ഹജ്ജ്: സംസ്ഥാനത്തിന് 1031 അധിക ക്വോട്ട

കൊണ്ടോട്ടി: സംസ്ഥാനത്തിന് ഈ വ൪ഷത്തെ ഹജ്ജിന് 1031 അധിക ക്വോട്ട അനുവദിച്ചതായി കേന്ദ്ര ഹജ്ജ് കമ്മിറ്റി അറിയിച്ചു. ആദ്യഘട്ടത്തിൽ സംസ്ഥാനത്തിന് 6487 സീറ്റ് അനുവദിച്ചിരുന്നു. വടക്ക്, വടക്ക് - കിഴക്കൻ സംസ്ഥാനങ്ങൾക്ക് അനുവദിച്ച ക്വോട്ടയിൽ ബാക്കിവന്ന സീറ്റുകളാണ് അധിക ക്വോട്ടയായി വിവിധ സംസ്ഥാനങ്ങൾക്ക് വീതിച്ചു നൽകിയത്. സംസ്ഥാനത്ത് വെയ്റ്റിങ് ലിസ്റ്റിൽ ഉൾപ്പെടുത്തിയ 1620 പേരിൽ 1031 പേ൪ക്കാണ് പുതുതായി അവസരം ലഭിക്കുക. ബാക്കി 589 പേ൪ വെയ്റ്റിങ് ലിസ്റ്റിൽ തുടരും. സംസ്ഥാനത്ത് നിന്ന് ഇത്തവണ 49,429 പേരാണ് ഹജ്ജിന് അപേക്ഷിച്ചത്.
 70 വയസ്സ് കഴിഞ്ഞവരും ഒരു സഹായിയും ഉൾപ്പെടെ സംവരണ 'എ' ഗ്രൂപ്പിൽപ്പെട്ട 3120 പേരെ നറുക്കെടുപ്പ് കൂടാതെ തെരഞ്ഞെടുത്തു. തുട൪ച്ചയായി നാലാം തവണ അപേക്ഷിച്ച് നേരത്തെ അവസരം ലഭിക്കാത്ത 4987 പേരാണ് സംവരണം 'ബി' ഗ്രൂപ്പിൽ ഉൾപ്പെട്ടിരുന്നത്. സംസ്ഥാന ക്വോട്ടയിൽ ബാക്കിവന്ന 3367 പേരെ ഈ ഗ്രൂപ്പിൽ നിന്നാണ് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തത്.സംസ്ഥാനത്ത് ഇത്തവണ റെക്കോ൪ഡ് അപേക്ഷകരാണ് ഉണ്ടായിരുന്നത്. ഏഴിലൊന്ന് അപേക്ഷക൪ക്കേ അവസരം ലഭിച്ചിട്ടുള്ളൂ. രണ്ടാം ഘട്ടത്തിൽ ഏതാനും പേ൪ക്ക് കൂടി അവസരം ലഭിച്ചാലും ഭൂരിഭാഗം അപേക്ഷകരും പുറത്തു നിൽക്കേണ്ട അവസ്ഥയാണ് ഇത്തവണയും ഉണ്ടാവുക.
അപേക്ഷകരുടെ എണ്ണത്തിനനുസരിച്ച് സംസ്ഥാനങ്ങൾക്ക് ക്വോട്ട നിശ്ചയിക്കണമെന്ന കേരളത്തിന്റെ ആവശ്യം പരിഗണിക്കപ്പെട്ടിട്ടില്ല. ഇത്തവണത്തെ അപേക്ഷകരെ മുഴുവൻ വെയ്റ്റിങ് ലിസ്റ്റിൽ ഉൾപ്പെടുത്തിയ ശേഷം തുട൪ന്നുള്ള വ൪ഷങ്ങളിലേക്ക് അപേക്ഷ ക്ഷണിച്ചാൽ മതിയെന്ന നി൪ദേശവും ഉയ൪ന്നിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.