പാവറട്ടി: മദ്യസദസ്സിൽ പാ൪ട്ടിരഹസ്യം വിളമ്പിയ സി.പി.എം നേതാവിനെ പാ൪ട്ടി തരം താഴ്ത്തി. പാ൪ട്ടിരഹസ്യം മൊബൈൽ ഫോണിലൂടെ ചോ൪ന്നതിനെത്തുട൪ന്നാണ് നടപടി. സി.പി.എം എളവള്ളി ലോക്കൽ കമ്മിറ്റിയംഗവും ചിറ്റാട്ടുകര ബ്രാഞ്ച് സെക്രട്ടറിയും ഡി.വൈ.എഫ്.ഐ ബ്ളോക്ക് പ്രസിഡൻറുമായ ജിയോഫോക്സിനെയാണ് പാ൪ട്ടിയുടെ തെരഞ്ഞെടുത്ത സ്ഥാനങ്ങളിൽനിന്ന് ഒഴിവാക്കിയത്. കഴിഞ്ഞദിവസം ഏരിയാ കമ്മിറ്റി യോഗമാണ് നടപടിയെടുത്തത്.
പാ൪ട്ടിയിലെ ചില പ്രാദേശിക നേതാക്കൾ,സുഹൃത്തുക്കൾ എന്നിവ൪ക്കൊപ്പം മദ്യപിച്ചിരിക്കെയാണ് ജിയോഫോക്സ് പാ൪ട്ടി രഹസ്യങ്ങൾ പുറത്തുപറഞ്ഞത്. കൂടെയുണ്ടായിരുന്ന സഖാക്കളിൽ ചില൪ മൊബൈലിൽ റെക്കോഡ് ചെയ്തു. ബി.ജെ.പിയുടെ ഒരു ജില്ലാനേതാവിന് വാകയിലുള്ള 30 ഏക്ക൪ സ്ഥലം പാ൪ട്ടിക്കാരൻ പാട്ടത്തിനെടുത്തതാണ് ഒരു രഹസ്യം. ജില്ലയുമായി അടുത്തബന്ധമുള്ള സി.പി.എം സംസ്ഥാന നേതാവിനെക്കുറിച്ച് വ്യക്തിപരമായ ചില വെളിപ്പെടുത്തലുകളുമുണ്ട്. കളിമണ്ണ്മാഫിയയുടെ രാഷ്ട്രീയബന്ധങ്ങളെക്കുറിച്ചും പറയുന്നുണ്ട്. ചോ൪ത്തിയ വിവരങ്ങൾ വൈകാതെ കോൺഗ്രസ് നേതാക്കൾക്ക് ലഭിച്ചു.അവ൪ കോൺഗ്രസിൻെറ പൊതുപരിപാടിയിൽ മൈക്കിലൂടെ നാട്ടുകാരെ കേൾപ്പിക്കുകയും ചെയ്തു. സംഘടന വിട്ട ഡി.വൈ.എഫ്.ഐ.ക്കാ൪ക്ക് യൂത്ത് കോൺഗ്രസ് അംഗത്വം നൽകുന്ന പൊതുയോഗത്തിലാണ് റെക്കോഡ് ചെയ്ത രഹസ്യങ്ങൾ കേൾപ്പിച്ചത്. ഇതത്തേുട൪ന്നാണ് നടപടി. എന്നാൽ ജിയോഫോക്സിനെ പാ൪ട്ടിയിൽ നിന്ന് പുറത്താക്കിയിട്ടില്ല.
സംഭവത്തിൽ ഏരിയാ കമ്മിറ്റി അംഗങ്ങളായ എം.പി. സിദ്ധാ൪ഥൻ, ടി.കെ. ചന്ദ്രൻ എന്നിവരെ താക്കീത് ചെയ്തതായും പറയുന്നു.നേരത്തേ കോൺഗ്രസ് നേതാവും വാ൪ഡംഗവുമായിരുന്നു ജിയോഫോക്സ്. പിന്നീട് സി.പി.എമ്മിൽ ചേരുകയായിരുന്നു. ഇയാളെ പാ൪ട്ടിയിൽ എടുത്തതിലും പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിപ്പിച്ചതിലും പാ൪ട്ടി അണികളിൽ അമ൪ഷമുണ്ടായിരുന്നു.കോട്ടപ്പടി കപ്പിയൂ൪ സരസ്വതി വിലാസം സ്കൂൾ അധ്യാപകനായിരുന്നു ജിയോഫോക്സ്.സ്കൂൾ മാനേജ്മെൻറും പി.ടി.എയുമായി ഉണ്ടായ പ്രശ്നങ്ങളെത്തുട൪ന്ന് ജിയോഫോക്സ് ജോലി രാജിവെക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.