ചമ്രവട്ടം പാലം വഴി ഗതാഗതം: സര്‍ക്കാര്‍ തീരുമാനം റോഡ് വികസനത്തിന് ആക്കം കൂട്ടും

പൊന്നാനി: ചമ്രവട്ടം പാലം ഗതാഗതത്തിന് തുറന്ന് കൊടുത്തതോടെ പൊന്നാനി, തിരൂ൪, താനൂ൪, പരപ്പനങ്ങാടി, ചേളാരി തുടങ്ങിയ സ്ഥലങ്ങളിലുണ്ടായ ഗതാഗതക്കുരുക്കിന് പരിഹാരമെന്നോണം ഈ ഭാഗങ്ങളിലെ റോഡ് വികസിപ്പിക്കാൻ സ൪ക്കാ൪ തീരുമാനിച്ചത് യാത്രക്കാരിൽ പ്രതീക്ഷയുണ൪ത്തുന്നു.
ചമ്രവട്ടം മുതൽ തിരൂ൪ വരെ 16 കിലോമീറ്റ൪ റോഡ് വീതികൂട്ടി ബി.എം ആൻഡ് ബി.സി വ൪ക്കിൽ വികസിപ്പിക്കാൻ ഏഴര കോടി രൂപയുടെ പദ്ധതിക്കാണ് ബുധനാഴ്ച തിരുവനന്തപുരത്ത് മുഖ്യമന്ത്രി വിളിച്ച് ചേ൪ത്ത യോഗത്തിൽ അനുമതിയായത്.
നരിപറമ്പ് മുതൽ ചമ്രവട്ടം ജങ്ഷൻ വരെ  എൻ.എച്ച് 17 നാലര കിലോമീറ്റ൪ റബറൈസ് ചെയ്യാൻ 13 കോടി രൂപ അനുവദിച്ചത് ഈ മേഖലയിലെ ഇടുങ്ങിയ റോഡിൽനിന്ന് മോചനംകിട്ടാൻ സഹായകമാവും.
ചമ്രവട്ടം ജങ്ഷൻ മുതൽ പള്ളപ്രം ഹൈവേ വരെ റബറൈസ് ചെയ്യാനും തുക അനുവദിച്ചു.
നരിപറമ്പ്, പോത്തനൂ൪, പെരുമ്പറമ്പ്, എടപ്പാൾ അങ്ങാടി റോഡ് ബി.എം ആൻഡ് ബി.സി സാങ്കേതിക വിദ്യയിൽ റബറൈസ് ചെയ്യാൻ മൂന്നര കോടി രൂപയുടെ പദ്ധതിക്ക് അനുമതിയായിട്ടുണ്ട്. നരിപറമ്പ് ജങ്ഷൻ, ചമ്രവട്ടം ജങ്ഷൻ, പള്ളപ്രം ജങ്ഷൻ, പോത്തനൂ൪ ജങ്ഷൻ, എടപ്പാൾ അങ്ങാടി ജങ്ഷൻ എന്നീ അഞ്ച് ജങ്ഷനുകളുടെ വിപുലീകരണത്തിന് 85 ലക്ഷം രൂപയാണ് അനുവദിച്ചത്.
കൂടാതെ ഇവിടങ്ങളിൽ ട്രാഫിക് സിഗ്നൽ ബോ൪ഡ് സ്ഥാപിക്കാൻ പത്ത് ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. നരിപറമ്പ് ഭാഗത്ത് റോഡ് വികസനത്തിന് 18.25 കോടി രൂപ അനുവദിച്ചു.
തിരൂ൪ ഭാഗത്ത് റോഡ് വികസനത്തിന് 21 കോടി രൂപയും കുറ്റിപ്പുറം-പുതുപൊന്നാനി പഴയ എൻ.എച്ച് 17 ടാ൪ ചെയ്യാൻ അഞ്ച് കോടിയുമടക്കം 44.25 കോടി രൂപയുടെ പദ്ധതികൾക്കാണ് അനുമതിയായത്.
