തൃശൂ൪: അനീഷ് രാജന്റെ കൊലയാളികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരത്ത് നടത്തിയ ഉപരോധത്തിന് നേരെയുണ്ടായ ലാത്തിച്ചാ൪ജിൽ പ്രതിഷേധിച്ച് വെള്ളിയാഴ്ച തൃശൂ൪ സ്വരാജ് റൗണ്ടിൽ എസ്.എഫ്.ഐ പ്രവ൪ത്തക൪ നടത്തിയ ഉപരോധസമരം പൊലീസുമായി ഏറ്റുമുട്ടലിൽ കലാശിച്ചു.
എസ്.എഫ്.ഐ ജില്ലാ കമ്മിറ്റി ഓഫിസിൽനിന്ന് രാവിലെ 11ന് ശേഷം ആരംഭിച്ച പ്രകടനം പാറമേക്കാവ് ക്ഷേത്രത്തിന് മുൻവശത്ത് എത്തിയപ്പോൾ റോഡ് ഉപരോധമായി മാറുകയായിരുന്നു. റൗണ്ടിലൂടെയുള്ള വാഹന ഗതാഗതം ഒരു മണിക്കൂറോളം സ്തംഭിച്ചു. സ്ഥലത്തെത്തിയ ഈസ്റ്റ് പൊലീസ് സമരക്കാരെ നീക്കാൻ തുടങ്ങിയപ്പോഴാണ് പ്രശ്നം വഷളായത്. ജീപ്പിൽ കയറ്റിയ വിദ്യാ൪ഥികൾ വീണ്ടും പുറത്തേക്ക് ഇറങ്ങിയതിനെത്തുട൪ന്ന് മറ്റ് വിദ്യാ൪ഥികൾ ചുറ്റും ഓടിക്കൂടി. പൊലീസുമായി ഉന്തും തള്ളും ആരംഭിച്ചതോടെ വിദ്യാ൪ഥികളെ നേരിടാൻ പൊലീസ് ലാത്തിച്ചാ൪ജ് നടത്തി. എതി൪ത്ത വിദ്യാ൪ഥികളെ ബലം പ്രയോഗിച്ച് അമ൪ച്ച ചെയ്തു. ഉപരോധസമരം ഉദ്ഘാടനം ചെയ്ത എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റ് എൻ.വി. വൈശാഖൻ, ജോയന്റ് സെക്രട്ടറി എൻ.ജി. ഗിരിരാജ് എന്നിവ൪ക്ക് പരിക്കേറ്റു. സംഭവമറിഞ്ഞ് ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി സി. സുമേഷ്, എസ്.എഫ്.ഐ സംസ്ഥാന ജോയന്റ് സെക്രട്ടറി പി.ബി. അനൂപ് എന്നിവ൪ സ്ഥലത്തെത്തി പൊലീസ് ഉദ്യോഗസ്ഥരുമായി ച൪ച്ച നടത്തി. വിദ്യാ൪ഥികളെ സ്ഥലത്ത് നിന്ന് മാറ്റി രംഗം ശാന്തമാക്കി.
അറസ്റ്റുചെയ്ത എസ്.എഫ്.ഐ പ്രവ൪ത്തകരെ മജിസ്ട്രേറ്റിനുമുന്നിൽ ഹാജരാക്കി ജാമ്യത്തിൽ വിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.