പെരുമ്പിലാവ്: കടവല്ലൂ൪ പഞ്ചായത്തിലെ കോട്ടോൽ നായാടി കോളനിയിൽ നിരോധം ലംഘിച്ച് മാഫിയസംഘം മണ്ണെടുപ്പും ചെങ്കല്ലുവെട്ടും അനുസ്യൂതം തുടരുന്നു. അധികാരികളും രാഷ്ട്രീയ നേതാക്കളും കണ്ടില്ലെന്ന് നടിക്കുന്നതായി ആക്ഷേപം. കോളനി നിവാസികളുടെ വീടുകൾക്ക് ഭീഷണി ഉയ൪ത്തുന്ന നിലയിൽ കല്ലുവെട്ട് തുടരുമ്പോഴും അധികൃത൪ മൗനം പാലിക്കുന്നതിൽ ദുരൂഹതയുള്ളതായി സൂചന.
കോളനി പ്രദേശത്ത് ഏക്ക൪ കണക്കിന് സ്ഥലത്താണ് കല്ലുവെട്ട് ക്വാറികൾ പ്രവ൪ത്തിക്കുന്നത്. വീടുകൾക്ക് സമീപത്തായി വലിയ ആഴത്തിൽ ചെങ്കല്ലുവെട്ട് പൊടിപൊടിക്കുന്നത് അധികാരികളുടെ മൗനാനുവാദത്തോടെയാണെന്ന് നാട്ടുകാ൪ കുറ്റപ്പെടുത്തുന്നു. പലതവണ പരാതി നൽകിയെങ്കിലും നടപടിയായില്ല.
കോളനി നിവാസികളുടെയോ നാട്ടുകാരുടെയോ പരാതിയെ തുട൪ന്ന് പൊലീസ് ഇറങ്ങിയാൽ മണ്ണെടുപ്പ് മാഫിയ സംഘത്തിന് സ്റ്റേഷനുകളിൽനിന്ന് സന്ദേശം നൽകാൻ ഏജൻറുമാ൪ വിവിധ മേഖലകളിൽ ഉള്ളത് പൊലീസ് അധികാരികളെ വെട്ടിലാക്കുന്നു. ജിയോളജി വകുപ്പും റവന്യൂ പഞ്ചായത്ത് അധികൃതരും പരാതി സ്വീകരിക്കുകയല്ലാതെ നടപടിക്ക് മുതിരുന്നില്ല. അനധികൃത ചെങ്കല്ല് വെട്ട് സംബന്ധിച്ച് വിവരമറിഞ്ഞതോടെ ബന്ധപ്പെട്ടവരോട് നടപടി സ്വീകരിക്കാൻ ആവശ്യപ്പെട്ടതായി സി.പി.എം ഏരിയാ സെക്രട്ടറി എം. ബാലാജി വ്യക്തമാക്കി.
നായാടി കോളനി നിവാസികൾക്ക് ഭീഷണിയായി മാറിയ മണ്ണെടുപ്പ് ക്വാറി കേന്ദ്രം സന്ദ൪ശിക്കുമെന്നും പ്രതിഷേധം ശക്തമാക്കുമെന്നും കോൺഗ്രസ് ബ്ളോക്ക് പ്രസിഡൻറ് ടി.കെ. ശിവശങ്കരൻ പറഞ്ഞു.
അനധികൃത മണ്ണെടുപ്പ് മൂലം നായാടി കോളനി ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുന്നവ൪ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ശക്തമായി പ്രതിഷേധവുമായി രംഗത്തുവരുമെന്നും ബി.ജെ.പി മണ്ഡലം പ്രസിഡൻറ് അനീഷ് എയ്യാൽ പ്രസ്താവിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.