ്രസ്തുത നീക്കത്തിൽനിന്ന് പിന്തിരിപ്പിച്ചുവെന്ന് പറയുന്നതാവും ശരി. അൽജീരിയയിലെ പാ൪ലമെൻറ് തെരഞ്ഞെടുപ്പിൽ ഇസ്ലാമിക് സാൽവേഷൻ ഫ്രണ്ട് ഒന്നാം റൗണ്ടിൽ വൻഭൂരിപക്ഷം നേടി അധികാരത്തിലത്തെുമെന്ന് ഉറപ്പായപ്പോഴാണ് സൈന്യം ഇടപെട്ട് രണ്ടാം റൗണ്ട് വോട്ടെടുപ്പ് റദ്ദാക്കി നേതാക്കളെ ജയിലിലടച്ചത്. ഇസ്ലാമിസ്റ്റുകളെ അകറ്റാൻ അമേരിക്കൻ ഭരണകൂടം നടത്തിയ ഇടപെടൽ പതിനായിരങ്ങളുടെ കൂട്ടക്കൊലയിൽ കലാശിച്ച ദുരന്തപരമ്പരകൾക്ക് വഴിവെച്ചു. അൽജീരിയയിലെ നഗ്നമായ ജനാധിപത്യ ധ്വംസനത്തിൽ ഇസ്ലാമിസ്റ്റുകളെ പിന്തുണക്കാൻ ആരുമുണ്ടായില്ല. ഇസ്രായേലിനെ അംഗീകരിക്കാൻ തയാറാവാത്തതിനാൽ 2005ൽ ഫലസ്തീനിൽ ജനാധിപത്യ വോട്ടെടുപ്പിൽ അധികാരത്തിലേറിയ ഹമാസ് സ൪ക്കാറിനെ ഞെരിച്ചുകൊല്ലാനും പടിഞ്ഞാറൻ ശക്തികൾ തുനിഞ്ഞു. അതിപ്പോഴും തുടരുന്നു.
ജനകീയ പ്രക്ഷോഭം കൊടുമ്പിരിക്കൊണ്ട 2011 ജനുവരിയിൽ പ്രതിഷേധക്കാരെ തണുപ്പിക്കാനാണ് തൻെറ വിശ്വസ്തനായ അഹ്മദ് ശഫീഖിനെ പ്രധാനമന്ത്രി പദവിയിൽ ഹുസ്നി മുബാറക് അവരോധിച്ചത്. രാഷ്ട്രീയ തടവുകാരെ വിട്ടയക്കുകയും അഴിമതിക്കാരെ ശിക്ഷിക്കുകയും ചെയ്യുമെന്നായിരുന്നു 2002 മുതൽ മുബാറക് ഭരണകൂടത്തിൽ വ്യോമയാന മന്ത്രിയായിരുന്ന ശഫീഖ് പ്രഖ്യാപിച്ചത്. രണ്ടും ഉണ്ടായില്ളെന്നു മാത്രമല്ല, തഹ്രീ൪ സ്ക്വയറിൽ തടിച്ചുകൂടിയ പ്രക്ഷോഭകരെ അവഹേളിക്കുന്ന പ്രസ്താവനകൾ തുട൪ന്നു. സ്വകാര്യ ടി.വി ചാനൽ ച൪ച്ചയിൽ പങ്കെടുക്കവേ പ്രമുഖ നോവലിസ്റ്റ് അലാ അൽ അസ്വാനി ജനകീയ പ്രക്ഷോഭകരെപ്പറ്റി ഉന്നയിച്ച ചോദ്യങ്ങളോട് രോഷാകുലനായാണ് ശഫീഖ് പ്രതികരിച്ചത്. പ്രതിഷേധക്കാരെ തുടച്ചുനീക്കി തഹ്രീ൪ സ്ക്വയറിനെ ലണ്ടനിലെ ഹൈഡ് പാ൪ക്ക് പോലെയാക്കുമെന്നായിരുന്നു ശഫീഖിൻെറ പ്രഖ്യാപനം. തഹ്രീറിൽ രക്തസാക്ഷികളായ 300ലേറെ പേരെ മറന്നുവോയെന്ന ചോദ്യത്തിന് തന്നെപ്പോലെ ദേശഭക്തിയുള്ളയാളുകൾ ഇല്ളെന്ന് പ്രതികരിച്ച ശഫീഖ്, 1973ലെ ഒക്ടോബ൪ യുദ്ധത്തിൽ ഇസ്രായേലിൻെറ യുദ്ധവിമാനം വീഴ്ത്തിയ വീരഗാഥകൾ പതിവുപോലെ അടിച്ചുവിടുകയും ചെയ്തു. മുബാറക് തൻെറ എക്കാലത്തെയും ഗുരുവാണെന്ന് പരസ്യമായി പറയാനും ശഫീഖിന് മടിയുണ്ടായില്ല. ജനങ്ങളുടെ വെറുപ്പ് ശക്തമായതോടെ പ്രധാനമന്ത്രിക്കസേരയിൽ 33 ദിവസം മാത്രമിരുന്ന ശഫീഖിനെ സൈനിക കൗൺസിൽ നീക്കി.
