പനമരം-ചീക്കല്ലൂര്‍ റോഡിന് ശാപമോക്ഷമില്ല

പനമരം: കണിയാമ്പറ്റ പഞ്ചായത്തിലെ ചീക്കല്ലൂ൪, മേച്ചേരി, പുളിക്കൽ പ്രദേശങ്ങളെ പനമരവുമായി എളുപ്പത്തിൽ ബന്ധിപ്പിക്കുന്ന റോഡിന് ശാപമോക്ഷമില്ലാത്തത് പ്രതിഷേധത്തിനിടയാക്കുന്നു.
പനമരം, കണിയാമ്പറ്റ പഞ്ചായത്തുകൾക്കെതിരെയാണ് നാട്ടുകാ൪ സമരത്തിനൊരുങ്ങുന്നത്. പനമരം പ്രീമെട്രിക് ഹോസ്റ്റലിനു മുന്നിലൂടെയുള്ള റോഡ് മീനങ്ങാടി-പച്ചിലക്കാട് റോഡിലെ കൂടോത്തുമ്മലിൽ അവസാനിക്കുന്നു.
നിരവധി ഗ്രാമങ്ങൾ ഇതിനിടയിലുണ്ട്. നിത്യോപയോഗ സാധനങ്ങൾക്ക്  വരെ പനമരത്തെ ആശ്രയിക്കുന്നവ൪ക്ക് റോഡിൻെറ ശോച്യാവസ്ഥ വിനയാകുന്നു. ഒരു മിനി ബസ് ഇതിലൂടെയുണ്ടെങ്കിലും ബസിൻെറ ട്രിപ്പ് മുടക്കം പതിവായതോടെ കാൽനടയെ ആശ്രയിക്കാൻ നാട്ടുകാ൪ നി൪ബന്ധിതരാകുന്നു.
പനമരം പഞ്ചായത്തിലൂടെ ഒന്നര കിലോ മീറ്ററോളം ദൂരം മാത്രമാണ് റോഡ് കടന്നുപോകുന്നത്. ഈ ഭാഗത്തുകൂടി  കാൽനടപോലും പറ്റാതായി. പ്രീമെട്രിക് ഹോസ്റ്റലിനടുത്ത് കലുങ്കിൻെറ നി൪മാണം നടക്കുന്നുണ്ടെങ്കിലും ഇഴഞ്ഞുനീങ്ങുകയാണ്. മേച്ചേരി മുതൽ തുട൪ന്നുള്ള ഭാഗം കണിയാമ്പറ്റ പഞ്ചായത്തിലാണ്. പ്രധാനമന്ത്രിയുടെ സഡക്യോജന പദ്ധതിയുടെ ഭാഗമായി നി൪മിച്ച ഈ റോഡ് ഒരിക്കൽപോലും അറ്റകുറ്റപ്പണി നടത്തിയിട്ടില്ല.
 കൂടോത്തുമ്മൽ-മേച്ചേരി-പനമരം റോഡരികിലാണ് പൊങ്ങിനി അമ്പലം. ദൂരദിക്കുകളിൽനിന്ന് ക്ഷേത്രദ൪ശനത്തിനെത്തുന്നവ൪ക്കും റോഡിൻെറ ശോച്യാവസ്ഥ പ്രയാസമുണ്ടാക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.