പാമ്പാടി: യൂനിഫോമും ബാഗും കുടയുമായി തൻെറ കൈപിടിച്ച് സ്കൂളിലേക്ക് വരാൻ കാത്തിരുന്ന കുഞ്ഞനുജത്തി ഇനിയില്ലല്ലോ എന്ന ഓ൪മയിൽ വിതുമ്പുകയാണ് അലീന. പിതാവ് മുന്നോട്ടെടുത്ത കാറിനടിയിൽ അബദ്ധത്തിൽപ്പെട്ട് മരിച്ച അലോന ആദ്യക്ഷരം കുറിക്കാൻ സ്കൂളിലേക്ക് പോകാൻ കാത്തിരിക്കുമ്പോഴാണ് മരണം തട്ടിയെടുത്തത്. തിങ്കളാഴ്ച ചേച്ചിക്കൊപ്പം പാമ്പാടി സേക്രഡ് ഹാ൪ട്ട് പ്ളേ സ്കൂളിൽ പോകാൻ ഉത്സാഹത്തോടെ കാത്തിരിക്കുകയായിരുന്നു അലോന. സ്കൂളിൽ പ്രവേശം നേടിയതുമുതൽ പുതിയ ബാഗിനും വസ്ത്രങ്ങൾക്കുമായി അലോന വാശിപിടിച്ചിരുന്നു. ബാഗും കുടയും വസ്ത്രങ്ങളുമെല്ലാം രണ്ടുദിവസം മുമ്പുതന്നെ പിതാവ് സന്തോഷ് വാങ്ങിക്കൊടുത്തിരുന്നു. ഇതിൻെറ ആഹ്ളാദത്തിലായിരുന്നു അലോന.
ഇതിനിടെയാണ് ചൊവ്വാഴ്ച വൈകുന്നേരം വിധി അപകട രൂപത്തിൽ അലോനയെ കവ൪ന്നത്. പാമ്പാടിക്ക് പോകാൻ തയാറെടുക്കുകയായിരുന്നു സന്തോഷ്. ബാറ്ററി ചാ൪ജ് ചെയ്യാൻ മുറ്റത്തുകിടന്ന കാ൪ ജനാലക്കരികിലേക്ക് നീക്കി. ഈ സമയം മുറ്റത്തിരുന്ന് കളിക്കുകയായിരുന്ന കുട്ടിയെ സന്തോഷ് കണ്ടില്ല. മുന്നോട്ടെടുത്ത കാ൪ തട്ടി അലോന ബോധരഹിതയായി. തലക്കാണ് പരിക്കേറ്റത്. അടുക്കളയിലായിരുന്ന മാതാവ് സുജിത പുറത്തേക്ക് വന്നപ്പോഴാണ് കുട്ടിയെ അന്വേഷിക്കുന്നത്. കാണാതെവന്നതോടെ തിരച്ചിൽ നടത്തുകയും കാറിൻെറ അടിയിൽ കണ്ടെത്തുകയുമായിരുന്നു. തൻെറ അശ്രദ്ധ പൊന്നാമനയുടെ ജീവൻ കവ൪ന്ന വേദനയിൽ കരയാൻ പോലുമാകാത്ത അവസ്ഥയിലാണ് സന്തോഷ്. സന്തോഷിനെയും സജിതയെയും അലീനയയും ആശ്വസിപ്പിക്കുന്നതെങ്ങനെയെന്നറിയാതെ കുഴങ്ങുകയാണ് ബന്ധുക്കളും സുഹൃത്തുക്കളും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.