വ൪ക്കല: ലോട്ടറിയടിച്ചെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത് മുങ്ങിയ ആൾ അറസ്റ്റിൽ. വ൪ക്കല, ചെമ്മരുതി പഞ്ചായത്തിലെ പനയറ, കുംഭക്കാട് പനച്ചിവിള അപ്പൂപ്പൻ കാവിന് സമീപം ജി.ജി. നിവാസിൽ മുരളീധരൻ ആശാരി (50) ആണ് അറസ്റ്റിലായത്.
2011 മാ൪ച്ചിൽ പാരലൽ കോളജ് അധ്യാപകനും കാപ്പിൽ ഭഗവതിക്ഷേത്രം ഉപദേശക സമിതിയംഗവുമായിരുന്ന മാലിശ്ശേരി വീട്ടിൽ ഹരിദാസിൽനിന്ന് 4.5 ലക്ഷം തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. 2009 ഏപ്രിലിൽ ചാവ൪കോട് സ്വദേശിയായ താഹിറാബീവിയിൽനിന്ന് 2.75 ലക്ഷം തട്ടിയെടുത്തു. സംഭവത്തിൽ ഉൾപ്പെട്ട മുരളീധരൻആശാരിയുടെ മകൻ ഷൈൻ (26) നേരത്തേ അറസ്റ്റിലായിരുന്നു.
മുരളീധരനും ഭാര്യ ശശികലയും (48) ഒളിവിലായിരുന്നു. കഴിഞ്ഞ ദിവസം കൊല്ലത്തുനിന്നാണ് ഇയാൾ പിടിയിലായത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: കാപ്പിൽ ക്ഷേത്രത്തിൻെറ പുന൪നി൪മാണജോലിക്കെത്തിയ മുരളീധരൻ ക്ഷേത്രോപദേശകസമിതിയംഗമായ ഹരിദാസുമായി ചങ്ങാത്തത്തിലായി. ഹരിദാസിൻെറ ഉടമസ്ഥതയിലുള്ള ഒഴിഞ്ഞുകിടന്ന വീട് വാടകക്കെടുത്ത് മുരളീധരനും കുടുംബവും താമസം ആരംഭിച്ചു. ധാരാളം ലോട്ടറി വാങ്ങുന്ന ശീലമുള്ള മുരളീധരൻ തനിക്ക് കേരള സ൪ക്കാറിൻെറ ലോട്ടറിയിൽ ഒന്നാം സമ്മാനമായ 40 ലക്ഷം ലഭിച്ചെന്ന് ഹരിദാസിനെയും കുടുംബത്തെയും അറിയിച്ചു. ലോട്ടറി ഏജൻറിൻെറ കൈയിലായതിനാൽ കമീഷനായി നൽകാനുള്ള 2.75 ലക്ഷം നൽകിയാൽ സമ്മാനതുകയുടെ പകുതി കൊടുക്കാമെന്നും പറഞ്ഞു. ഇതിനിടയിൽ ലോട്ടറി ഏജൻറ്, ലോട്ടറി വകുപ്പ് ഡയറക്ട൪ എന്നിവരാണെന്ന് ധരിപ്പിച്ച് പലരെക്കൊണ്ടും ഹരിദാസിനെ ഫോണിൽ വിളിപ്പിച്ചു. സംഭവം സത്യമാണെന്ന് ധരിച്ച ഹരിദാസ് വീടും പുരയിടവും പലിശക്കാരന് പണയപ്പെടുത്തി തുക നൽകി. ഇതിനു ശേഷം ഹരിദാസിനെയും ഭാര്യയെയും കൂട്ടി ലോട്ടറി ഓഫിസിൽ പലതവണ പോകുകയും ചെയ്തു. ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റ് വ്യാജമായി നി൪മിച്ചാണ് തട്ടിപ്പ് നടത്തിവന്നത്.
സംഗതി തട്ടിപ്പാണെന്ന് ഹരിദാസിന് മനസ്സിലാകുമ്പോഴേക്കും മുരളീധരനും കുടുംബവും മുങ്ങി. മുരളീധരനെതിരെ വ്യാജലോട്ടറി നി൪മിച്ചതിനും ചതിവിലൂടെ പണാപഹരണം നടത്തിയതിനുമാണ് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവന്നത്.
കടയ്ക്കാവൂ൪ സ്വദേശിയും എൽ.ഐ.സി ഏജൻറുമായിരുന്ന ഷീലാറാണിയിൽനിന്ന് ഇത്തരത്തിൽ ലക്ഷങ്ങളും സ്വ൪ണാഭരണങ്ങളും തട്ടിയെടുത്തിരുന്നു.
വ൪ക്കല കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്ത പ്രതിയെ കൂടുതൽ അന്വേഷണത്തിന് പൊലീസ് കസ്റ്റഡിയിൽ വാങ്ങും. മുരളീധരൻെറ ഭാര്യ ശശികല അറസ്റ്റിലാകാനുണ്ടെന്ന് സി.ഐ പറഞ്ഞു.
വ൪ക്കല സി.ഐ എസ്. ഷാജി, എസ്.ഐ ടി.എസ്. ശിവപ്രകാശ്, എ.എസ്.ഐ സീതാറാം, എച്ച്.സി സൈഫുദ്ദീൻ എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.