തലസ്ഥാനത്ത് അത്യാധുനിക ഫിലിം സിറ്റി

തിരുവനന്തപുരം: തലസ്ഥാനത്ത് അത്യാധുനിക സംവിധാനങ്ങളോടെയുള്ള ഫിലിം സിറ്റി നി൪മിക്കാൻ ആലോചന. തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയുടെ ഭാഗമായുള്ള അമ്പതേക്ക൪ സ്ഥലമാണ് ഇതിന് പ്രയോജനപ്പെടുത്തുന്നത്. ഫിലിം സിറ്റിക്കൊപ്പം ആധുനിക രീതിയിലുള്ള അമ്യൂസ്മെൻറ് പാ൪ക്കും നി൪മിക്കും. ഇവയ്ക്കുള്ള സാധ്യതാപഠനങ്ങൾ സംസ്ഥാന വ്യവസായവകുപ്പ് ആരംഭിച്ചു.
സംസ്ഥാന ചലച്ചിത്ര വികസന കോ൪പറേഷനാ(കെ.എസ്.എഫ്.ഡി.സി)ണ് ഫിലിം സിറ്റി യാഥാ൪ഥ്യമാക്കുന്നത്. 450 കോടി നി൪മാണച്ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി മൂന്ന് മാസത്തിനകം ടെൻഡ൪ നടപടികൾ പൂ൪ത്തിയാക്കും. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ പദ്ധതി പൂ൪ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.
അത്യാധുനിക രീതിയിലുള്ള ക്രെയ്ൻ, ട്രോളി, മൊബൈൽ യൂനിറ്റുകൾ, പോസ്റ്റ് പ്രൊഡക്ഷൻ സംവിധാനങ്ങൾ എന്നിവ ഫിലിംസിറ്റിയിൽ ലഭ്യമാക്കും. ഫിലിം സിറ്റിയും പാ൪ക്കും നി൪മിക്കുന്ന സ്ഥലമാണ് പദ്ധതിക്കായി കെ.എസ്.എഫ്.ഡി.സി സംഭാവന ചെയ്യുന്നത്. 150 കോടിയോളം  വരുന്നതാണ് ഈ സ്ഥലം. ബാക്കി തുക സ്വകാര്യ സംരംഭകരിൽ നിന്നു സ്വരൂപിക്കാനാണുദ്ദേശിക്കുന്നത്. അമ്യൂസ്മെൻറ് പാ൪ക്ക് കോവളത്തെത്തുന്ന വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ടാണ് നി൪മിക്കുന്നത്. ഇപ്പോൾ ചെന്നൈ, മുംബൈ ഫിലിം സിറ്റികളിലാണ് മലയാള സിനിമകൾ ചിത്രീകരിക്കുന്നത്. തിരുവനന്തപുരത്ത് ഫിലിം സിറ്റി യാഥാ൪ഥ്യമായാൽ നി൪മാതാക്കൾക്ക് വളരെയേറെ പ്രയോജനമാകും.
ആധുനിക സംവിധാനങ്ങൾ ഉപയോഗപ്പെടുത്തുന്നതിനാൽ ഗുണമേന്മയുടെ കാര്യത്തിൽ ആശങ്കയും വേണ്ട. സാധ്യതാപഠനത്തിനു ശേഷം എത്രയും പെട്ടെന്ന് പദ്ധതി ആരംഭിക്കാനാണ് കെ.എസ്.എഫ്.ഡി.സിയുടെ നീക്കം.
ഇതുകൂടാതെ നാലു വ൪ഷത്തിനകം സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളിലായി 30 തിയറ്റ൪ കോപ്ളക്സുകൾ നി൪മിക്കാനും കെ.എസ്.എഫ്.ഡി.സി പദ്ധതിയിടുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.