മാവൂ൪: ഗ്രാമീണ ശുദ്ധജല വിതരണ പദ്ധതിയിൽ വെള്ളം ശേഖരിക്കുന്നതിനുവേണ്ടി നി൪മിച്ച ഗാലറിയിൽ മാലിന്യം നിറഞ്ഞത് നാട്ടുകാരെ ആശങ്കയിലാഴ്ത്തി. മാവൂ൪ പഞ്ചായത്തിലെ താത്തൂ൪പൊയിലിൽ ചാലിയാ൪ പുഴയോരത്തുള്ള ഗാലറിയിലും ചുറ്റുവട്ടത്തിലുമാണ് മാലിന്യം കുമിഞ്ഞുകൂടിയത്. മാവൂ൪ പഞ്ചായത്തിലെയും പരിസരങ്ങളിലെയും ആയിരക്കണക്കിന് കുടുംബങ്ങൾ കുടിക്കുന്നതിനും മറ്റ് ഗാ൪ഹികാവശ്യങ്ങൾക്കും ഈ വെള്ളമാണ് ഉപയോഗിക്കുന്നത്. പുഴയിലൂടെ ഒലിച്ചെത്തുന്ന മഴവെള്ളത്തിലൂടെയും അല്ലാതെയുമുള്ള മാലിന്യങ്ങളാണ് അടിഞ്ഞുകൂടിയത്.
ഗാലറിക്കു മുകളിൽ ഗ്രിൽസിൻെറ സംരക്ഷണ കവചം നി൪മിച്ചിട്ടുണ്ടെങ്കിലും പുഴയിലെ ജലനിരപ്പ് ഉയരുന്നതോടെ മാലിന്യമെല്ലാം സംരക്ഷണ കവചത്തിനു മുകളിൽ കുമിഞ്ഞുകൂടും. 20 വ൪ഷം മുമ്പാണ് താത്തൂ൪പൊയിലിൽ ജലവിതരണ പദ്ധതിക്കുവേണ്ടി പമ്പ് ഹൗസും ഗാലറിയും ഒരു കിലോമീറ്റ൪ അകലെ കരിമലയുടെ മുകളിൽ ജലസംഭരണിയും സ്ഥാപിച്ചത്.
അതിനുശേഷം കാര്യമായി അറ്റകുറ്റപ്പണി നടത്താനോ കുമിഞ്ഞുകൂടിയ മാലിന്യം നീക്കാനോ അധികൃതരുടെ ഭാഗത്തുനിന്നും ഒരു ശ്രമവുമുണ്ടായിട്ടില്ല. ഇപ്പോൾ ഗാലറിയുടെ പുഴയോടു ചേ൪ന്ന ഭാഗത്ത് മുട്ടോളം ഉയരത്തിൽ പുല്ലും കുറ്റിക്കാടുകളും നിറഞ്ഞിട്ടുണ്ട്. ഗാലറിയിലേക്ക് മാലിന്യം എത്താതിരിക്കാൻ ഇതിനുചുറ്റും സംരക്ഷണഭിത്തി സ്ഥാപിക്കണമെന്ന ആവശ്യം നേരത്തെ ഉയ൪ന്നിരുന്നു. എന്നാൽ, നടപടിയുണ്ടായിട്ടിട്ടില്ല. പുഴയിൽനിന്ന് ശേഖരിച്ച വെള്ളം ഗാലറിയിൽനിന്നും ജലസംഭരണിയിലേക്ക് പമ്പുചെയ്യുകയാണ് ചെയ്യുന്നത്.
പമ്പിങ്ങിനു മുമ്പ് സമീപത്തെ ചേംബറിൽ ബ്ളീച്ചിങ് പൗഡറിട്ട ശേഷം പമ്പുചെയ്യുന്ന വെള്ളത്തിലേക്ക് നേരിട്ട് കല൪ത്തിയുള്ള ശുദ്ധീകരണ പ്രക്രിയ മാത്രമാണ് ചെയ്യുന്നത്. ഇങ്ങനെ വൃത്തിഹീനമായി കിടക്കുന്ന വെള്ളം പൊതുജനങ്ങൾക്ക് വിതരണം ചെയ്യുന്നത് സാംക്രമിക രോഗഭീഷണി ഉയ൪ത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.