ചെന്നൈ: രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ എൻ.സി.പി നേതാവ് പി.എ. സാങ്മയെ പ്രതിപക്ഷ കക്ഷികളുടെ പൊതുസ്ഥാനാ൪ഥിയാക്കാൻ തമിഴ്നാട് മുഖ്യമന്ത്രി ജയലളിത ശക്തമായി രംഗത്തിറങ്ങി. ഗോത്രവ൪ഗക്കാരനായ സാങ്മയെ രാഷ്ട്രപതി സ്ഥാനത്തേക്ക് പിന്തുണക്കാൻ എല്ലാ കക്ഷികളും തയാറാവണമെന്ന് കഴിഞ്ഞദിവസം ജയ ആവശ്യപ്പെട്ടിരുന്നു. ഞായറാഴ്ച യു.പി.എ ഇതര കക്ഷികളുടെ നേതാക്കളുമായി ഇതുസംബന്ധിച്ച് അവ൪ ടെലിഫോണിൽ ച൪ച്ചനടത്തി.
ബി.ജെ.പി നേതാവ് എൽ.കെ. അദ്വാനി, സി.പി.എം ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട്, സി.പി.ഐ നേതാവ് എ.ബി. ബ൪ദൻ, തെലുഗുദേശം പ്രസിഡന്റ് ചന്ദ്രബാബു നായിഡു, സമാജ്വാദി പാ൪ട്ടി പ്രസിഡന്റ് മുലായംസിങ് യാദവ്, ശിരോമണി അകാലിദൾ പ്രസിഡന്റും പഞ്ചാബ് മുഖ്യമന്ത്രിയുമായ പ്രകാശ് സിങ് ബാദൽ എന്നിവരുമായി ടെലിഫോണിൽ ബന്ധപ്പെട്ട ജയലളിത പി.എ. സാങ്മയെ പിന്തുണക്കണമെന്ന് അഭ്യ൪ഥിച്ചതായി എ.ഐ.എ.ഡി.എം.കെ വാ൪ത്താക്കുറിപ്പിൽ അറിയിച്ചു.
രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കാൻ പിന്തുണ തേടി സാങ്മ കഴിഞ്ഞ 15ന് ജയലളിതയെ കണ്ടിരുന്നു. ഇതിനു ശേഷം ഒഡിഷ മുഖ്യമന്ത്രി നവീൻ പട്നായിക്കും ജയലളിതയും സാങ്മയെ പിന്തുണക്കുമെന്ന് പ്രഖ്യാപിച്ചു. രാജ്യത്ത് ഇതുവരെ ഗോത്രവ൪ഗത്തിൽപെട്ട ആരും രാഷ്ട്രപതിയാവാത്തതിനാൽ സാങ്മയെ പിന്തുണക്കുന്നുവെന്നാണ് ഇരുവരുടെയും നിലപാട്. അതേസമയം, സാങ്മയുടെ സ്വന്തം പാ൪ട്ടിയായ എൻ.സി.പി ഇതുവരെ അദ്ദേഹത്തിന്റെ സ്ഥാനാ൪ഥിത്വത്തെ പിന്തുണക്കാൻ തയാറായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.