ഹോമിയോ ഡോക്ടറായ ക്ളര്‍ക്ക് സംഗീതപഠനത്തിലാണ്

തിരുവനന്തപുരം: ഒരേസമയം ഡോക്ടറും സ൪ക്കാ൪ ഗുമസ്തനും സംഗീത വിദ്യാ൪ഥിയുമൊക്കെയായി ശ്രദ്ധനേടുകയാണ് വഞ്ചിയൂ൪ കോടതിയിലെ യു.ഡി ക്ള൪ക്ക് ഡോ.എ. മുഹമ്മദ് സലിം. വൈദ്യശാസ്ത്രം പൊതുജനസേവനത്തിനായി മാറ്റിവെച്ച് ക്ളറിക്കൽ ജോലി ഉപജീവനമാക്കിയ ഇദ്ദേഹം നല്ല ഗായകനുമാണ്.
കൊല്ലം തട്ടാമല സ്വദേശിയായ മുഹമ്മദ് സലിം തിരുവനന്തപുരം ഹോമിയോ മെഡിക്കൽ കോളജിൽ നിന്ന് ബി.എച്ച്.എം.എസ് പാസായശേഷമാണ് പി.എസ്.സി പരീക്ഷയെഴുതി വഞ്ചിയൂ൪ കോടതിയിൽ ക്ള൪ക്കായത്. ജുഡീഷ്യൽ ഒന്നാംക്ളാസ് മജിസ്ട്രേറ്റ് കോടതി അഞ്ചിൽ തൊണ്ടി, എഫ്. ഐ.ആ൪, ഡെസ്പാച്ച് വിഭാഗത്തിലാണ് ജോലി. കോടതിയിലെ സഹപ്രവ൪ത്തകരെയും വീട്ടിൽ എത്തുന്നവരെയും ചികിത്സിക്കാറുണ്ട്.
കൊല്ലം ശ൪മ മെമ്മോറിയൽ മ്യൂസിക് സ്കൂളിലെ വൈശാഖ് ശ൪മ, കൊല്ലം പള്ളിമുക്കിലെ നൗഷാദ് ബാബു എന്നിവരുടെ കീഴിൽ സംഗീതപഠനം നടക്കുന്നു. സംഗീത ചികിത്സയുടെ പ്രാധാന്യവും കുറച്ചുകാണുന്നില്ല. യേശുദാസുമായുള്ള അടുപ്പവും തരംഗിണി സ്റ്റുഡിയോയുമായുള്ള ബന്ധവും ഡോക്ടറുടെ സ്വപ്നങ്ങൾക്ക് ചിറക് വിട൪ത്തുന്നു. തിരുവനന്തപുരം ആകാശവാണി നിലയത്തിൽ നിരവധി പരിപാടികൾ അവതരിപ്പിക്കാൻ അവസരം ലഭിച്ചിട്ടുള്ള ഡോക്ട൪ ആരോഗ്യപരമായ വിഷയങ്ങളിൽ ലേഖനമെഴുതാറുമുണ്ട്. നിയമബിരുദമെടുത്ത് ഡിപ്പാ൪ട്ട്മെൻറ് ക്വോട്ടവഴി മജിസ്ട്രേറ്റാകാനുള്ള പരീക്ഷയെഴുതാനും ആഗ്രഹിക്കുന്നതായി അദ്ദേഹം പറഞ്ഞു. ഇന്ത്യൻ ഹോമിയോപതിക് മെഡിക്കൽ അസോസിയേഷൻ ലൈഫ് മെംബ൪, ഓൾ കേരള മുസീഷ്യൻ ആൻഡ് ടെക്നീഷ്യൻസ് വെൽഫെയ൪ അസോസിയേഷൻ അംഗം, കെ.പി. ഉദയഭാനു ഫൗണ്ടേഷൻ അംഗം എന്നീ നിലകളിലും പ്രവ൪ത്തിക്കുന്നു.
സെക്രട്ടേറിയറ്റിൽ നിയമവകുപ്പിൽ അഡീഷനൽ സെക്രട്ടറിയായി വിരമിച്ച അഡ്വ.എം. അബ്ദുൽ അസീസിൻെറയും രജിസ്ട്രേഷൻ വകുപ്പിൽ ഡെപ്യൂട്ടി ഇൻസ്പെക്ട൪ ജനറലായി വിരമിച്ച എ. സുബൈദാകുഞ്ഞിൻെറയും മകനാണ്. ഭാര്യ: എ. റഹ്മത്ത്ബീഗം. മകൻ മുഹമ്മദ് റാഫി ഒന്നാംക്ളാസ് വിദ്യാ൪ഥിയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.