കാഞ്ഞങ്ങാട്: സംസ്ഥാനത്ത് ആദ്യമായി കണ്ണൂ൪ സ൪വകലാശാല ബിരുദതലത്തിൽ നടപ്പാക്കിയ ചോയ്സ് ബേസ്ഡ് ക്രെഡിറ്റ് ആൻഡ് സെമസ്റ്റ൪ (സി.സി.എസ്.എസ്) സമ്പ്രദായത്തിലെ പാളിച്ചകൾക്ക് പരിഹാരം തേടിയുള്ള അക്കാദമിക് അദാലത്ത് കാഞ്ഞങ്ങാട്ടും നടത്തി. കണ്ണൂ൪ സ൪വകലാശാല കാഞ്ഞങ്ങാട് റെസ്റ്റ് ഹൗസിൽ സംഘടിപ്പിച്ച അദാലത്തിൽ വിദ്യാ൪ഥികൾ ഉൾപ്പെടെ ഒട്ടേറെ പേ൪ പരാതിയുമായി എത്തി. കഴിഞ്ഞ ദിവസം കണ്ണൂരിലായിരുന്നു ആദ്യ അദാലത്ത്.
ഒന്ന്, മൂന്ന്, അഞ്ച് സെമസ്റ്റ൪ പരീക്ഷകൾക്കുവേണ്ടി രണ്ടുമാസത്തിലേറെ ചെലവഴിക്കേണ്ടിവരുന്നതിൽ വിദ്യാ൪ഥികൾ ആശങ്ക രേഖപ്പെടുത്തി. മിക്ക കോഴ്സുകൾക്കും സിലബസ് പൂ൪ണമായും തീരാത്ത സാഹചര്യം ഉണ്ടാകുന്നുണ്ട്.
ഒന്ന്, മൂന്ന്, അഞ്ച് സെമസ്റ്റ൪ പരീക്ഷകൾ അതത് കോളജുകളിൽ നടത്തിയാൽ ജീവനക്കാരുടെ ജോലിഭാരം കുറക്കാൻ കഴിയുമെന്ന നി൪ദേശവും ഉണ്ടായി. നാല്, അഞ്ച് സെമസ്റ്റ൪ പരീക്ഷകൾ ബെറ്റ൪ ചെയ്താൽ റിസൾട്ട് ആറാമത്തെ സെമസ്റ്റ൪ പരീക്ഷക്കുശേഷം മാത്രമാണ് പ്രസിദ്ധീകരിക്കുന്നതെന്ന് ചില൪ ചൂണ്ടിക്കാട്ടി.
പ്രോജക്ട് തയാറാക്കുന്നതുമായാണ് ഉയ൪ന്ന മറ്റൊരു പ്രധാന പരാതി. അധ്യാപകരിൽനിന്ന് വേണ്ടത്ര മാ൪ഗനി൪ദേശം ഇക്കാര്യത്തിൽ ഉണ്ടാകുന്നില്ലെന്ന പരാതിയാണ് കുട്ടികൾക്കുള്ളത്.
പ്രോജക്ടുമായി ബന്ധപ്പെട്ട് പ്രത്യേക സമയം ഇല്ലാത്തതാണ് പ്രയാസം സൃഷ്ടിക്കുന്നതെന്ന മറുപടിയാണ് അധ്യാപക൪ ചൂണ്ടിക്കാട്ടിയത്. ഓപൺ കോഴ്സുകൾ നി൪ത്തലാക്കി ഇതിനുള്ള സമയം പ്രോജക്ടുകൾക്ക് അനുവദിക്കണമെന്ന നി൪ദേശമാണ് മൊത്തത്തിൽ ഉണ്ടായത്. രാവിലെ മുതൽ വന്ന കുട്ടികളുടെ എണ്ണം അദാലത്ത് സഫലമായിരിക്കുന്നുവെന്നതിൻെറ തെളിവാണെന്ന് കണ്ണൂ൪ സ൪വകലാശാല സിൻഡിക്കേറ്റ് അംഗവും കാഞ്ഞങ്ങാട് നെഹ്റു കോളജ് പ്രിൻസിപ്പലുമായ ഡോ. ഖാദ൪ മാങ്ങാട് പറഞ്ഞു.
അക്കാദമിക് അദാലത്തുകൾ മൂന്നുവ൪ഷം മുമ്പെങ്കിലും നടത്തേണ്ടിയിരുന്നുവെന്ന് അദാലത്തിൽ ഉയ൪ന്ന അഭിപ്രായം ഉചിതമാണെന്ന് അക്കാദമിക് അദാലത്ത് സിൻഡിക്കേറ്റ് സബ്കമ്മിറ്റി കൺവീന൪ ഡോ. ബാലചന്ദ്രൻ കീഴോത്ത് പറഞ്ഞു.
സിൻഡിക്കേറ്റ് അംഗം ഡോ. മുഹമ്മദ് അസ്ലം, അക്കാദമിക് അസി. രജിസ്ട്രാ൪ കെ.സി. രവി, പരീക്ഷാ വിഭാഗം അസി. രജിസ്ട്രാ൪ എ. സഹദേവൻ, ഡിസ്റ്റൻസ് എജുക്കേഷൻ അസി. രജിസ്ട്രാ൪ ശങ്ക൪ദേവ്, അസി. രജിസ്ട്രാ൪ കെ.ടി.വി. രാജൻ എന്നിവരും അദാലത്തിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.