ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടുപോത്ത്​

കാട്ടുപോത്ത്​ ആക്രമണം; ഭീതിയിൽ ജനം

തൊടുപുഴ: ഉടുമ്പന്നൂരിന് സമീപം മഞ്ചിക്കല്ലിൽ കാട്ടുപോത്തിന്‍റെ ആക്രമണം. പുലര്‍ച്ച റബര്‍ ടാപ്പിങ്ങിന് പോയ ഉടുമ്പന്നുര്‍ മഞ്ചിക്കല്ല് സ്വദേശികളായ കൂവക്കാട്ടില്‍ മുരളി (63), പുരയിടത്തില്‍ സാബു (62) എന്നിവര്‍ക്കുനേരെയാണ് കാട്ടുപോത്തിന്റെ ആക്രമണം ഉണ്ടായത്.

കൈയുടെ എല്ല് പൊട്ടിയ മുരളിയെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സാബുവിനും കൈക്ക് പരിക്കേറ്റങ്കിലും സാരമുള്ളതല്ല. ശനിയാഴ്ച പുലര്‍ച്ച 3.30ഓടെ മഞ്ചിക്കല്ല് ഒലിവിരിപ്പ് മേഖലയിലാണ് കാട്ടുപോത്ത് എത്തിയത്. വീട്ടില്‍നിന്ന് രാവിലെ റബര്‍ ടാപ്പിങ്ങിനായി പതിവുപോലെ പോകുകയിരുന്നു ഇരുവരും.

സ്‌കൂട്ടറില്‍ പോവുകയായിരുന്ന സാബു റോഡിന് മുന്നില്‍ കാട്ടുപോത്തിനെ കണ്ട് വാഹനം വെട്ടിച്ചുമാറ്റി. എന്നാല്‍, കൊമ്പുകൊണ്ട് കൈക്ക് ചെറിയ പരിക്കേറ്റെങ്കിലും കാട്ടുപോത്തിന്റെ ആക്രമണത്തില്‍നിന്നും രക്ഷപ്പെട്ടു. തുടര്‍ന്ന് മുന്നോട്ട് പോകുമ്പോഴാണ് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ പരിക്കേറ്റ നിലയില്‍ മുരളി റോഡില്‍ കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് വീട്ടുകാരെയും നാട്ടുകാരെയും വിവരം അറിയിച്ച് മുരളിയെ ആശുപത്രിയിലാക്കുകയായിരുന്നു.

നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് രാവിലെ മുതല്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി മേഖലയില്‍ പരിശോധന നടത്തിയെങ്കിലും കാട്ടുപോത്തിനെ കണ്ടെത്താനായില്ല. പിന്നീട് വനംവകുപ്പ് ഫ്ലൈയിങ് സ്‌ക്വാഡും വേളൂര്‍, പെരിങ്ങാശ്ശേരി സെക്ഷന്‍ ഉദ്യോഗസ്ഥരും കരിമണ്ണൂര്‍ പൊലീസും ദുരന്തനിവാരണ സേനയും ജനപ്രതിനിധികളും നാട്ടുകാരും ചേര്‍ന്ന് വ്യാപക തിരച്ചില്‍ നടത്തിയെങ്കിലും കാട്ടുപോത്ത് കാണാമറയത്തു തന്നെയായിരുന്നു. ഉച്ചക്കുശേഷം ഇടമറുക്, കാരുക്കാപ്പള്ളി, വാളകത്തിപ്പാറ എന്നിവിടങ്ങളിലും കാട്ടുപോത്തിനെ കണ്ടതായി നാട്ടുകാർ പറഞ്ഞു.

പല വീടുകളുടെയും മുന്നിലൂടെയും ഓടിമാറുന്നതിനാൽ ജനങ്ങൾ ഭീതിയയിലാണ്. പെരിങ്ങാശ്ശേരി സെക്ഷന്‍ ഉദ്യോഗസ്ഥര്‍ നടത്തിയ തിരച്ചിലില്‍ ചീനിക്കുഴി ഭാഗത്ത് കാട്ടുപോത്തിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ജനവാസ മേഖലയായതിനാല്‍ പ്രദേശവാസികളോട് ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ജനങ്ങളുടെ ആശങ്ക അകറ്റണമെന്ന് ആവശ്യം

ഉടുമ്പന്നൂർ പഞ്ചായത്തിലെ മഞ്ചിക്കല്ലിൽ പുലർച്ച ഉണ്ടായ കാട്ടുപോത്ത് ആക്രമണത്തിൽ പൊതുജനങ്ങൾക്കുണ്ടായ ആശങ്ക പരിഹരിക്കാൻ വനം, പൊലീസ്, പഞ്ചായത്ത്, റവന്യൂ വകുപ്പ് അധികൃതർ അടിയന്തരമായി ഇടപെടണമെന്ന് മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റും പ്രദേശവാസിയുമായ എം. ലതീഷ് ആവശ്യപ്പെട്ടു. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും ആക്രമിച്ച കാട്ടുപോത്തിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല.

കാർഷിക മേഖലയായ ഈ പ്രദേശത്ത് അർധരാത്രിയിലും പുലർച്ചയും ടാപ്പിങ് നടത്തിയാണ് പല കുടുംബങ്ങളും ജീവിക്കുന്നത്. കാൽപാടുകൾ പരിശോധിച്ച ശേഷം ആക്രമിച്ചത് നാട്ടിലുള്ള പോത്താണെന്ന് ചില വനം വകുപ്പ് ഉദ്യോഗസ്ഥർ പ്രതികരിച്ചത് നാട്ടുകാർക്കിടയിൽ ശക്തമായ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

വിവിധ വകുപ്പുകളുടെ സംയുക്ത പരിശോധനയിലൂടെ പോത്തിനെ കണ്ടെത്തി ജനവാസമേഖലയിൽനിന്ന് മാറ്റാൻ അടിയന്തര നടപടി ഉണ്ടാവണം. ആദ്യമായാണ് ഈ പ്രദേശത്ത് ജനങ്ങൾക്കു നേരേ വന്യജീവികളുടെ ആക്രമണം ഉണ്ടാകുന്നത്. ആക്രമണത്തിൽ പരിക്കേറ്റവർക്ക് വനം വകുപ്പ് സൗജന്യ ചികിത്സ ഉറപ്പുവരുത്തണം. ഗ്രാമപഞ്ചായത്ത് ദുരിതാശ്വാസ നിധിയിൽനിന്നും അടിയന്തര സഹായം അനുവദിക്കണമെന്നും ലതീഷ് ആവശ്യപ്പെട്ടു

Tags:    
News Summary - Wild buffalo attack; people in fear

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.