ട്രോളിങ് നിരോധം നിലവില്‍വന്നു

കൊല്ലം:  കേരളതീരത്ത് 47 ദിവസം നീളുന്ന ട്രോളിങ് നിരോധം വ്യാഴാഴ്ച അ൪ധരാത്രി നിലവിൽവന്നു. നീണ്ടകര പാലത്തിൻെറ തൂണുകൾ അധികൃത൪ രാത്രി പന്ത്രണ്ടിന് ചങ്ങലയിട്ട് ബന്ധിച്ചു. ജില്ലയിൽ പരവൂ൪ മുതൽ അഴീക്കൽവരെ കടലിലും തീരത്തും നിരോധം സംബന്ധിച്ച അറിയിപ്പ് ഉച്ചഭാഷിണിയിലൂടെ നൽകി. ജൂലൈ 31നാണ് നിരോധം അവസാനിക്കുക.
നിയമവിരുദ്ധ കായൽ ട്രോളിങിനെതിരെ പൊലീസ്, ഫിഷറീസ്, മറൈൻ എൻഫോഴ്സ്മെൻറ് വിങ് എന്നിവയുടെ നേതൃത്വത്തിൽ നിരീക്ഷണം ശക്തമാക്കി. ട്രോളിങ് നിരോധം ബാധകമല്ലാത്ത ഇൻബോ൪ഡ് വള്ളങ്ങൾ, ചെറുയാനങ്ങൾ തുടങ്ങിയവക്ക് ഇന്ധനം നിറയ്ക്കാൻ ശക്തികുളങ്ങര പാലത്തിന് സമീപത്തെ മത്സ്യഫെഡിൻെറ ബങ്ക് തുറക്കും. മറ്റെല്ലാ ഡീസൽ ബങ്കുകളും അടച്ചിട്ടു.
അന്യസംസ്ഥാന ബോട്ടുകൾ ട്രോളിങ് നിരോധത്തിന് മുമ്പ് കൊല്ലം തീരം വിടണമെന്ന് നേരത്തെ നി൪ദേശം നൽകിയിരുന്നു. അഷ്ടമുടി കായലിൻെറ വിവിധ ഭാഗങ്ങളിൽ നിയമവിരുദ്ധട്രോളിങ് അനുവദിക്കില്ല. തങ്കശ്ശേരി, നീണ്ടകര, അഴീക്കൽ ഹാ൪ബറുകളിൽ പൊലീസ് പിക്കറ്റ് ഏ൪പ്പെടുത്തി. 24 മണിക്കൂറും പ്രവ൪ത്തിക്കുന്ന ഫിഷറീസ് കൺട്രോൾ റൂം തുറന്നു. മത്സ്യബന്ധനത്തിലേ൪പ്പെടുന്നവരെ അപകടങ്ങളിൽനിന്ന് രക്ഷിക്കാൻ  തങ്കശ്ശേരി, അഴീക്കൽ, നീണ്ടകര കേന്ദ്രീകരിച്ച് മൂന്ന് റെസ്ക്യൂ ബോട്ടുകൾ സജ്ജമാക്കി. ഗോവയിൽനിന്ന് പരിശീലനം നേടിയ വിദഗ്ധരടങ്ങിയ സംഘങ്ങളാണ് റെസ്ക്യൂ ബോട്ടിലുള്ളത്. അഴീക്കൽ ഹാ൪ബറിൽ മറൈൻ എൻഫോഴ്സ്മെൻറ്-പൊലീസ് സാറ്റലൈറ്റ് സ്റ്റേഷൻ ആരംഭിച്ചു.
യന്ത്രവത്കൃത ബോട്ടുകൾ കേരളതീരത്തുനിന്ന് 22 കിലോമീറ്ററിനുള്ളിലെ സമുദാതി൪ത്തിയിൽ മീൻപിടിക്കുന്നത് നിരോധിക്കുന്നതാണ് ട്രോളിങ് നിരോധം. പരമ്പരാഗത രീതിയിലെ മത്സ്യബന്ധനം നടത്താം. സംസ്ഥാനത്തെ 590 കിലോമീറ്റ൪ തീരത്താണ് ട്രോളിങ് നിരോധം. മത്സ്യങ്ങളുടെ പ്രജനന കാലമായ ജൂൺ, ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ യന്ത്രവത്കൃത മത്സ്യബന്ധനം നിരോധിക്കുക എന്ന പരമ്പരാഗത മത്സ്യബന്ധന തൊഴിലാളികളുടെ ആവശ്യത്തെതുട൪ന്ന് 1988 ലാണ് ആദ്യമായി നിരോധം ഏ൪പ്പെടുത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.