തിരുവല്ല: നികത്തിയ പാടത്തെ മണ്ണ് നീക്കാൻ കലക്ട൪ ഉത്തരവിട്ടതിന് പിന്നാലെ സ്ഥലത്ത് ഉടമ വാഴയും തെങ്ങിൻ തൈയും നട്ടു. കലക്ടറുടെ ഉത്തരവ് വന്ന് 12 മണിക്കൂറിനുള്ളിലാണ് തൈകൾ നട്ടത്. നിയമം ലംഘിച്ച് നികത്തിയ പാടത്ത് കൃഷിയിറക്കിയത് വൻ പ്രതിഷേധത്തിനിടയാക്കി. ഇടതുപക്ഷ സംഘടനകളുടെ നേതൃത്വത്തിൽ വെട്ടിനിരത്തൽ സമരം അരങ്ങേറുമെന്ന് അഭ്യൂഹം പരന്നതോടെ സ്ഥലത്ത് പൊലീസ് കാവലുണ്ട്.
നിരണം വില്ലേജോഫിസ് അതി൪ത്തിയിൽ മണ്ണംതോട്ടുവഴി നിരണം റോഡിൽ ബ്ളോക് ഒന്നിൽ റീസ൪വേ 646-ഒമ്പതിൽപ്പെട്ട 37.15 ആ൪ പാടശേഖരത്താണ് അറുനൂറോളം വാഴകളും 65 തെങ്ങിൻ തൈയും വ്യാഴാഴ്ച രാത്രി നട്ടത്. ഡി.സി.സി ജനറൽ സെക്രട്ടറിയുടെയും ഭാര്യയുടെയും ഉടമസ്ഥതയിലെ ഒരേക്ക൪ പാടശേഖരം മണ്ണിട്ട് നികത്തിയത് 14 ദിവസത്തിനകം നീക്കണമെന്ന് കലക്ട൪ പി. വേണുഗോപാൽ ബുധനാഴ്ച ഉത്തരവിട്ടിരുന്നു. നിശ്ചിത ദിവസത്തിനുള്ളിൽ ഉടമ മണ്ണ് നീക്കിയില്ലെങ്കിൽ ഇത് നീക്കാനും ഉടമയിൽനിന്ന് 25,000 രൂപ പിഴ ഈടാക്കാനും തിരുവല്ല ആ൪.ഡി.ഒയെ കലക്ട൪ ചുമതലപ്പെടുത്തിയിരുന്നു. പാടശേഖരത്ത് അനധികൃതമായി മണ്ണിടുകയും കൃഷി ഇറക്കുകയും ചെയ്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷ സംഘടനകളും തദ്ദേശവാസികളും സ്ഥലം വെട്ടി നിരത്താൻ പദ്ധതിയിടുന്നെന്ന രഹസ്യാന്വേഷണ വിഭാഗത്തിൻെറ മുന്നറിയിപ്പിനെത്തുട൪ന്നാണ് പുളിക്കീഴ് എസ്.ഐ ബൈജു കെ. ജോസിൻെറ നേതൃത്വത്തിൽ പൊലീസ് ഇവിടെ പട്രോളിങ് ശക്തമാക്കിയുത്. എന്നാൽ, കലക്ടറിൻെറ ഉത്തരവിന് വിരുദ്ധമായാണ് പുളിക്കീഴ് പൊലീസ് പ്രവ൪ത്തിക്കുന്നതെന്ന് തദ്ദേശവാസികൾ പറയുന്നു. കലക്ടറുടെ ഉത്തരവിനെതിരെ കോടതിയിൽനിന്ന് സ്റ്റേ ഓ൪ഡ൪ ഉണ്ടെന്ന് പുളിക്കീഴ് എസ്.ഐയെ ധരിപ്പിച്ചാണ് പൊലീസ് പട്രോളിങ് ഏ൪പ്പെടുത്തിയത്. നിരണത്ത് വ്യാപകമായി അനധികൃത നിലം നികത്തൽ നടക്കുന്നത് സംബന്ധിച്ച് തിരുവല്ല ആ൪.ഡി.ഒക്കും തഹസിൽദാ൪ക്കും തദ്ദേശവാസികൾ രേഖാമൂലം പരാതി നൽകിയിരുന്നു. എന്നാൽ, അധികൃതരുടെ ഒത്താശയോടെ പാടശേഖരം നികത്തിയതോടെ ജില്ലാ കലക്ട൪ക്ക് തദ്ദേശവാസികൾ പരാതി നൽകി. തുട൪ന്ന് കലക്ട൪ സ്ഥലം സന്ദ൪ശിച്ച് മേൽനടപടി സ്വീകരിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.