കാപ്പിക്കുരു; വിളവുണ്ട്​; വിലയില്ല

നെടുങ്കണ്ടം: കാപ്പിക്കുരു വിളവെടുപ്പ് സീസണ്‍ ആരംഭിച്ചതോടെ വിലയുമില്ല വിളവെടുക്കാന്‍ തൊഴിലാളികളുമില്ല. നഷ്ടങ്ങളുടെ കണക്ക് നിരത്തി കാപ്പി കര്‍ഷകര്‍. കാപ്പിക്കുരുവിന്‍റെ വിലയില്‍ വന്‍ ഇടിവാണ് അനുഭവപ്പെടുന്നത്. രണ്ട് മാസത്തിനിടെ ഒരുകിലോ റോബസ്റ്റ കാപ്പിക്കുരുവിന്‍റെ വില 50ഉം കാപ്പി പരിപ്പിന്റെ വില 75 രൂപയും കുറഞ്ഞു.

അതോടൊപ്പം വിളവെടുപ്പ് സമയത്ത് തൊഴിലാളികളെ കിട്ടാനില്ലാത്തത് ചെറുകിട കര്‍ഷകരെ ഏറെ പ്രതിസന്ധിയിലാക്കുന്നു. തൊഴിലാളികള്‍ക്ക് നല്‍കേണ്ടിവരുന്ന ഉയര്‍ന്ന കൂലിയും ചെറുകിട കര്‍ഷകരെ വെട്ടിലാക്കുന്നുണ്ട്. രണ്ടുമാസം മുമ്പ് റോബസ്റ്റ കാപ്പിക്കുരുവിന് 240 രൂപയായിരുന്നത് ഡിസംബര്‍ അവസാനത്തോടെ 190 രൂപയായി.

കാപ്പിപരിപ്പിന് രണ്ടുമാസം മുമ്പുണ്ടായിരുന്ന 450 രൂപ 325 ആയി കുറഞ്ഞു. 2021 ഡിസംബറില്‍ കാപ്പിക്കുരുവിന് 80ഉം പരിപ്പിന് 140 രൂപയുമായിരുന്നു. 2022ല്‍ കുരുവിന് 93ഉം പരിപ്പ് വില 175 രൂപയുമായിരുന്നു. 2024ല്‍ കാപ്പിക്കുരുവില 222ഉം പരിപ്പ് വില 395 രൂപയുമായിരുന്നു. 

ജില്ലയില്‍ കാപ്പി കൃഷി ചെയ്യുന്നത് 20,000 കർഷകർ

ജില്ലയില്‍ കാപ്പി കൃഷിചെയ്യുന്ന 150ഓളം വന്‍കിട എസ്റ്റേറ്റുകളും 20,000ഓളം ചെറുകിട കര്‍ഷകരുമാണുള്ളത്. സീസണില്‍ ഒറ്റത്തവണ ലഭിക്കുന്ന വിളവിനെ ആശ്രയിച്ച കഴിയുന്ന ഇവരുടെ ദുരിതത്തിന് വര്‍ഷങ്ങളായി മാറ്റമുണ്ടാകുന്നില്ല.

ദിവസം 800ലധികം രൂപ കൂലി നല്‍കിയാല്‍ മാത്രമേ കാപ്പിക്കുരു വിളവെടുപ്പിന് തൊഴിലാളികളെ ലഭിക്കൂ. എല്ലാ സമയത്തും പണി ഇല്ലാത്തതിനാല്‍ ചെറുകിട തോട്ടങ്ങളില്‍ തൊഴിലാളികളെ ലഭിക്കാനും ബുദ്ധിമുട്ടാണ്. അഥവ തൊഴിലാളികളെ ലഭിച്ചാല്‍പോലും ഉൽപന്നത്തിന്റെ വിലയുമായി തട്ടിച്ചുനോക്കിയാല്‍ നഷ്ടം മാത്രമാണ് കര്‍ഷകര്‍ക്ക് മിച്ചം. അതിനാല്‍ സ്വന്തമായി വിളവെടുക്കുന്ന കര്‍ഷകരുമുണ്ട്. പലരും അന്തര്‍സംസ്ഥാന തൊഴിലാഴികളെ ഉപയോഗിച്ചാണ് വിളവെടുപ്പ് നടത്തുന്നത്.

വിളവെടുപ്പ് വൈകുമ്പോള്‍ കാപ്പിക്കുരു പഴുത്ത് പക്ഷികളും മറ്റും ഭക്ഷിക്കുന്നതും കര്‍ഷകര്‍ക്ക് വന്‍ തിരിച്ചടിയാവുന്നുണ്ട്. മുന്‍ വര്‍ഷങ്ങളില്‍ കാലാവസ്ഥ വ്യതിയാനവും മറ്റും മൂലം ഉൽപദനത്തെ സാരമായി ബാധിച്ചിരുന്നു. ഇത്തവണ ഭേദപ്പെട്ട വിളവുണ്ടെങ്കിലും വിലയില്‍ ഇടിവുണ്ടാകുന്നത് കര്‍ഷകരെ ആശങ്കപ്പെടുത്തുന്നുണ്ട്. കര്‍ഷകരെ സഹായിക്കാന്‍ കേന്ദ്ര സര്‍ക്കാറോ കോഫി ബോർഡോ നടപടി സ്വീകരിക്കാത്തതും തിരിച്ചടിയായി.

Tags:    
News Summary - coffee beans have no price in market

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.