സ്മിത വധക്കേസ്: വിധിക്ക് കാതോര്‍ത്ത് കൊയ്പ്പള്ളികാരാഴ്മ ഗ്രാമം

കായംകുളം: നാടിനെ നടുക്കിയ കൊലപാതകത്തിൻെറ വിധിക്ക് കാതോ൪ത്ത് കൊയ്പ്പള്ളികാരാഴ്മ ഗ്രാമം.
ഗ്രാമവാസിയായ ആ൪.കെ നിവാസിൽ പരേതനായ സുധാകരൻെറ ഭാര്യ സ്മിത (32) കൊല്ലപ്പെട്ട കേസിൻെറ വിധിയാണ് പുറത്തുവരാനിരിക്കുന്നത്. സ്മിതയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ അറസ്റ്റിലായ ഓച്ചിറ വയനകം സന്തോഷ് ഭവനിൽ കരുമാടിയെന്ന വിശ്വരാജ് (22) കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. അപൂ൪വങ്ങളിൽ അപൂ൪വ കേസായി പരിഗണിച്ച് പരമാവധി ശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. മാവേലിക്കര അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി എ. ബദറുദ്ദീൻ മുമ്പാകെയാണ് കേസിൻെറ വിചാരണ നടന്നത്.
കഴിഞ്ഞവ൪ഷം ഒക്ടോബ൪ 24ന് വൈകുന്നേരം ഏഴുമണിയോടെയായിരുന്നു സംഭവം. കായംകുളത്തെ സ്വകാര്യ സ്ഥാപനത്തിൽ നിന്ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ സ്മിതയെ വീടിന് സമീപത്ത് വിശ്വരാജ് കടന്നാക്രമിച്ചു. വഴിയോരത്തെ വെള്ളക്കെട്ടിലേക്ക് തള്ളിയിട്ടശേഷം പീഡിപ്പിച്ചു കൊലപ്പെടുത്തി.
ഭ൪ത്താവിൻെറ മരണത്തോടെ ജീവിതഭാരം ചുമലിലേറ്റിയ യുവതിയുടെ ദാരുണ മരണം നാട്ടിൽ ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. സ്മിതയുടെ മരണത്തോടെ അനാഥയായ ഏകമകൾ വ൪ഷയുടെ (14) അവസ്ഥ ഏവരിലും വേദനയുണ൪ത്തി.
സ്മിതയുടെ പ്രായമായ മാതാപിതാക്കളായ രാമകൃഷ്ണനാചാരിയുടെയും രമണിയുടെയും സംരക്ഷണയിലാണ് വ൪ഷ വളരുന്നത്.
ഈ കുടുംബത്തിൻെറ ദുരവസ്ഥക്ക് കാരണക്കാരനായ പ്രതിയോടുള്ള അമ൪ഷം ഇപ്പോഴും നാട്ടിൽ പുകയുകയാണ്. ഇത്തരക്കാ൪ക്ക് താക്കീതാകുന്ന വിധിക്കായി നാട് കാക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.