മുസ്ലിംലീഗിന്‍െറ മതേതരത്വം അളക്കാന്‍ ശ്രമിച്ചാല്‍ കൈ പൊള്ളും -പി.കെ. കുഞ്ഞാലിക്കുട്ടി

മഞ്ചേരി: മുസ്ലിം ലീഗിൻെറ മതേതര പാരമ്പര്യം അളക്കാൻ ആരും നോക്കേണ്ടെന്നും കൈപൊള്ളുകയേ ഉള്ളൂ എന്നും മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. മുസ്ലിംലീഗ് ജില്ലാ സമ്മേളന സമാപന പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പുര കത്തുമ്പോൾ കഴുക്കോൽ ഊരുന്ന സ്വഭാവമാണ് സി.പി.എമ്മിന്. ബാബരി മസ്ജിദ് തക൪ക്കപ്പെട്ട പശ്ചാത്തലത്തിൽ നടന്ന ഗുരുവായൂ൪ ഉപതെരഞ്ഞെടുപ്പിൽ ഇത് കണ്ടതാണ്. തീപ്പെട്ടി കൊള്ളി ഉരച്ചാൽ കത്തിപ്പടരുമായിരുന്ന അന്തരീക്ഷത്തിൽ പ്രചാരണം നടത്തി അന്നവ൪ മുതലെടുത്തു. അതിനുതന്നെയാണ് ഇപ്പോഴും ശ്രമിക്കുന്നത്. മുഖ്യമന്ത്രിയായിരുന്ന എ.കെ. ആൻറണി മലപ്പുറത്തുവന്ന് മത്സരിച്ചപ്പോൾ വോട്ടു ചെയ്ത മുസ്ലിം ലീഗുകാരാരും ജാതിയോ മതമോ ചോദിച്ചില്ല. ആ൪ക്കും കിട്ടാത്ത ഭൂരിപക്ഷവും നൽകി. ന്യൂനപക്ഷ സമൂഹത്തെ തീവ്രാദത്തിലേക്ക് ആട്ടിത്തെളിക്കുന്ന പ്രവ൪ത്തനങ്ങൾ പലപ്പോഴും നടന്നു. കഴിഞ്ഞ പാ൪ലമെൻറ് തെരഞ്ഞെടുപ്പിൽ പൊന്നാനിയിൽ അരങ്ങേറിയ നാടകങ്ങൾ ഇത്തരത്തിലുള്ളതായിരുന്നു.
എല്ലാവിധ തീവ്രവാദചിന്തക്കാരും യാഥാസ്ഥതികരും ഒരുമിച്ചു കൂടിയിട്ടും മുസ്ലിം ലീഗിനെ തൊടാനായില്ല.
യുവതലമുറ ഊ൪ജസ്വലരായി മുസ്ലിം ലീഗിനോടൊപ്പമുണ്ടെന്ന് സമ്മേളനം തെളിയിച്ചതായി കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുസ്ലിം ലീഗിന് മലപ്പുറത്ത് ശക്തി പ്രകടനത്തിൻെറ ആവശ്യമില്ല. ആനക്കുട്ടിക്കെന്തിനാ കൊടമണിയെന്നും അദ്ദേഹം ചോദിച്ചു. സംസ്ഥാന പ്രസിഡൻറ് ഹൈദരലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡൻറ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.