സി.പി.എമ്മില്‍ നാടുവാഴി പ്രവണത -പട്നായിക്

തിരുവനന്തപുരം: കേരള സി.പി.എമ്മിൽ നാടുവാഴിത്ത സ്റ്റാലിനിസ്റ്റ് പ്രവണതയെന്ന് സംസ്ഥാന ആസൂത്രണ ബോ൪ഡ് മുൻ ഉപാധ്യക്ഷനും പാ൪ട്ടി ബുദ്ധിജീവിയുമായ പ്രഭാത് പട്നായിക്. മറ്റിടങ്ങളിലും ഇതേ അവസ്ഥ തന്നെയാണ്. കേരളത്തിൽ ഈയിടെ ഉണ്ടായ സംഭവങ്ങൾ ഏറെ വേദനിപ്പിക്കുന്നതും ആശങ്ക ഉളവാക്കുന്നതുമാണെന്നും ടി.പി. ചന്ദ്രശേഖരൻ വധത്തിന്റെ പശ്ചാത്തലത്തിൽ അദ്ദേഹം വ്യക്തമാക്കുന്നു.
കോഴിക്കോട്ട് ചിന്ത രവി അനുസ്മരണ സെമിനാറിൽ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് ഇ-മെയിൽ വഴി നൽകിയ മറുപടിയിലാണ്  പട്നായിക് പ്രതികരിച്ചത്. ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം ആധിപത്യവത്കരിക്കപ്പെട്ട ബൂ൪ഷ്വാ ഉദാരവത്കരണത്തിന്റെയോ നാടുവാഴിത്ത സ്റ്റാലിനിസത്തിന്റെയോ ഭീഷണിയാണ് നേരിടുന്നത്. സാഷ്യലിസത്തെ അജണ്ടയിലേക്ക് കൊണ്ടുവരണമെങ്കിൽ സ്റ്റാലിനിസ്റ്റ് ഇതര മാ൪ക്സിസം പ്രാവ൪ത്തികമാക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ഇടത് സാംസ്കാരിക പ്രവ൪ത്തകനായിരുന്ന ചിന്ത രവിയുടെ അനുസ്മരണാ൪ഥം ജൂലൈ ഏഴിന് കോഴിക്കോട്ടാണ് ഗാന്ധിസവും മാ൪ക്സിസവും എന്ന വിഷയത്തിൽസംവാദം സംഘടിപ്പിക്കുന്നത്. കൊളംബിയൻ സ൪വകലാശാലയിലെ പ്രഫസറായ അകീൽ ബിൽഗ്രാമിയെയും പ്രഭാത് പട്നായിക്കിനെയുമാണ് പ്രഭാഷണത്തിന് ക്ഷണിച്ചത്. എന്നാൽ  പട്നായിക്കിനെ ഒഞ്ചിയത്തിനടുത്തുള്ള കോഴിക്കോട്ടെ പരിപാടിക്ക് ക്ഷണിക്കുന്നത് 52ാമത്തെ വെട്ടായിരിക്കുമെന്നായിരുന്നു വിമ൪ശം. ഇതിനുള്ള മറുപടിയിലാണ് ചിന്ത രവി സ്മാരക സംവാദത്തിൽ ഈ വിഷയങ്ങളെക്കുറിച്ച് വിമ൪ശാത്മകമായി സംസാരിക്കുമെന്ന് പട്നായിക് അറിയിച്ചിരിക്കുന്നത്.
കഴിഞ്ഞ എൽ.ഡി.എഫ് സ൪ക്കാറിൽ ആസൂത്രണ ബോ൪ഡ് ഉപാധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്നതിനെതിരെ പാ൪ട്ടിക്കുള്ളിലുള്ളവ൪ തന്നെ പിന്തിരിപ്പിക്കാൻ ശ്രമിച്ചുവെന്നും എന്നാൽ വി.എസിന്റെ വ്യക്തിപരമായ അഭ്യ൪ഥന കൊണ്ട് മാത്രമാണ് സ്വീകരിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. ഒഡിഷയിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപകരിൽ ഒരാളായ തന്റെ പിതാവിന്റെയും 37 വ൪ഷമായി സി.പി.എം അംഗമായ തന്റെയും പ്രവ൪ത്തനപാരമ്പര്യവും തൊഴിലാളി വ൪ഗത്തിന്റെ ബലിദാനവും എടുത്തുപറഞ്ഞാണ് സി.പി.എം നേതൃത്വത്തെ അദ്ദേഹം വിമ൪ശിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.