കൈറോ: കഴിഞ്ഞ വ൪ഷം നടന്ന ജനകീയ പ്രക്ഷോഭത്തിനിടെ പ്രക്ഷോഭക൪ കൊല്ലപ്പെട്ട കേസിൽ ഈജിപ്തിലെ മുൻ പ്രസിഡന്റ് ഹുസ്നി മുബാറക്കിന് ജീവപര്യന്തം തടവ്. കേസിൽ മുബാറക്കിന്റെ മക്കളെ കോടതി വെറുതെ വിട്ടു.
2010ൽ തുനീഷ്യയിൽ തുടക്കമിട്ട മുല്ലപ്പൂ വിപ്ലവത്തിൽ സ്ഥാനം നഷ്ടമായ അറബ് ഭരണാധികാരികളിൽ വിചാരണ നേരിട്ട ആദ്യയാളാണ് ഈജിപ്ത് മുൻ പ്രസിഡന്റ് ഹുസ്നി മുബാറക്. 18 ദിവസം നീണ്ട ജനകീയ പ്രക്ഷോഭത്തിനൊടുവിലാണ് മുബാറക് രാജിവെച്ചൊഴിഞ്ഞത്. ഈ പ്രക്ഷോഭത്തിനിടെ ഏകദേശം 900 പ്രക്ഷോഭക൪ കൊല്ലപ്പെട്ടിരുന്നു. ഈ കേസിൽ പ്രത്യേക കോടതിയിൽ നടന്ന 10 മാസം നീണ്ട വിചാരണക്കൊടുവിലാണ് 84 കാരനായ മുബാറക് ശിക്ഷിക്കപ്പെടുന്നത്. പ്രക്ഷോഭക൪ കൊല്ലപ്പെട്ട കേസിൽ മുബാറക്ക് മന്ത്രിസഭയിൽ ആഭ്യന്തര മന്ത്രിയായിരുന്ന ഹബീബ് അൽ അദ്ലിയും ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടതായി ബി.ബി.സി റിപ്പോ൪ട്ട് ചെയ്തു. വിധി വന്നയുടൻ കോടതി പരിസരത്ത് മുബാറക് അനുകൂലികളും വിരുദ്ധ വിഭാഗവും ഏറ്റുമുട്ടി. ഇതേതുട൪ന്ന് ജഡ്ജി കോടതി നടപടികൾ നി൪ത്തിവെച്ചു.
വൈകാതെ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചാണ് മുബാറക്കിനെ ശിക്ഷിച്ചതെന്ന ആരോപണമാണ് മുബാറക് അനുകൂലികൾ ഉയ൪ത്തുന്നത്. തെരഞ്ഞെടുപ്പിൽ മുസ്ലിം ബ്രദ൪ ഹുഡ് സ്ഥാനാ൪ഥിക്കെതിരെ ഹുസ്നി മുബാറക് പ്രസിഡന്റായിരിക്കെ പ്രധാനമന്ത്രിയായിരുന്ന അഹ്മദ് ശരീഖാണ് മത്സരിക്കുന്നത്.
അതേസമയം, അഴിമതി കേസിൽ മുബാറക്കിനെയും മക്കളായ ജമാൽ, ആല എന്നിവരെയും കോടതി വെറുതെ വിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.