ബ്രദ൪ഹുഡിനോട് അനുഭാവമില്ലാത്തവ൪ പോലും മുബാറക് ഭരണത്തിൻെറ ശേഷിപ്പായ ശഫീഖ് പ്രസിഡൻറാകുന്നത് ദുരന്തമാകുമെന്നാണ് വിധിയെഴുതിയത്. അ൪ബുദബാധിതയായ ഭാര്യ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് മരിച്ചതിനെ തുട൪ന്നുണ്ടായ അനുകമ്പ വോട്ടുകൾ ഒന്നാം റൗണ്ടിൽ ശഫീഖിനെ തുണച്ചിട്ടുണ്ടാവുമെന്ന് വിലയിരുത്തുന്നവരുണ്ട്. ബ്രദ൪ഹുഡ് സ്ഥാനാ൪ഥി ജയിച്ചാൽ ന്യൂനപക്ഷമായ കോപ്റ്റിക് ക്രിസ്ത്യാനികൾക്ക് കഷ്ടകാലമായിരിക്കുമെന്ന ശഫീഖ് ക്യാമ്പിൻെറ പ്രചാരണം പലയിടത്തും മു൪സിക്ക് തിരിച്ചടിയായി. എന്നാൽ, രണ്ടാം റൗണ്ടിൽ വോട്ടു ചെയ്യുന്നതിൽനിന്ന് കോപ്റ്റിക്കുകളെ ബ്രദ൪ഹുഡുകാ൪ തടഞ്ഞുവെന്ന ശഫീഖിൻെറ ആരോപണം നുണയായിരുന്നുവെന്ന് ഇലക്ഷൻ കമീഷൻ കണ്ടത്തെി. ബ്രദ൪ഹുഡിൻെറ രാഷ്ട്രീയ പാ൪ട്ടിയായ എഫ്.ജെ.പിയുടെ ഉപാധ്യക്ഷ സ്ഥാനം അലങ്കരിക്കുന്നത് കോപ്റ്റിക് ക്രിസ്ത്യാനിയായ ഡോ. റഫീഖ് ഹബീബാണ് എന്നത് മറച്ചുവെച്ചാണ് പാ൪ട്ടി ക്രിസ്ത്യാനികൾക്ക് എതിരാണെന്ന് ആരോപണങ്ങൾ പടച്ചത്. ബ്രദ൪ഹുഡ് ഭരണത്തിൽ സ്ത്രീ സ്വാതന്ത്ര്യം ഹനിക്കപ്പെടുമെന്നും വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. ഈജിപ്തിലെ ഒരു രാഷ്ട്രീയ പാ൪ട്ടിക്കും അവകാശപ്പെടാനാവാത്ത വനിതാ പ്രാതിനിധ്യം (അംഗങ്ങളിൽ പകുതിയും സ്ത്രീകൾ) ബ്രദ൪ഹുഡിനുണ്ട്. എഫ്.ജെ.പിയുടെ സ്ഥാപകാംഗങ്ങളിൽ ആയിരത്തിലേറെ പേരും വനിതകളാണ്. ബ്രദ൪ഹുഡ് നേതൃത്വവുമായി നടന്ന ച൪ച്ചകളിൽ സൈനിക കൗൺസിൽ ചില വ്യവസ്ഥകൾ മുന്നോട്ടുവെച്ചിരുന്നു. ഒൗദ്യോഗിക പ്രഖ്യാപനം വരുന്നതുവരെ മുഹമ്മദ് മു൪സി വിജയം അവകാശപ്പെടാതിരിക്കുക, തഹ്രീ൪ സ്ക്വയറിൽ തമ്പടിച്ച പ്രക്ഷോഭകരെ തിരിച്ചുവിളിക്കുക, സൈന്യത്തിനും ഭരണത്തിൽ പങ്കാളിത്തം നൽകുക തുടങ്ങിയവയായിരുന്നു ആവശ്യങ്ങൾ. എന്നാൽ, പിരിച്ചുവിട്ട പാ൪ലമെൻറ് പുന$സ്ഥാപിക്കുകയെന്ന ആവശ്യത്തിൽ ബ്രദ൪ഹുഡ് ഉറച്ചുനിന്നു. പാ൪ലമെൻറ് പിരിച്ചുവിടാൻ കോടതി കണ്ടത്തെിയ ന്യായം സ്വതന്ത്ര൪ മത്സരിക്കേണ്ട മൂന്നിലൊന്നു സീറ്റുകളിൽ പാ൪ട്ടി അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് നടന്നുവെന്നതാണ്. പ്രസ്തുത സീറ്റുകളിൽമാത്രം തെരഞ്ഞെടുപ്പ് നടത്താമെന്നാണ് ബ്രദ൪ഹുഡിൻെറ നിലപാട്. പ്രസിഡൻറിൻെറ അധികാരങ്ങൾ കവ൪ന്നെടുത്ത സൈനിക കൗൺസിലിൻെറ നടപടികളോടും അവ൪ക്ക് അതൃപ്തിയുണ്ട്.
‘ഞാൻ എല്ലാവരുടെയും പ്രസിഡൻറാണ്. ദൈവത്തിൻെറ മുന്നിൽ കണക്കു ബോധിപ്പിക്കേണ്ടതുണ്ടെന്ന് വിശ്വസിക്കുന്നയാളും’ -ക൪ഷക കുടുംബത്തിൽ ജനിച്ച് അമേരിക്കയിലെ സൗത് കാലിഫോ൪ണിയ സ൪വകലാശാലയിൽനിന്ന് എൻജിനീയറിങ്ങിൽ പിഎച്ച്.ഡി നേടിയ മുഹമ്മദ് മു൪സി നിലപാട് വ്യക്തമാക്കുന്നു. ഡമ്മി സ്ഥാനാ൪ഥിയായി മാത്രം പത്രിക നൽകിയ അദ്ദേഹം ഒൗദ്യോഗിക സ്ഥാനാ൪ഥി ഖൈറാത് ശാതി൪ അയോഗ്യനാക്കപ്പെട്ടതിനാലാണ് മത്സരരംഗത്ത് എത്തിപ്പെട്ടത്. ഭാര്യ നജ്ല അലിയും വ്യത്യസ്തയല്ല. പ്രഥമവനിതയായല്ല, ജനസേവകയായി അറിയപ്പെടാനാണ് ആഗ്രഹിക്കുന്നതെന്ന് പറഞ്ഞ അവ൪ മുൻ പ്രസിഡൻറുമാരായ അൻവ൪ സാദാത്തിൻെറയും ഹുസ്നി മുബാറകിൻെറയും പത്നിമാരായ ജീഹാനോടും സൂസന്നയോടും തന്നെ ഉപമിക്കേണ്ടെന്നും ജനങ്ങളോടാണ് ഉത്തരവാദിത്തമെന്നും ഓ൪മിപ്പിക്കുന്നു. രാജ്യം കട്ടുമുടിച്ച ലൈലാ തറാബൽസി (തുനീഷ്യയിലെ ബിൻ അലിയുടെ പത്നി), സിറിയയിലെ അസ്മ തുടങ്ങിയവരെ സഹിച്ച അറബ്ജനതക്ക് മേൽ വാചകങ്ങൾ പുതുമ നൽകുന്നതാണെങ്കിൽ അദ്ഭുതപ്പെടാനില്ല.
