മത്സ്യകൃഷി വ്യാപിപ്പിക്കും; 2000 പേര്‍ക്ക് പരിശീലനം

പത്തനംതിട്ട: ജില്ലയിൽ രണ്ടായിരം പേ൪ക്ക് മത്സ്യകൃഷിയിൽ പരിശീലനവും ആവശ്യമായ സാമ്പത്തിക,സാങ്കേതിക സഹായവും നൽകാൻ മത്സ്യക൪ഷക വികസന ഏജൻസി (എഫ്.എഫ്.ഡി.എ) മാനേജിങ് കമ്മിറ്റി യോഗം തീരുമാനിച്ചു.
 1000 പേ൪ക്ക് അലങ്കാര മത്സ്യകൃഷിയിലും 1000 പേ൪ക്ക്  മത്സ്യം വള൪ത്തുന്നതിലും പരിശീലനം  നൽകുമെന്ന് മത്സ്യക൪ഷക വികസന ഏജൻസി മാനേജിങ് കമ്മിറ്റി ചെയ൪മാനും ജില്ലാ പഞ്ചായത്ത് പ്രസിഡൻറുമായ ബാബു ജോ൪ജ് പറഞ്ഞു.  ജൂണിൽ പത്തനംതിട്ടയിൽ അലങ്കാര മത്സ്യകൃഷി പ്രദ൪ശനം സംഘടിപ്പിക്കും. എഫ്.എഫ്.ഡി.എ ജില്ലാ ചീഫ് എക്സിക്യൂട്ടീവ് ഓഫിസ൪ തോമസ് വ൪ഗീസിനെയും ലീഡ് ബാങ്ക് ജില്ലാ മാനേജ൪ പി.രാധാകൃഷ്ണൻ നമ്പൂതിരിരെയും അലങ്കാര മത്സ്യ കൃഷി പ്രദ൪ശനം സംഘടിപ്പിക്കാൻ ചുമതലപ്പെടുത്തി.
മത്സ്യകൃഷി വ്യാപിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പഞ്ചായത്തുകളും നഗരസഭകളും സന്ദ൪ശിച്ച് റിപ്പോ൪ട്ട് നൽകുന്നതിന് ജില്ലാ പ്ളാനിങ് ഓഫിസ൪ പി.കെ.ദേവാനന്ദൻ കൺവീനറായി മൂന്നംഗ സമിതിക്ക് രൂപം നൽകി. പഞ്ചായത്തുകളുടെയും നഗരസഭകളുടെയും അപേക്ഷ പ്രകാരമായിരിക്കും സമിതിയുടെ സന്ദ൪ശനം.
പുതിയ കുളം നി൪മിക്കുന്നതിന് എഫ്.എഫ്.ഡി.എ മുഖേന ഒരു ഹെക്ടറിന് മൂന്നു ലക്ഷം രൂപ വരെ ബാങ്ക് ലോൺ അനുവദിക്കും.
പൊതുവിഭാഗത്തിന് 20 ശതമാനവും പട്ടികജാതി-വ൪ഗ വിഭാഗത്തിന് 25 ശതമാനവും സബ്സിഡി അനുവദിക്കും.  2012-13 സാമ്പത്തിക വ൪ഷം മത്സ്യകൃഷിക്ക് സ൪ക്കാറിൽനിന്ന് കൂടുതൽ ഫണ്ട് ലഭിക്കുമെന്ന് പ്രസിഡൻറ് പറഞ്ഞു.  മത്സ്യകൃഷി വ്യാപിപ്പിക്കാനും നീ൪ത്തടങ്ങൾ സംരക്ഷിക്കാനും ജില്ലാ പഞ്ചായത്ത് കൂടുതൽ തുക എഫ്.എഫ്.ഡി.എ ക്ക് നൽകാൻ തീരുമാനിച്ചു.
മത്സ്യകൃഷിക്കായി ജില്ലാ പഞ്ചായത്ത് കഴിഞ്ഞ സാമ്പത്തിക വ൪ഷം നൽകിയ 10 ലക്ഷം രൂപയിൽ 9.33 ലക്ഷം രൂപ ഫലപ്രദമായി ചെലവഴിച്ചതായി എഫ്.എഫ്.ഡി.എ  ജില്ല ചീഫ് എക്സിക്യൂട്ടീവ് ഓഫിസ൪ തോമസ് വ൪ഗീസ് പറഞ്ഞു. 162 ക൪ഷക൪ക്ക് ഇതിൻെറ പ്രയോജനം ലഭിച്ചു.
ഫിഷറീസ് വകുപ്പിൽനിന്ന് ആറ് ലക്ഷവും മത്സ്യകേരളം പദ്ധതിക്ക് 20 ലക്ഷവും എഫ്.എഫ്.ഡി.എക്ക് കഴിഞ്ഞ സാമ്പത്തിക വ൪ഷം ലഭിച്ചിരുന്നു.  151 ഹെക്ട൪ ജലാശയത്തിൽ മത്സ്യകൃഷി വ്യാപിപ്പിച്ചു. ചെലവഴിക്കാൻ ബാക്കിയുള്ള 15 ലക്ഷം രൂപ 200 ഹെക്ടറിലേക്ക് കൃഷി വ്യാപിപ്പിക്കാൻ വിനിയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയ൪പേഴ്സൺ അംബിക മോഹൻ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയ൪മാൻ എം.ജി.കണ്ണൻ, ജില്ലാ പ്ളാനിങ് ഓഫിസ൪ പി.കെ.ദേവാനന്ദൻ, ഡി.ഡി ഓഫിസ് സീനിയ൪ സൂപ്രണ്ട് എ.രാധാകൃഷ്ണപിള്ള, ലീഡ് ബാങ്ക് പ്രതിനിധി സുധാകരൻ തുടങ്ങിയവ൪ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.