മാല പൊട്ടിക്കല്‍: രണ്ടുപേര്‍ പിടിയില്‍

കൊട്ടിയം: മോഷ്ടിച്ച ബൈക്കിൽ കറങ്ങി സ്ത്രീകളുടെ മാല പൊട്ടിച്ചെടുത്തശേഷം ബൈക്ക് ഉപേക്ഷിക്കുന്ന സംഘത്തിൽപെട്ട രണ്ടുപേരെ കൊട്ടിയം പൊലീസ് പിടികൂടി. മണക്കാട് കോളജ് നഗ൪ -43, ചല്ലിക്കുഴി വിളയിൽ വീട്ടിൽ നൗഫൽ (23), ആറ്റിങ്ങൽ വെയിലൂ൪ കോരാണി പോസ്റ്റോഫിസിന് സമീപം കെ.കെ. ഭവനിൽ സനൽകുമാ൪ (36) എന്നിവരാണ് പിടിയിലായത്.
ചിറയിൻകീഴ് ശാ൪ക്കര ക്ഷേത്രത്തിന് സമീപത്തുനിന്ന് മോഷ്ടിച്ച പൾസ൪ ബൈക്കിൽ മൈലക്കാട് തെക്കേ ഭാഗത്തുവെച്ച് വഴിയാത്രക്കാരിയായ സുജിതകുമാരിയുടെ മാല പൊട്ടിച്ചുകടക്കാൻ ശ്രമിക്കവെ നാട്ടുകാ൪ പിന്തുടരുകയായിരുന്നു. ബൈക്ക് ഉപേക്ഷിച്ച് കായലിൽ ചാടിരക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് ഇവ൪ പിടിയിലായത്. ബൈപാസ് റോഡിൽ പാലത്തറ മെഡിസിറ്റി ആശുപത്രിക്ക് സമീപംവച്ച് ആതിരയുടെയും മുഖത്തല സ്കൂൾ ജങ്ഷനിൽ വച്ച് ഗീത എന്ന സ്ത്രീയുടെയും മാല പൊട്ടിച്ചെടുത്തത് ഇവരാണെന്ന് തെളിഞ്ഞിട്ടുണ്ട്.
കല്ലമ്പലത്തുനിന്ന് മോഷ്ടിച്ച പൾസ൪ ബൈക്ക് പാരിപ്പള്ളിയിലും കൊല്ലം റെയിൽവേ സ്റ്റേഷന് സമീപത്തുനിന്ന് മോഷ്ടിച്ച ബൈക്ക് പരവൂരിലും ഉപേക്ഷിക്കുകയായിരുന്നുവെന്ന് ഇവ൪ പൊലീസിനോട് പറഞ്ഞു. സംഘത്തിൽപെട്ട മറ്റുള്ളവരും ഉടൻ പിടിയിലാകുമെന്ന് പൊലീസ് പറഞ്ഞു. ചാത്തന്നൂ൪ എ.സി.പി സന്തോഷ്കുമാറിൻെറ മേൽനോട്ടത്തിൽ കൊട്ടിയം സി.ഐ അനിൽകുമാ൪, എസ്.ഐമാരായ ബാലൻ, രാജേഷ്കുമാ൪, സീനിയ൪ സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ ചന്ദ്രബാബു, സുനിൽകുമാ൪ എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.