പൈപ്പിലെ ചോര്‍ച്ച മാറ്റിയില്ല; ശുദ്ധജലം പാഴാകുന്നു

മട്ടന്നൂ൪: കണ്ണൂ൪ ശുദ്ധജല വിതരണ പദ്ധതിക്ക് പുതിയ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനിടെ പഴയ പൈപ്പ് പൊട്ടിയുണ്ടായ ചോ൪ച്ച മാറ്റാൻ അധികൃത൪ ഇനിയും തയാറായില്ല.
ചാലോട് പെട്രോൾ പമ്പിന് സമീപം 700 എം.എം പൈപ്പിലുണ്ടായ ചോ൪ച്ച കാരണം ആഴ്ചകളായി കുടിവെള്ളം ചോ൪ന്ന് തീരുകയാണ്. കൊടുംചൂടിൽ തുള്ളിവെള്ളം കിട്ടാതെ ജനങ്ങൾ വലയുമ്പോഴാണ് അധികൃതരുടെ അനാസ്ഥ കാരണം ശുദ്ധജലം പാഴാകുന്നത്.
പഴയ പൈപ്പിൻെറ എയ൪വാൾവിനോട് ചേ൪ന്ന് പണിത കോൺക്രീറ്റ് ഭിത്തി പുതിയ പൈപ്പ് സ്ഥാപിക്കുന്നതിന് ഇളക്കിമാറ്റാനുള്ള ശ്രമത്തിനിടെ പൈപ്പിൽ വിള്ളൽ വീണതാണ് ചോ൪ച്ചക്കിടയാക്കിയതെന്ന് പറയുന്നു.
വൻതോതിൽ വെള്ളം ചോരുന്നത് അധികൃതരുടെ ശ്രദ്ധയിൽപെട്ടിട്ടും നന്നാക്കാനുള്ള നടപടി കൈക്കൊണ്ടിട്ടില്ല. നന്നാക്കുന്നതിനായി പമ്പിങ് നി൪ത്തിയാൽ കണ്ണൂരിലും പരിസരങ്ങളിലും കുടിവെള്ളം മുടങ്ങുമെന്ന കാരണം പറഞ്ഞാണത്രെ അറ്റകുറ്റപ്പണി നടത്താത്തത്.എന്നാൽ, ഒരു മുന്നറിയിപ്പുമില്ലാതെ പമ്പിങ് നി൪ത്തി ദിവസങ്ങളോളം ജനങ്ങളുടെ കുടിവെള്ളം മുട്ടിക്കുന്നവരാണ് ജനങ്ങളോടുള്ള പ്രതിബദ്ധത ചൂണ്ടിക്കാട്ടി പൈപ്പിലുണ്ടായ ചോ൪ച്ചക്ക് പരിഹാരം കാണാതെ ഒഴിഞ്ഞുമാറുന്നത്.
പുതിയ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന് കുഴിയെടുത്തതിൻെറ മണ്ണ് റോഡരികിൽ കൂട്ടിയിട്ടതും കാൽനട യാത്രക്കാ൪ക്കും വാഹനഗതാഗതത്തിനും ബുദ്ധിമുട്ടാവുകയും ചെയ്യുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.