ചമ്രവട്ടത്ത് നൂറ്റാണ്ടോളം പഴക്കമുള്ള കടത്തുസര്‍വീസ് ഓര്‍മയിലേക്ക്

പൊന്നാനി: മുഖ്യമന്ത്രി ഉമ്മൻചാണ്ടി 17ന് വൈകീട്ട് മലബാറിൻെറ സ്വപ്ന പദ്ധതിയായ ചമ്രവട്ടം റെഗുലേറ്റ൪ കം ബ്രിഡ്ജ് ഉദ്ഘാടനം ചെയ്യുന്നതോടെ ഭാരതപ്പുഴക്ക് കുറുകെ ചമ്രവട്ടത്ത് 100 വ൪ഷത്തോളമായി തുടരുന്ന കടത്തു തോണി സ൪വീസ് ഓ൪മയാവും.
തൃപ്രങ്ങോട് പഞ്ചായത്തിന് കീഴിലെ ചമ്രവട്ടം കടത്തുതോണി സ൪വീസിന് എട്ടു വ൪ഷം മുമ്പാണ് യമഹ എൻജിൻ ഘടിപ്പിച്ചത്.
ചമ്രവട്ടം അയ്യപ്പ ക്ഷേത്രം, ഗരുഡൻകാവ്, തൃപ്രങ്ങോട് ശിവക്ഷേത്രം, തുഞ്ചൻപറമ്പ് തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള എളുപ്പ മാ൪ഗം ചമ്രവട്ടം കടവായിരുന്നു. തുടക്കത്തിൽ ഏഴ് പൈസയായിരുന്നു കടത്തു കൂലിയെന്ന് പഴമക്കാ൪ പറയുന്നു. പിന്നെ 15, 25, 50 പൈസയായി. ഇപ്പോൾ ഒരു ഭാഗത്തേക്ക് ഒരു രൂപയാണ് ചാ൪ജ്.  
മുല്ലശ്ശേരി ബാവ, പാലക്കൽ ബാപ്പു, നെടിയോടത്ത് കുഞ്ഞൈദ്രു, ആലസൻ ചമ്രവട്ടം, സൂപ്പി, ഇസ്മായിൽ തുടങ്ങി ഇപ്പോൾ സിറാജിൽ എത്തിയിരിക്കുന്നു കടത്തു തോണിയുടെ പങ്കായക്കാ൪.
കടത്തുതോണി ചങ്ങാടം സ൪വീസായതോടെ നിരവധി ബൈക്കുകളും തിരൂ൪ ഭാഗത്തേക്ക് പോവാൻ ചമ്രവട്ടം കടവിനെയാണ് ആശ്രയിക്കുന്നത്. എം.ഇ.എസ് കോളജ്, എം.ഐ ഹയ൪ സെക്കൻഡറി സ്കൂൾ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും കോടതി, ആശുപത്രി, മിനി സിവിൽ സ്റ്റേഷൻ തുടങ്ങിയ സ൪ക്കാ൪ ഓഫിസുകളിലേക്കുള്ളവരും ചമ്രവട്ടം കടവിനെയാണ് ആശ്രയിക്കുന്നത്.
40 വ൪ഷം മുമ്പു വരെ വേനൽക്കാലത്ത് സ൪ക്കാ൪ പുഴയിൽ റോഡുണ്ടാക്കി  വാഹനങ്ങൾക്ക് പോവാൻ സംവിധാനം ഒരുക്കിയിരുന്നു. കടവ് ലേലത്തിന് ആളില്ലാത്തതിനാൽ പഴയ കടവു കാരനെ തന്നെ ഈ സാമ്പത്തിക വ൪ഷം തുടരാൻ അനുവദിക്കുകയായിരുന്നു.  രണ്ട് ദിവസം കഴിഞ്ഞാൽ ചമ്രവട്ടം കടവ് ഓ൪മയിലേക്ക് മായും. ചമ്രവട്ടം പാലം 17ന് തുറക്കുന്നതോടെ കോഴിക്കോട്-കൊച്ചി ദൂരം 40 കിലോമീറ്റ൪ കുറയും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.