എങ്ങും അമര്‍ഷം; വോട്ടുപോയ വഴിയറിയാതെ പാര്‍ട്ടികള്‍

നെയ്യാറ്റിൻകര: ആവേശത്തോടെ വോട്ടിടാൻ വന്നെങ്കിലും നെയ്യാറ്റിൻകരക്കാരുടെ മുഖത്ത് അമ൪ഷവും വാക്കുകളിൽ പ്രതിഷേധവും പ്രകടമായിരുന്നു. ശരീരഭാഷയിലാകട്ടെ നി൪ബന്ധിതാവസ്ഥക്ക് കീഴടങ്ങുന്നതിലെ വിസമ്മതവും. ഓരോ പാ൪ട്ടിക്കാരനും അതിന് അവരുടേതായ കാരണങ്ങളുണ്ട്. വോട്ട് ചെയ്യാനെത്തിയെങ്കിലും അവരത് മറച്ചുവെച്ചുമില്ല.
മണ്ഡലത്തിലെ ഏറ്റവും ഉയ൪ന്ന പോളിങ് നിരക്കുകളിലൊന്ന് രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പിൽ വോട്ട൪മാരുടെ ഈ മനോഭാവം പാ൪ട്ടികളെയും നേതാക്കളെയും കുഴയ്ക്കുകയാണ്.
സ്വന്തം പാ൪ട്ടിക്കാരുടെ വോട്ടുപോലും പോയ വഴിയേതെന്ന് വ്യക്തമാകാത്തതിനാൽ അവ൪ക്ക് സ്വന്തം കണക്കുകളെ സംശയമാണ്. മണ്ഡലത്തിൻെറ സാമൂഹികഘടനയിലെ സങ്കീ൪ണതകൾക്കും ഈ ആശയക്കുഴപ്പത്തിൽ വലിയ പങ്കുണ്ട്. അസമയത്ത് തെരഞ്ഞെടുപ്പ് വന്നതിൻെറ അമ൪ഷം പരക്കെയുണ്ട്. അതിൽ നാട്ടുകാരുടെ മുഖ്യപ്രതി യു.ഡി.എഫ് സ്ഥാനാ൪ഥി ആ൪. ശെൽവരാജ് തന്നെ. എല്ലാ പാ൪ട്ടിക്കാരും ഇത് പങ്കുവെക്കുന്നുമുണ്ട്. അക്കൂട്ടത്തിൽ കോൺഗ്രസുകാരുമുണ്ട് എന്നതാണ് യു.ഡി.എഫിൻെറ തലവേദന.
പൊഴിയൂരിലെ 121ാം നമ്പ൪ ബൂത്തിൽ വോട്ടുചെയ്തിറങ്ങിയ ഒരു വൃദ്ധൻ പറയുന്നു: ‘ഞാൻ കോൺഗ്രസുകാരനാണ്. ഇതുവരെ വേറെ ആ൪ക്കും വോട്ട് ചെയ്തിട്ടില്ല. എന്നാൽ ഇത്തവണ ഇടതിന് ചെയ്തു. ഒരുകൊല്ലം മുമ്പ് വോട്ട് വാങ്ങി പോയ ആൾ വീണ്ടും വരുന്നതെന്തിനാണ്?’
ഈ ചോദ്യത്തിന് കോൺഗ്രസിൻെറ കൈയിൽ ഉത്തരങ്ങൾ പലതുണ്ട്. അതിലൊന്ന് സി.പി.എമ്മിൻെറ അക്രമരാഷ്ട്രീയമാണ്. എന്നാൽ ചന്ദ്രശേഖരൻ വധത്തോടെ അക്രമരാഷ്ട്രീയത്തിലെ ഈ വേവലാതി സി.പി.എമ്മുകാരെയും ബാധിച്ചിട്ടുണ്ട്. അതിയന്നൂ൪ ശാസ്താംതലയിലെ അടിയുറച്ച പാ൪ട്ടി പ്രവ൪ത്തകൻ പറയുന്നു: ‘ശെൽവരാജ് ചതിയനാണ്. എന്നാലും ഇപ്പോൾ പാ൪ട്ടിക്ക് വോട്ട് ചെയ്യില്ല.’ വേറെയാ൪ക്ക് ചെയ്യുമെന്ന് അയാൾ പറഞ്ഞില്ലെങ്കിലും കമുകിൻകോടിലെ മറ്റൊരു സി.പി.എം വോട്ട൪ അതിന് മടിച്ചില്ല: ‘ആ൪ക്കും ചെയ്യില്ല.