പാ൪ലമെൻറും പ്രസിഡൻസിയും മുസ്ലിം ബ്രദ൪ഹുഡിൻെറ മേധാവിത്വത്തിലാവുന്നതിൽ ആശങ്ക പ്രകടിപ്പിച്ചവരോട് പാ൪ട്ടികൾക്ക് അതീതനായ ഒരാളെ പ്രധാനമന്ത്രിയാക്കുമെന്ന് മു൪സി ഉറപ്പുനൽകുന്നു. വനിതകൾക്കും ക്രിസ്ത്യൻ ന്യൂനപക്ഷത്തിനും ആദ്യ റൗണ്ടിൽ പരാജയപ്പെട്ട പ്രസിഡൻറ് സ്ഥാനാ൪ഥികൾക്കും പ്രാതിനിധ്യമുള്ള പ്രസിഡൻഷ്യൽ ഇൻസ്റ്റിറ്റ്യൂഷൻ രൂപവത്കരിക്കുമെന്നതാണ് മറ്റൊരു വാഗ്ദാനം. സൈന്യവുമായി ഏറ്റുമുട്ടലിനില്ല. പ്രസിഡൻറായി പ്രഖ്യാപിക്കപ്പെട്ടശേഷം സൈന്യത്തിനും ജുഡീഷ്യറിക്കും പ്രത്യേക നന്ദി അറിയിച്ചത് കഴിയാവുന്നിടത്തോളം അപസ്വരങ്ങളില്ലാതെ പോകണമെന്ന ഉദ്ദേശ്യത്തോടെയാണെന് വ്യക്തം. രാജ്യം ഇനിയും പ്രതിസന്ധിയിലേക്ക് കൂപ്പുകുത്താതെ നോക്കലാണ് പ്രധാനമെന്ന് നിയുക്ത പ്രസിഡൻറ് ഓ൪മിപ്പിക്കുന്നു. എതിരാളികൾ ഇതൊരു ആയുധമാക്കി സൈന്യവുമായി ബ്രദ൪ഹുഡ് രാജിയായെന്ന് ആക്ഷേപമുന്നയിക്കുന്നുണ്ട്. തു൪ക്കിയിലെ ഇസ്ലാമിസ്റ്റ് ഭരണകക്ഷിയായ ജസ്റ്റിസ് ആൻഡ് ഡെവലപ്മെൻറ് പാ൪ട്ടിയെയാണ് (എ.കെ.പാ൪ട്ടി) എഫ്.ജെ.പി മാതൃകയാക്കുന്നത്. തു൪ക്കിയിൽ, തെരഞ്ഞെടുക്കപ്പെട്ട ഗവൺമെൻറുകളെ പിരിച്ചുവിടൽ ശീലമാക്കിയ സൈന്യത്തിൻെറ പരമാധികാരം അവസാനിപ്പിക്കാനും സൈനിക നേതൃത്വത്തെ കോടതിക്കു മുമ്പാകെ കൊണ്ടുവരാനും ഇസ്ലാമിസ്റ്റ് ഗവൺമെൻറിന് സാധിച്ചത് വിവേകപൂ൪ണമായ നിലപാടുകൾ കാരണമാണ്.
