സന്തോഷ് ട്രോഫി: ഉസ്മാന്‍െറ പോരാട്ടത്തില്‍ പ്രതീക്ഷയോടെ കളിക്കൂട്ടുകാര്‍

താനൂ൪: ത്രിപുരയെ തക൪ത്ത് അരങ്ങേറ്റം കുറിച്ച കേരളത്തെ സന്തോഷ് ട്രോഫി ഫുട്ബാൾ കിരീടമണിയിക്കാൻ തങ്ങളുടെ കൂട്ടുകാരൻ ഉസ്മാന് ആകുമെന്ന പ്രതീക്ഷയിലാണ് താനൂ൪ കണ്ണംന്തളിയിലെ സ്പന്ദനം ക്ളബുകാ൪. ത്രിപുരക്കെതിരെ രണ്ട് ഗോൾ നേടിയ ശേഷം കളിക്കൂട്ടുകാരനും വഴികാട്ടിയുമായ മുജീബ് കണ്ണന്തളിയെ വിളിച്ച് ഉസ്മാൻ തൻെറ സുവ൪ണ പ്രതീക്ഷകൾ പങ്കുവെച്ചു. ക്വാ൪ട്ട൪ റൗണ്ട് ഉറപ്പാണെന്നും തുട൪ന്നു വരുന്ന മത്സരങ്ങളിൽ അത്യധ്വാനവും ഭാഗ്യവുമുണ്ടെങ്കിൽ കേരളത്തിന് ഇന്ത്യൻ ഫുട്ബാളിൻെറ രാജകിരീടം സ്വന്തമാക്കാമെന്നും ഉസ്മാൻ പറഞ്ഞു.
കണ്ണംന്തളി പറമ്പത്തു വീട്ടിൽ ഉസ്മാൻ കാൽപന്തു തട്ടി പരിശീലിച്ചത് സ്പന്ദനം കലാ കായിക വേദിയിലൂടെയാണ്. ജില്ലയിലെ ഒട്ടേറെ സെവൻസ് ടൂ൪ണമെൻറുകളിലും ഏകദിന ഫുട്ബാൾ മേളകളിലും കളിച്ച ഉസ്മാൻെറ പ്രതിഭ പുറത്തറിയുന്നത് തിരൂ൪ ബ്രദേഴ്സ് ക്ളബിലൂടെയാണ്. ഈ ക്ളബിനു വേണ്ടി ജില്ലാ ലീഗ് മത്സരത്തിൽ കളിച്ച ഉസ്മാൻ ഏറ്റവും മികച്ച മികച്ച കളിക്കാരനും ടോപ്പ് സ്കോററുമായി. ഉസ്മാൻെറ കളിപാടവം മനസിലാക്കിയ എസ്.ബി.ടി യുടെ മുൻ കോച്ച് ഐ.ടി. നജീബ് കോഴിക്കോട് മലബാ൪ യുനൈറ്റഡ് ക്ളബിലേക്ക് ക്ഷണിച്ചു. കൽപറ്റയിൽ നടന്ന ക്ളബ് ഫുട്ബാൾ മത്സരത്തിൽ മലബാ൪ യുനൈറ്റഡ് ടൈറ്റാനിയത്തിനെതിരെ ഗോൾ നേടിയത് ഉസ്മാൻെറ ഭാഗ്യരേഖയായി. എസ്.ബി.ടി ജോലി വാഗ്ദാനം ചെയ്ത് ഉസ്മാനെ ടീമിലേക്ക് ക്ഷണിച്ചു.
കോച്ച് നജീബും എസ്.ബി.ടിയിൽ ചേരാൻ ഉപദേശിച്ചു. ക്ളബ് ഫുട്ബാൾ മത്സരത്തിൽ ടൈറ്റാനിയത്തിനെതിരെ ഉസ്മാൻ നേടിയ അവിസ്മരണീയ ഗോളുകൾ കേരളത്തിൻെറ കഴിഞ്ഞ വ൪ഷത്തെ സന്തോഷ് ട്രോഫി കോച്ചിൻെറ ശ്രദ്ധയിൽപെട്ടു. ഇതിനെത്തുട൪ന്ന് ആസാമിൽ നടന്ന കഴിഞ്ഞ വ൪ഷത്തെ സന്തോഷ് ട്രോഫി കളിക്കാൻ ഭാഗ്യം ലഭിച്ചു. ഈ ടൂ൪ണമെൻറിൽ ഉസ്മാൻ മികവുറ്റ കളി പുറത്തെടുത്തെങ്കിലും കിരീടനേട്ടം കേരളത്തിനുണ്ടായില്ല.
ഈ വ൪ഷം ഇ.കെ. നായനാ൪ ഫുട്ബാൾ ടൂ൪ണമെൻറിലടക്കം ഹാട്രിക് നേടിയ ഉസ്മാൻ ഒഡീഷയിൽ സംസ്ഥാനത്തിൻെറ ഫുട്ബാൾ പ്രതാപം തിരിച്ചു പിടിച്ചേക്കുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ സന്തോഷ് ട്രോഫിക്കു തൊട്ടു മുമ്പാണ് അൽഐനിൽ ജോലി ചെയ്തിരുന്ന ഉസ്മാൻെറ പിതാവ് വാഹനാപകടത്തിൽ മരിച്ചത്. മൂന്ന്് സഹോദരന്മാരും  രണ്ട് സഹോദരിമാരുമുണ്ട് ഉസ്മാന്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.