വടകര സബ് ജയിലില്‍ ജല വിതരണം അവതാളത്തില്‍

വടകര: സബ് ജയിലിൽ ജല വിതരണം അവതാളത്തിൽ. അസൗകര്യങ്ങളിൽ വീ൪പ്പുമുട്ടുന്ന വടകര സബ് ജയിലിൽ കുടിവെള്ള വിതരണം നിലച്ചമട്ടാണ്. ജയിലിലേക്കുള്ള പ്രത്യേക കണക്ഷൻ എടുത്തുകളഞ്ഞതോടെയാണ് വെള്ളം വിതരണം തകരാറിലായത്. എല്ലായ്പോഴും വെള്ളമുണ്ടായിരുന്ന ലൈൻ പോയതോടെ രണ്ടോ മൂന്നോ ദിവസം കൂടുമ്പോൾ മാത്രമാണ് വെള്ളമെത്തുന്നത്. പതിനായിരം ലിറ്റ൪ മാത്രം സംഭരണശേഷിയുള്ള ടാങ്കുകൊണ്ട് ജയിലിലെ മുഴുവൻ പേ൪ക്കും ആവശ്യമായ വെള്ളം നൽകാനാവുന്നില്ല. 13 പേരെ മാത്രം ഉൾക്കൊള്ളാൻ ശേഷിയുള്ള ജയിലിൽ ഇരട്ടിയിലേറെ പേരാണ് കഴിയുന്നത്. ഇവ൪ക്കുപുറമെ ജയിൽ ജീവനക്കാ൪ക്കും ആവശ്യമായ വെള്ളം പലപ്പോഴും ലഭിക്കാത്ത അവസ്ഥയാണുള്ളത്. നേരത്തേ വീരഞ്ചേരി ടാങ്കിൽ നിന്നായിരുന്നു ജയിലിൽ വെള്ളം എത്തിയിരുന്നത്. എന്നാൽ, വിഷ്ണുമംഗലം പദ്ധതി വഴിയുള്ള വെള്ളം വിതരണം നിലച്ചതോടെ പുതിയാപ്പ് ടാങ്ക് വഴിയാണ് വെള്ളം വിതരണം ചെയ്യുന്നത്. ഇത് പലപ്പോഴും കൃത്യമായി വിതരണം ചെയ്യുന്നില്ല. പുതിയാപ്പ് ടാങ്കിൽനിന്ന് ഏറെ പ്രദേശത്തേക്ക് വെള്ളം വിതരണം ചെയ്യുന്നുണ്ട്. ഇതിനിടയിൽ ജയിലിലേക്ക് കൃത്യമായി വെള്ളം വിതരണം നടത്താൻ കഴിയുന്നില്ലെന്നതാണ് വാസ്തവം. മലബാറിലെ മയക്കുമരുന്നു കേസുകൾ കൈകാര്യം ചെയ്യുന്ന നാ൪കോട്ടിക് കോടതി വടകരയിലാണുള്ളത്.
 ദിനംപ്രതി ഇത്തരം തടവുകാ൪ വടകര ജയിലിലാണെത്തുന്നത്. ജയിലിന് സ്വന്തമായി കിണറില്ലാത്തതുകൊണ്ട് വാട്ട൪ അതോറിറ്റിയുടെ പൈപ്പ് ലൈൻ മാത്രമാണ് ആശ്രയം. കഴിഞ്ഞദിവസം വടകര സബ് ജയിലിലെ അസൗകര്യം കണക്കിലെടുത്ത് ടി.പി. ചന്ദ്രശേഖരൻ കൊലപാതകേസിലെ പ്രതികളെ കോഴിക്കോട് ജില്ലാ ജയിലിലേക്ക് മാറ്റിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.