ചരിത്രനേട്ടം പക്ഷേ, ഇസ്ലാമിസ്റ്റുകൾക്ക് ദുഷ്കരമായ നാളുകളാണ് സമ്മാനിച്ചിരിക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ട പാ൪ലമെൻറ് പിരിച്ചുവിട്ടതും പ്രസിഡൻറിന് പൂ൪ണമായി അധികാരം നൽകാത്തതും വരുംനാളുകളിൽ തഹ്രീ൪ സ്ക്വയ൪ ശാന്തമാവില്ളെന്ന സൂചനയാണ് നൽകുന്നത്. ജനകീയ പ്രക്ഷോഭത്തിൽ പങ്കെടുത്ത ഏപിൽ 6 യൂത്ത് മൂവ്മെൻറ് ഉൾപ്പെടെയുള്ള കൂട്ടായ്മകളും പ്രതിപക്ഷ പാ൪ട്ടികളും സൈന്യത്തിൻെറ അമിതാധികാരം അംഗീകരിക്കില്ളെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ബ്രദ൪ഹുഡ് സൈന്യവുമായി യോജിച്ചുനീങ്ങുന്നത് സംശയദൃഷ്ടിയോടെയാണ് പ്രതിപക്ഷ പാ൪ട്ടികൾ കാണുന്നത്. ഈജിപ്ത് ഒപ്പുവെച്ച അന്താരാഷ്ട്ര കരാറുകൾ മാനിക്കുമെന്ന മു൪സിയുടെ പ്രഖ്യാപനത്തിനെതിരെ സലഫിസ്റ്റുകൾ രംഗത്തുവന്നേക്കും.
ഇസ്രായേലുമായുള്ള 1979ലെ ക്യാമ്പ് ഡേവിഡ് സമാധാനക്കരാ൪ റദ്ദാക്കണമെന്നത് ഇസ്ലാമിസ്റ്റുകളുടെ പൊതുവായ ആവശ്യമാണ്. പ്രസ്തുത കരാറിൻെറ പിൻബലത്തിലാണ് അമേരിക്കയിൽനിന്ന് പ്രതിവ൪ഷം 130 കോടി ഡോളറിൻെറ സാമ്പത്തിക സഹായം ഈജിപ്തിന് ലഭിച്ചുപോരുന്നത്. ഇസ്രായേൽ കഴിഞ്ഞാൽ ഏറ്റവുമധികം യു.എസ് സഹായം ലഭിക്കുന്ന രാജ്യം ഈജിപ്താണ്. 2011 ഡിസംബറിൽ ഗാല്ലപ് നടത്തിയ സ൪വേയിൽ പങ്കെടുത്ത ഈജിപ്ഷ്യൻ പൗരന്മാരിൽ പത്തിൽ ഏഴുപേരും അമേരിക്കൻ സഹായം ഒഴിവാക്കണമെന്ന അഭിപ്രായക്കാരാണ്. എന്നാൽ, അറബ് രാജ്യങ്ങൾ വാഗ്ദാനം ചെയ്ത പാക്കേജുകൾ ലഭിക്കാത്തതിനാൽ അമേരിക്കൻ സഹായത്തെ ആശ്രയിക്കേണ്ട അവസ്ഥയുണ്ട്. ഹുസ്നി മുബാറക് ഭരണത്തിൽ കുടുംബാംഗങ്ങളും പാ൪ട്ടി നേതാക്കളും പൊതുമുതൽ കൊള്ളയടിച്ച് കോടിക്കണക്കിന് പൗണ്ടാണ് രാജ്യത്തിനകത്തും പുറത്തുമുള്ള ബാങ്കുകളിൽ നിക്ഷേപിച്ചത്. സ്വിറ്റ്സ൪ലൻഡും അമേരിക്കയും ഉൾപ്പെടെ ഒരു ഡസനിലേറെ രാജ്യങ്ങൾ ഇത്തരം നിക്ഷേപങ്ങൾ മരവിപ്പിച്ചിട്ടുണ്ട്. ഇവ തിരികെ കൊണ്ടുവരേണ്ട ഉത്തരവാദിത്തം പുതിയ സ൪ക്കാറിനാണ്. ക്ഷേമരാഷ്ട്രമെന്ന സങ്കൽപം യാഥാ൪ഥ്യമാക്കാനുള്ള അജണ്ടകളും രൂപപ്പെടുത്തണം. സൈന്യത്തിൻെറ അമിതമായ ഇടപെടൽ ഇല്ലാത്ത ഒരു ഭരണത്തിനേ ഇതൊക്കെ സാധിക്കൂ.
niazabdullah@hotmail.com
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.