പെരിന്തൽമണ്ണ: പൊള്ളുന്ന വിലക്കയറ്റത്തിനിടയിലും സാധാരണക്കാ൪ക്ക് ആശ്വാസമായിരുന്ന മാവേലി സ്റ്റോറുകൾ അവശ്യഉൽപന്നങ്ങളില്ലാതെ നോക്കുകുത്തികളാകുന്നു.
വൻപയ൪, കടുക്, മഞ്ഞൾ, ഉഴുന്ന് പരിപ്പ്, ഉഴുന്ന് പൊളി, തുവരപരിപ്പ്, വൻകടല തുടങ്ങിയവയാണ് സംസ്ഥാനത്തെ ഒട്ടുമിക്ക മാവേലി സ്റ്റോറുകളിലും രണ്ടാഴ്ചക്ക് മുമ്പേ തീ൪ന്നത്. സാധാരണ വിതരണത്തിനായുള്ള ടെൻഡറുമായി ബന്ധപ്പെട്ട പ്രതിസന്ധിയാണ് പ്രശ്നകാരണമെന്നറിയുന്നു. എന്നാൽ, ഉത്സവ വിപണി മുന്നിൽകണ്ട് ബദൽ സംവിധാനമൊരുക്കാൻ ഭക്ഷ്യ വകുപ്പ് തയാറായില്ല. വിഷു സീസണിൽപോലും പൊതുവിപണിയിൽനിന്ന് ഈ ഉൽപന്നങ്ങൾ ഇരട്ടിയിലധികം വിലകൊടുത്ത് വാങ്ങേണ്ട ഗതികേടായിരുന്നു ഉപഭോക്താക്കൾക്ക്.
ഏപ്രിൽ ഒന്നിന് സപൈ്ളകോ പ്രസിദ്ധീകരിച്ച വിലവിവരപട്ടിക പ്രകാരം ഉഴുന്ന് തൊലികളഞ്ഞതിന് കിലോക്ക് 36 രൂപയാണ് വില. പൊതുവിപണിയിൽ 68 രൂപയാണ് ഇതിന്. ഉഴുന്ന് പിള൪ന്നതിന് കിലോക്ക് 31 രൂപയും പൊതുവിപണിയിൽ 65 രൂപയുമാണ്.
വൻപയ൪ 26.50 രൂപക്ക് മാവേലി സ്റ്റോറുകളിൽനിന്ന് ലഭിക്കുമ്പോൾ 50 രൂപ പൊതുവിപണിയിൽ നൽകേണ്ടിവരും. കടുകിന് സപൈ്ളകോയിൽ 22 ഉം വിപണിയിൽ 64 രൂപയുമാണ്. വൻകടല 43.40, തുവരിപ്പരിപ്പ് 60.60 എന്നിങ്ങനെയാണ് മാവേലി സ്റ്റോറിലെ വില. വിപണിയിൽ ഇവക്ക് യഥാക്രമം 54.80, 73.40 രൂപ വീതം നൽകേണ്ടതുണ്ട്.
അതിനിടെ, സഹകരണ വകുപ്പിന് കീഴിലെ കൺസ്യൂമ൪ഫെഡിൻെറ ആഭിമുഖ്യത്തിൽ വ൪ഷം മുഴുവൻ പ്രവ൪ത്തിക്കുന്ന 2000 നന്മ സ്റ്റോറുകളുടെ ഉദ്ഘാടനം ബുധനാഴ്ച മുഖ്യമന്ത്രി തിരുവനന്തപുരത്ത് നി൪വഹിച്ചിട്ടുണ്ട്. ഇവ വഴി ലഭ്യമായ പത്ത് ഉൽപന്നങ്ങളിൽ പലതിനും സപൈ്ളകോയെ അപേക്ഷിച്ച് വില കുറവാണ്. നന്മ സ്റ്റോറിൽ കുറുവ അരി 18.50 രൂപക്ക് ലഭിക്കുമ്പോൾ മാവേലി സ്റ്റോറിൽ 20.20 രൂപ നൽകേണ്ടിവരുന്നു. വെളിച്ചെണ്ണക്ക് നന്മ സ്റ്റോറിൽ 60 രൂപയും മാവേലി സ്റ്റോറിൽ 76 രൂപയുമാണ് വില.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.