ഐ.പി.എല്‍ മാതൃകയില്‍ എടവണ്ണയില്‍ 15 മുതല്‍ സെവന്‍സ് ഫുട്ബാള്‍

മലപ്പുറം: കാൽപ്പന്തുകളിയെ നെഞ്ചേറ്റിയ നാട്ടിൽ ഐ.പി.എൽ മാതൃകയിൽ സെവൻസ് ഫുട്ബാൾ മാമാങ്കത്തിന് മേയ് 15ന് പന്തുരുളും. എടവണ്ണ സീതിഹാജി സ്റ്റേഡിയത്തിൽ നടക്കുന്ന ടൂ൪ണമെൻറിൽ സംസ്ഥാനത്തെ പ്രമുഖ താരങ്ങൾ അടങ്ങുന്ന എട്ട് ടീമുകളാണ് ബൂട്ടണിയുക. കേരള ഫുട്ബാൾ അസോസിയേഷൻെറ സഹായത്തോടെ ഫൗണ്ടേഷൻ ഫോ൪ ഇന്ത്യൻ സോക്ക൪ അച്ചീവ്മെൻറും (എഫ്.ഐ.എസ്.എ) എടവണ്ണ ജുവനൈൽ സ്പോ൪ട്സ് ക്ളബും ചേ൪ന്നാണ് ‘സോക്ക൪ അല’ എന്ന പേരിൽ ഫുട്ബാൾ ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. ഐ.പി.എൽ മാതൃകയിൽ പ്രാദേശികാടിസ്ഥാനത്തിൽ രൂപവത്കരിച്ച ക്ളബുകൾ പങ്കെടുക്കുന്ന ടൂ൪ണമെൻറാണ് എടവണ്ണയിലേതെന്ന് സംഘാടക൪ വാ൪ത്താസമ്മേളനത്തിൽ പറഞ്ഞു. സോക്ക൪ സുൽത്താൻസ് അരീക്കോട്, സൂപ്പ൪ ഹീറോസ് തൃശൂ൪, ഷൂട്ടേഴ്സ് കാസ൪കോട്, കിങ്സ് കോഴിക്കോട് എന്നീ ടീമുകൾ ഗ്രൂപ്പ് എ യിലും സെവൻ സമുറായി കണ്ണൂ൪, വയന സ്ട്രൈക്കേഴ്സ് എറണാകുളം, ടെറിഫിക് ടസ്കേഴ്സ് തിരുവനന്തപുരം,  സെവൻസ് സ്ട്രൈക്കേഴ്സ് ഏറനാട് എന്നീ ടീമുകൾ ഗ്രൂപ്പ് ബിയിലും ടൂ൪ണമെൻറിൽ മത്സരിക്കും.  
ലീഗടിസ്ഥാനത്തിൽ നടക്കുന്ന പ്രാഥമിക റൗണ്ടിൽ രണ്ട് ഗ്രൂപ്പിൽ നിന്ന് കൂടുതൽ പോയൻറുകൾ നേടുന്ന രണ്ട് വീതം ടീമുകൾ സെമിയിൽ പ്രവേശിക്കും. നോക്കൗട്ട് അടിസ്ഥാനത്തിലായിരിക്കും സെമി ഫൈനൽ, ഫൈനൽ മത്സരങ്ങൾ. പ്രാഥമിക റൗണ്ട് മത്സരങ്ങൾ 21ന് സമാപിക്കും. 22, 23 തീയതികളിൽ സെമി ഫൈനലും 25ന് ഫൈനലും നടക്കും. ഇന്ത്യൻ ടീം ക്യാപ്റ്റൻ സുനിൽ ഛേത്രി സെവൻസ് സ്ട്രൈക്കേഴ്സ് ഏറനാടിൻെറയും  മുഹമ്മദ് റാഫി ഷൂട്ടേഴ്സ് കാസ൪കോടിൻെറയും ച൪ച്ചിൽ ബ്രദേഴ്സ് താരം എം.പി. സക്കീ൪ സോക്ക൪ സുൽത്താൻസ് അരീക്കോടിൻെറയും നായകൻമാരായി ബൂട്ടണിയും. ഇൻറ൪നാഷനൽ താരം സി.എസ്. സിബിത്താണ് കിങ്സ് കോഴിക്കോടിൻെറ നിരയിലെ മിന്നും താരം. മോഹൻബഗാൻ താരം ധൻരാജ് സെവൻ സമുറായി കണ്ണൂരിന് വേണ്ടിയും അജയൻ ടെറിഫിക് ടസ്കേഴ്സ് തിരുവനന്തപുരത്തിന് വേണ്ടിയും കളത്തിലിറങ്ങും.
മേയ് 15ന് സോക്ക൪ സുൽത്താൻസ് അരീക്കോടും കിങ്സ് കോഴിക്കോടും തമ്മിലാണ് ഉദ്ഘാടന മത്സരം. തുട൪ന്നുള്ള  ദിവസങ്ങളിൽ രണ്ട് വീതം മത്സരങ്ങൾ നടക്കും. 15ന് കെ.എഫ്.എ പ്രസിഡൻറ് കെ.എം.ഐ മത്തേ൪ ടൂ൪ണമെൻറ് ഉദ്ഘാടനം ചെയ്യും. ടൂ൪ണമെൻറ് ഫിക്സ്ച൪ കെ.എഫ്.എ ട്രഷറ൪ പി. അഷ്റഫ് പ്രകാശനം ചെയ്തു. 13, 14 തീയതികളിൽ ഫുട്ബാൾ സെമിനാറും ഫിലിം ഫെസ്റ്റിവലും നടക്കും. 15ന് വൈകീട്ട് ഏഴിന് നടക്കുന്ന ഉദ്ഘാടന ചടങ്ങിൻെറ ഭാഗമായി നൃത്തനൃത്യങ്ങളും സംഗീത വിരുന്നും അരങ്ങേറും. ടിക്കറ്റ് എടവണ്ണ സ൪വീസ് സഹകരണ ബാങ്കിൻെറ കൗണ്ടറിലൂടെ വിതരണം ചെയ്യും. സീസൺ ടിക്കറ്റുകളുടെ വിൽപന തുടങ്ങി. കെ.എഫ്.എ സംസ്ഥാന ട്രഷറ൪ പി. അഷ്റഫ്, ഡി.എഫ്.എ സെക്രട്ടറി മുഹമ്മദ് സലീം, സംഘാടക സമിതി കൺവീന൪ പി. ഷംസുദ്ദീൻ, അബ്ദുൽ കരീം, സി.കെ. അബ്ദുറഹിമാൻ എന്നിവ൪ വാ൪ത്താസമ്മേളനത്തിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.