ചമ്രവട്ടം പാലം ജങ്ഷൻ, പെരുന്തല്ലൂ൪ ജങ്ഷൻ, ആലിങ്ങൽ ജങ്ഷൻ, ആലത്തിയൂ൪ ജങ്ഷൻ, ബി.പി അങ്ങാടി ജാറം ജങ്ഷൻ, ബി.പി അങ്ങാടി ബൈപാസ് ജങ്ഷൻ, പൂങ്ങോട്ട്കുളം ജങ്ഷൻ എന്നിവ വികസിപ്പിക്കാൻ 25 ലക്ഷം വീതം അനുവദിച്ചിട്ടുണ്ട്. ജങ്ഷനോടനുബന്ധിച്ച് ബസ് ബേ നി൪മാണത്തിന് 70 ലക്ഷവും അനുവദിച്ചിട്ടുണ്ട്.
തിരൂ൪ മുതൽ കടലുണ്ടിവരെ റോഡ് വീതികൂട്ടി റബറൈസ് ചെയ്യാൻ എട്ട് കോടി അനുവദിച്ചു. പൂക്കയിൽ ജങ്ഷൻ, വട്ടത്താണി ജങ്ഷൻ, താനൂ൪ ജങ്ഷൻ, തെയ്യാല ജങ്ഷൻ, ചിറമംഗലം ജങ്ഷൻ, പരപ്പനങ്ങാടി ടൗൺ, വള്ളിക്കുന്ന് ജങ്ഷൻ, ആനങ്ങാടി ജങ്ഷൻ എന്നിവ വീതികൂട്ടി വിപുലീകരിക്കാൻ 25 ലക്ഷം വീതവും അനുവദിച്ചിട്ടുണ്ട്.
ഈ മേഖലയിൽ ബസ് ബേ നി൪മാണത്തിന് 80 ലക്ഷവും അനുവദിച്ചു.
ബുധനാഴ്ച നടന്ന യോഗത്തിൽ മന്ത്രി പി.കെ. അബ്ദുറബ്ബ്, ഇ.ടി. മുഹമ്മദ് ബഷീ൪ എം.പി, എം.എൽ.എമാരായ ഡോ. കെ.ടി. ജലീൽ, പി. ശ്രീരാമകൃഷ്ണൻ, സി. മമ്മുട്ടി, അബ്ദുറഹ്മാൻ രണ്ടത്താണി എന്നിവ൪ ഈ ഭാഗങ്ങളിലെ റോഡ് വികസനത്തിന് ശക്തമായി വാദിക്കുകയായിരുന്നു. അതേസമയം, കുറ്റിപ്പുറം-പുതുപൊന്നാനി നി൪ദിഷ്ട ദേശീയപാത നരിപറമ്പ് മുതൽ ചമ്രവട്ടം ജങ്ഷൻ വരെ വകസിപ്പിക്കാൻ മൂന്ന് കോടി അനുവദിച്ചെങ്കിലും കുറ്റിപ്പുറം മുതൽ നരിപറമ്പ് വരെ പണിമുടങ്ങിക്കിടക്കുന്ന എൻ.എച്ച് നി൪മാണം പൂ൪ത്തീകരിക്കാൻ എൻ.എച്ച് അധികൃത൪ തയാറാക്കിയ 26 കോടി രൂപയുടെ പദ്ധതി സംസ്ഥാന സ൪ക്കാ൪ ഫണ്ടിൽനിന്ന് ചെയ്യാൻ അനുമതി നൽകണമെന്ന് ഇ.ടി. മുഹമ്മദ് ബഷീ൪ എം.പിയും ഡോ. കെ.ടി. ജലീൽ എം.എൽ.എയും യോഗത്തിൽ ആവശ്യപ്പെട്ടു.
ഇതേ തുട൪ന്ന് ഈ പ്രവൃത്തി പി.ഡബ്ള്യു.ഡി ഭരണാനുമതി കമ്മിറ്റിയിൽ പരിഗണിക്കാമെന്ന് പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് ഇരുവരെയും അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.