ശെൽവരാജിന് ചെയ്യാൻ പറ്റില്ല.’ തൊട്ടടുത്ത് നിന്ന പാ൪ട്ടിയിലെ സഹപ്രവ൪ത്തകനെ ചൂണ്ടി അയാൾ തുട൪ന്നു: ‘ഇവനൊക്കെ പറയുമ്പോലെ രാജഗോപാലിന് ഒരിക്കലും കുത്തുകയുമില്ല.’ ഈ രണ്ട് പാ൪ട്ടിക്കാരുടെയും ഇത്തരം ആശയക്കുഴപ്പമാണ് ബി.ജെ.പിയുടെ പ്രതീക്ഷ. എന്നാൽ സ്വന്തം പാ൪ട്ടിക്ക് വോട്ട് ചെയ്യാൻ മടിയുള്ള ബി.ജെ.പിക്കാരും ഈ മണ്ഡലത്തിലുണ്ട്. അതിലൊരാളുടെ കാരണമിതാണ്: ‘ബി.ജെ.പി ജയിക്കില്ല. എന്നാലും ചില൪ മാത്രം എപ്പോഴും സ്ഥാനാ൪ഥിയായി വരുന്നു. പിന്നെ, ശെൽവരാജ് ചെയ്തത് ശരിയല്ല. എന്നാലും സി.പി.എമ്മിനെ ഇപ്പോൾ തോൽപിക്കേണ്ടതുമുണ്ട്.’ സ്വന്തം പാ൪ട്ടിയെ രക്ഷിക്കാൻ എതി൪പാ൪ട്ടികൾക്ക് വോട്ട് ചെയ്യാൻ തീരുമാനിച്ച വോട്ട൪മാരുടെ മനസ്സ് വായിക്കാൻ കഴിയാത്തതാണ് പാ൪ട്ടികളെ വലയ്ക്കുന്നത്.
ഏറെ പറഞ്ഞുകേട്ട ജാതി രാഷ്ട്രീയവും വിചിത്രമായ പരിസമാപ്തിയിലാണ്. അവസാന മണിക്കൂറിൽ അമരവിള താന്നിമൂട്ടിലെ ബൂത്തിൽ വോട്ട് ചെയ്തിറങ്ങിയ ഒരാളുടെ സംശയം: ‘രാജഗോപാൽ രണ്ടാമതെത്തുമെന്ന് ചില൪ പറയുന്നുണ്ട്. ലോറൻസ് മൂന്നാമതും. അങ്ങനെ വരുമോ?’ അതിന് മറ്റൊരു വോട്ടറുടെ മറുപടി: ‘അതായാലും കുഴപ്പമില്ല. ഒന്നാമത് നാടാ൪ തന്നെയാകുമല്ലോ? അത് മതി. എന്നാലും ഒന്നും രണ്ടും കിട്ടണം. എങ്കിലേ ശരിയാകൂ.’ ജാതിവാദത്തിൻെറ ഈ വിചിത്ര ന്യായങ്ങളും പാ൪ട്ടികളെ ആശങ്കയിലാഴ്ത്തുന്നു. രണ്ട് പ്രമുഖ മുന്നണികളും ഒരേജാതി പരീക്ഷിച്ചപ്പോൾ കളംമാറ്റിയത് ബി.ജെ.പിയാണ്. എന്നിട്ടും ബി.ജെ.പിക്ക് പ്രതീക്ഷിക്കാൻ വകയൊത്തിട്ടില്ല.  
സ്ത്രീകളും പുരുഷന്മാരും ഏതാണ്ട് തുല്യ നിലയിൽ വോട്ട് ചെയ്തിട്ടുണ്ടെങ്കിലും പുരുഷ വോട്ടുകൾ രാഷ്ട്രീയ വോട്ടായാണ് പാ൪ട്ടികൾ കാണുന്നത്. അപ്പോൾ സ്ത്രീസാന്നിധ്യം ഏത് നിലപാടിനെ പ്രതിനിധീകരിക്കുന്നുവെന്നതും പാ൪ട്ടികളെ ഉത്തരം മുട്ടിക്കുന്നു. മൊത്തം സ്ത്രീകൾ തങ്ങൾക്കനുകൂലമെന്നാണ് ബി.ജെ.പി വാദം.
സ്ത്രീസാന്നിധ്യത്തിന് പിന്നിൽ സഭയുടെ ഉത്തരവുണ്ടെന്ന് ഇടതുപക്ഷ ആശ്വാസം. അത് അക്രമരാഷ്ട്രീയത്തോടുള്ള വിയോജിപ്പാകുമെന്ന് യു.ഡി.എഫിൻെറ പ്രതീക്ഷയും. ഇതിനെല്ലാമപ്പുറം സ്ത്രീപക്ഷ രാഷ്ട്രീയമതിലുണ്ടാകാമെന്ന് ആരുടെ കണക്കിലുമില്ല. അതുകൂടി കൂട്ടിയാൽ കണക്കുകൾ പിഴയ്ക്കുകയും ചെയ്യും.
ഇത്തരം അസാധാരണ കാരണങ്ങൾ സൃഷ്ടിച്ച അവ്യക്തതകളാണ് മണ്ഡലത്തിൻെറ യഥാ൪ഥ ജനവിധി നി൪ണയിച്ചിരിക്കുന്നത്. ആ കാഴ്ച തെളിയാൻ വോട്ടെണ്ണുംവരെ കാത്തിരിക്കണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.