പയ്യന്നൂ൪: കാങ്കോൽ-ആലപ്പടമ്പ് ഗ്രാമപഞ്ചായത്തിലെ മാത്തിലിന് സമീപം വൈപ്പിരിയത്ത് കാ൪ ബൈക്കിലിടിച്ച് സഹോദരപുത്രന്മാരായ മൂന്ന് വിദ്യാ൪ഥികൾ മരിച്ചു. മാത്തിൽ ഗവ. ഹയ൪സെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാ൪ഥി കാങ്കോൽ കുണ്ടയംകൊവ്വലിലെ സുധിൻ ചന്ദ്രൻ (18), ബന്ധുക്കളായ ഇടുക്കി മൂന്നാറിലെ വിപിൻ (21), ചെറുകുന്ന് ഗവ. ഹയ൪സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാ൪ഥി ചെറുകുന്ന് ചുണ്ടയിലെ യദുരാജ് (18) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ച ഒരുമണിയോടെയാണ് അപകടം. പരിക്കേറ്റ കാ൪ ഡ്രൈവ൪ ഐസക്കിനെ(49) പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബൈക്കിൽ മാത്തിൽ ടൗണിലേക്ക് പോകവെ ചെറുപുഴ ഭാഗത്തുനിന്ന് പയ്യന്നൂരിലേക്ക് വരുകയായിരുന്ന കാ൪ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ മൂവരെയും ഓടിക്കൂടിയ നാട്ടുകാ൪ പയ്യന്നൂ൪ സഹകരണാശുപത്രിയിൽ എത്തിച്ചെങ്കിലും വഴിമധ്യേ മരിച്ചു. അതിനിടെ സംഭവസ്ഥലത്ത് ടിപ്പ൪ ലോറികൂടി ഉണ്ടായതായും പറയുന്നു. ലോറി വെട്ടിച്ചതാണത്രെ കാ൪ നിയന്ത്രണം വിടാൻ കാരണം.
ചെന്നൈയിൽ ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിങ് ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് ഈവ൪ഷം ബി.എസ്സി പൂ൪ത്തിയാക്കിയ വിപിൻ കഴിഞ്ഞദിവസമാണ് കാങ്കോലിലെ ബന്ധുവീട്ടിൽ എത്തിയത്. മൂന്നാറിലെ കെ.വി. വിജയകുമാറിന്റെയും എ. ഉമയുടെയും മകനാണ്. ശ്രീലക്ഷ്മി ഏകസഹോദരിയാണ്. കുണ്ടയംകൊവ്വലിലെ എൻ. ചന്ദ്രശേഖരന്റെയും കെ. വിജയകുമാരിയുടെയും മകനാണ് സുധിൻ ചന്ദ്രൻ. ശ്രുതി ചന്ദ്രൻ സഹോദരിയാണ്.
കോഴിക്കോട് ബേപ്പൂരിൽ എസ്.ഐയായ രാധാകൃഷ്ണന്റെ ഏകമകനാണ് യദുരാജ്. പരേതയായ മിനിയാണ് മാതാവ്. സുധിൻ ചന്ദ്രന്റെ അമ്മാവൻ വിനോദിന്റെ ബുധനാഴ്ച നടക്കുന്ന ഗൃഹപ്രവേശത്തിന് എത്തിയതായിരുന്നു വിപിനും യദുരാജും. മൂവരും വിനോദിന്റെ വീട്ടിൽനിന്ന് മാത്തിലിലേക്ക് പോയതാണെന്ന് പറയുന്നു. മൃതദേഹങ്ങൾ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.