കൊച്ചി: മൂന്ന് മത്സരം, മൂന്ന് ജയം- ഐ ലീഗിൽ നിലനിൽക്കണമെങ്കിൽ കേരളത്തിന്റെ പ്രതിനിധികളായ ചിരാഗ് യുനൈറ്റഡ് കേരളക്ക് ഇനി തോൽക്കാനാകില്ല. ലീഗിലെ നിലനിൽപ്പ് സാധ്യതകൾ ഏറെ ദുഷ്കരമായിരിക്കേ, അവശേഷിക്കുന്ന മൂന്ന് മത്സരങ്ങളിലും വിജയം അനിവാര്യമായ ചിരാഗ് ആദ്യ പരീക്ഷണത്തിന് ഇന്നിറങ്ങും. കലൂ൪ ജവഹ൪ലാൽ നെഹ്റു സ്റ്റേഡിയത്തിൽ ബുധനാഴ്ച വൈകുന്നേരം മൂന്നിന് നടക്കുന്ന മത്സരത്തിൽ ദു൪ബലരായ പൈലൻ ആരോസാണ് എതിരാളികൾ. നിലവിൽ 23 മത്സരങ്ങൾ പൂ൪ത്തിയാക്കിയ ചിരാഗ് 17 പോയന്റുമായി 12ാം സ്ഥാനത്താണ്.
പോയന്റ് നിലയിൽ ചിരാഗിന് തൊട്ടുമുന്നിലുള്ള മുംബൈ എഫ്.സിയെ മറികടന്ന് ഐ ലീഗിൽ നിലനിൽക്കണമെങ്കിൽ പൈലൻ ആരോസിനോടുള്ള മത്സരത്തിന് പുറമെ മറ്റ് രണ്ട് മത്സരങ്ങളിലും വിജയിക്കണം. തോറ്റാൽ രണ്ടാം ഡിവിഷനിലേക്ക് ചിരാഗ് തരം താഴ്ത്തപ്പെടും. ഇതിൽ ഒരു മത്സരം മുംബൈ എഫ്.സിയുമായും മറ്റൊന്ന് കരുത്തരായ സാൽഗോക്കറുമായാണ്. ഈ മത്സരങ്ങളിലെല്ലാം വിജയിച്ചാൽ 26 പോയന്റുമായി ചിരാഗിന് മുംബൈ എഫ്്.സിയെ മറികടന്ന് ലീഗിൽ നിലനിൽക്കാം. ഇതിൽ രണ്ട് മത്സരങ്ങളിൽ വിജയവും ഒന്നിൽ സമനില നേടിയാലും ടീമിന് നേരിയ സാധ്യത കൽപ്പിക്കുന്നുണ്ട്. 40 പോയന്റുമായി സാൽഗോക്ക൪ ലീഗിൽ ഏഴാം സ്ഥാനത്താണ്. 25 കളികൾ പൂ൪ത്തിയാക്കിയ മുംബൈ എഫ്.സിക്ക് 24 പോയന്റാണുള്ളത്. ഏപ്രിൽ 29 നാണ് സാൽഗോക്കറുമായുളള മത്സരം. മുംബൈ എഫ്.സിയുമായുള്ള മത്സരം മേയ് ആറിന് കൊച്ചിയിലാണ്. ഏതെങ്കിലുമൊരു മത്സരത്തിൽ ചിരാഗ് പരാജയപ്പെട്ടാൽ മുംബൈ എഫ്.സി ലീഗിൽ നിലനിൽക്കും.
അവസാനഘട്ടത്തിൽ ച൪ച്ചിൽ ബ്രദേഴ്
സിനെതിരെയുള്ള മത്സരത്തിൽ 4- 0 പരാജയപ്പെടുത്തിയെങ്കിലും കരുത്തരായ ഈസ്റ്റ് ബംഗാളിനെ വിറപ്പിച്ച പ്രകടനം ചിരാഗിന്റെ ആത്മവിശ്വാസം വ൪ധിപ്പിക്കുന്നുണ്ട്. 4 -3 നായിരുന്നു ഈസ്റ്റ് ബംഗാളിനെതിരെയുള്ള മത്സരത്തിൽ ചിരാഗിന്റെ കീഴടങ്ങൽ. ഈ മത്സരത്തിൽ മുന്നേറ്റ നിരക്കാരൻ ഡേവിഡ് സൺഡെ ഹാട്രിക് നേടിയതും ടീമിന് ആവേശം പക൪ന്നിട്ടുണ്ട്. കഴിഞ്ഞ കളികളിൽ കളിക്കാതിരുന്ന അനിൽകുമാ൪ ചിരാഗിനായി ബുധനാഴ്ച കളത്തിലിറങ്ങും. ഇരുടീമുകളും ചൊവ്വാഴ്ച കലൂ൪ സ്റ്റേഡിയത്തിൽ പരിശീലനം നടത്തി.
പത്ത് പോയന്റുമായി പൈലൻ ആരോസ് 13ാം സ്ഥാനത്തും എട്ട് പോയന്റുമായി എച്ച്.എ.എൽ 14ാം സ്ഥാനത്തുമാണ്. എച്ച്.എ.എൽ രണ്ടാം ഡിവിഷനിലേക്ക് തരം താഴ്ത്തപ്പെടുമെന്ന് ഉറപ്പായി. ഓൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷന്റെ ടീമായതിനാൽ പൈലൻ ആരോസിന് തരം താഴ്ത്തൽ ഭീഷണിയില്ല. സെലിബ്രിറ്റി ക്രിക്കറ്റ് മത്സരം നടത്താനായി മാറ്റിവെച്ച കളിയാണ് ബുധനാഴ്ച നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.