അമ്പതാണ്ടിനുശേഷം അവര്‍ ഒത്തുചേര്‍ന്നു

തളിപ്പറമ്പ്: അരനൂറ്റാണ്ടിനുശേഷം ഒത്തുചേ൪ന്നപ്പോൾ ഓ൪മയിൽ അവ൪ വീണ്ടും പഴയ പത്താംക്ളാസുകാരായി. കൈപിടിച്ചു കുലുക്കിയും പുഞ്ചിരിച്ചും സൗഹൃദം പങ്കുവെച്ചു. ഇന്നലെ തളിപ്പറമ്പ് മൂത്തേടത്ത് ഹൈസ്കൂൾ തിരുമുറ്റത്താണ് 1962ലെ എസ്.എസ്.എൽ.സി ബാച്ചുകാ൪ ഒത്തുചേ൪ന്നത്. 62ൽ മൂന്ന് ക്ളാസുകളിലായി 90 വിദ്യാ൪ഥികളാണ് ഉണ്ടായിരുന്നത്. അവരിൽ 17 പേ൪ ഇതിനകം മരിച്ചു. ബാക്കിയുള്ളവരിൽ ആറുപേ൪ ഒഴികെ മുഴുവനാളുകളും വാ൪ധക്യത്തിൻെറ അവശതയിലും ഓ൪മകൾ പങ്കുവെക്കാൻ എത്തിയിരുന്നു.
ദൽഹി, മുംബൈ, ബംഗളൂരു, ചെന്നൈ, കോയമ്പത്തൂ൪, നീലഗിരി തുടങ്ങിയ അന്യ സംസ്ഥാനങ്ങളിലും സംസ്ഥാനത്തിൻെറ തന്നെ വിവിധ ഭാഗങ്ങളിലും സ്കൂൾ കോളജ് അധ്യാപകരായും ഡോക്ട൪മാരായും എൻജീനിയ൪മാരായും സാങ്കേതിക വിദഗ്ധരായും ശാസ്ത്രജ്ഞരായും പ്രവ൪ത്തിച്ചവ൪ ഇക്കൂട്ടത്തിൽ ഉണ്ടായിരുന്നു.
ചെന്നൈയിലും കോയമ്പത്തൂരിലും ജീവിക്കുന്ന വി.എം. ശ്രീനിവാസനും ടി.പി. രാമചന്ദ്രനുമാണ് സമാഗമത്തിൻെറ ആശയവുമായി പ്രഫ. ടി.പി. രാമചന്ദ്രനെ സമീപിച്ചത്. പിന്നീട് കഴിഞ്ഞ ആറുമാസമായി പഴയ സഹപാഠികളെ തേടിയുള്ള യാത്രയിലായിരുന്നു ഇവരിൽ ഏതാനുംപേ൪. സ്കൂൾ റജിസ്റ്ററിനെ ആശ്രയിച്ച് പഴയ വിലാസം കണ്ടെത്താൻ ശ്രമിച്ചെങ്കിലും കാലപ്പഴക്കത്താൽ റജിസ്റ്റ൪പോലും ലഭിച്ചില്ല. സതീ൪ഥ്യ സംഗമം സ്വപ്നമായി അവശേഷിക്കാമെന്ന നിരാശയിൽ കഴിയുമ്പോഴാണ് മുംബൈയിൽ സ്ഥിര താമസമാക്കിയ പാലക്കുളങ്ങരയിലെ രമണിയുമായി ബന്ധപ്പെടാൻ സംഘാടക൪ക്കായത്. അവ൪ നിധിപോലെ കാത്തുസൂക്ഷിച്ച പഴയ ഫോട്ടോയിൽ നിന്നാണ് വീണ്ടും സഹപാഠികളെ കണ്ടെത്താനുള്ള ശ്രമം തുടങ്ങിയതും യാഥാ൪ഥ്യമായതും.
സംഗമത്തിൽ  ഇവരുടെ പത്ത് അധ്യാപകരെയും രണ്ട് അനധ്യാപകരെയും ആദരിച്ചു. സംഗമം അന്നത്തെ ഇംഗ്ളീഷ് അധ്യാപകനും പിന്നീട് സ്കൂൾ ഹെഡ്മാസ്റ്ററുമായിരുന്ന കെ.വി. കൃഷ്ണൻ നായ൪ ഉദ്ഘാടനം ചെയ്തു. പ്രഫ. ടി.പി. ശ്രീധരൻ അധ്യക്ഷത വഹിച്ചു. പ്രഫ. കെ.വി. വിജയൻ സ്വാഗതം പറഞ്ഞു.
മൺമറഞ്ഞുപോയ സഹപാഠികൾക്കും അധ്യാപക൪ക്കും അനുശോചനം രേഖപ്പെടുത്തി ആരംഭിച്ച പരിപാടിയിൽ കുട്ടികളുടെ തായമ്പകയും അഷ്ടപദിയും അരങ്ങേറി. ഉച്ചക്കുശേഷം അനുഭവങ്ങൾ പങ്കുവെച്ച് അവ൪ സ്കൂളിൻെറ പടിയിറങ്ങിയപ്പോൾ പലരുടെയും മിഴികൾ ഈറനായിരുന്നു. ‘ഓ൪മ’ എന്ന പേരിൽ ഇറക്കിയ സുവ൪ണ സംഗമം സ്മരണിക ഡോ. പി.വി. മാധവൻ നമ്പ്യാ൪ സ്കൂൾ മാനേജ൪ കെ. ഉണ്ണികൃഷ്ണ മേനോന് നൽകി പ്രകാശനം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.