തൊടുപുഴ: 10 മാസത്തിനിടെ ജില്ലയിൽ രാസലഹരിയുമായി എക്സൈസ് പിടയിലായത് 1052 പേർ. ജില്ലയിലെ വിവിധ എക്സൈസ് റേഞ്ച് ഓഫിസ് പരിധികളിൽനിന്നാണ് പ്രതികൾ വലയിലായത്. മുൻ വർഷത്തെ അപേക്ഷിച്ച് കേസുകൾ വർധിക്കുന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇതോടൊപ്പം പൊലീസ് രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം കൂടിയാകുമ്പോൾ രാസലഹരി കേസിൽ പിടിയിലായവരുടെ എണ്ണം ഇതിനിരട്ടിയാകും.
ജില്ലയിൽ രജിസ്റ്റർ ചെയ്തത് 1056 കേസുകൾ
10 മാസത്തിനിടെ ജില്ലയിൽ 1056 എൻ.ഡി.പി.എസ് കേസുകളാണ് എക്സൈസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഈ കേസുകളിലായാണ് 1052 പേർ അറസ്റ്റിലായിട്ടുള്ളത്. പിടിയിലായവരിൽ ബഹുഭൂരിപക്ഷവും 18-30 പ്രായപരിധിയിലുള്ളവരാണ്. ഇക്കൂട്ടത്തിൽ പെൺകുട്ടികളുമുണ്ട്. എൻ.ഡി.പി.എസ് കേസുകളിൽ പോയ വർഷം ഏറ്റവും കൂടുതൽ പേർ അറസ്റ്റിലായത് കഴിഞ്ഞ ആഗസ്റ്റിലാണ്. 135 പേരാണ് പിടിയിലായത്. 131 കേസുകളിലായാണിത്രയും പേർ അറസ്റ്റിലായത്. ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലടക്കം കേന്ദ്രീകരിച്ചാണ് ലഹരി മാഫിയയുടെ പ്രവർത്തനം. വിനോദ സഞ്ചാരികളടക്കമുള്ളവരാണ് ഇവരുടെ ഉപഭോക്താക്കളാകുന്നത്. പിടിയിലാകുന്നവരിൽ പലരും മയക്കുമരുന്ന് ലോബിയുടെ കാരിയർമാരും ഏജൻറുമാരുമാണ്. പ്രധാനികൾ ഇപ്പോഴും കാണാമറയത്താണ്. അതുകൊണ്ട് തന്നെ ലഹരി മാഫിയയുടെ പ്രവർത്തനങ്ങൾക്ക് തടയിടാൻ വകുപ്പിന് കഴിയുന്നുമില്ല.
അബ്കാരി കേസിൽ പിടിയിലായത് 1088 പേർ
ജില്ലയിൽ 10 മാസത്തിനിടെ അബ്കാരി കേസിൽ പിടികൂടിയത് 1088 പേരെയാണ്. 1130 കേസുകളിലായാണിത്രയും പേർ വലയിലായത്.വ്യാജ മദ്യ നിർമാണം, അവധി ദിവസങ്ങളിലെ മദ്യ വിൽപന, അനധികൃത മദ്യവിപണനം തുടങ്ങി വിവിധ പ്രവർത്തനങ്ങളിലേർപ്പെട്ടവരാണിവർ. രാസ ലഹരിക്കേസുകളിൽ പിടിയിലാകുന്നവരിൽ ഭൂരിഭാഗവും യുവാക്കളാണെങ്കിലും അബ്കാരി കേസുകളിൽ പിടിയിലാകുന്നവരിലേറെയും മധ്യവയസ്കരോ അത് പിന്നിട്ടവരോ ആണ്. പിടിയിലാകുന്നവരിൽ പലരും സമാനകുറ്റകൃത്യം ആവർത്തിക്കുന്നവരുമാണെന്നും വിവരങ്ങൾ വ്യക്തമാക്കുന്നുണ്ട്.
പ്രതിസന്ധിയായി ജോലി ഭാരം
ലഹരിയധിഷ്ടിത കുറ്റകൃത്യങ്ങൾ വർധിക്കുമ്പോഴും തടയിടേണ്ട എക്സൈസ് വകുപ്പാകട്ടെ ജോലി ഭാരത്താൽ വലയുകയാണ്. ജീവനക്കാരുടെ കുറവും വാഹനങ്ങളടക്കമുള്ളവയുടെ അഭാവവുമാണ് ഇതിൽ പ്രധാന വില്ലൻ. ദൈനം ദിന പ്രവർത്തനങ്ങളും അന്വേഷണും മറ്റ് നിയമ നടപടികളുമെല്ലാം വകുപ്പിലെ ജീവനക്കാരുടെ നടുവൊടിക്കുകയാണെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. ഇതിന് പുറമെയാണ് ബോധവത്കരണ പ്രവർത്തനങ്ങളുടെ ചുമതലകൾ ഇരട്ടി ഭാരം നൽകുന്നത്. വിമുക്തി പദ്ധതിയുടെ ഭാഗമായി സ്കൂളുകളിലും മറ്റ് പൊതുസമൂഹങ്ങളിലും നടക്കുന്ന ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ചുമതലയും എക്സൈസിനാണ്. ഇതിനായി റേഞ്ചുകളിൽ ഒരു ഉദ്യോഗസ്ഥന് ചുമതലയുമുണ്ട്. ഇതും ആൾക്ഷാമത്തിന് കാരണമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇതേസമയം തന്നെ വിമുക്തി പ്രവർത്തനങ്ങളും താളം തെറ്റുകയാണെന്ന പരാതികളും ഉയരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.