സൂനാമിഭീതിയില്‍ ജനം

ശംഖുംമുഖം: ഭൂചലനത്തെതുട൪ന്ന്   പൊലീസും ഫിഷറീസ് വകുപ്പും ജില്ലാ ഭരണകൂടവും ജാഗ്രതാ മുന്നറിയിപ്പ് പ്രഖ്യാപിച്ചതോടെ തീരദേശത്തെ ജനങ്ങൾ ഭീതിയിലായി. പൂന്തുറയിൽ കടലിൽ പോകാൻ മത്സ്യത്തൊഴിലാളികൾ തയാറെടുത്ത് നിൽക്കവെയാണ് പള്ളിയിൽ നിന്ന് മൈക്കിലൂടെ സൂനാമി മുന്നറിയിപ്പ് നൽകിയത്. ഇതോടെ നിരവധിപേ൪ പള്ളിമേടയിൽ എത്തി. കടലിൽപോയ മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾ പള്ളിയിലെത്തി കടലിൽ പോയവരെ തിരികെകൊണ്ടുവരാൻ നടപടികൾ സ്വീകരിക്കണമെന്ന്  ആവശ്യപ്പെട്ടു.
തുട൪ന്ന് തീരദേശകടലോര ജാഗ്രതാസമിതി അംഗങ്ങൾ പലവള്ളങ്ങളിലായി ഇവരെ തിരികെവിളിക്കാനായി കടലിൽ പോയി. തീരത്തിനോടടുത്ത് താമസിക്കുന്ന പല കുടുംബങ്ങളും പള്ളിയുടെ ഭാഗത്തേക്ക് മാറി. ഉച്ചയോടെ ചൂട് കൂടുകയും കടലിൽ ചെറിയരീതിയിൽ ഇരുട്ട് പരക്കുകയും  ചെയ്തു. ഇതിനിടെയാണ് സൂനാമി മുന്നറിയിപ്പെത്തിയത്.
 വലിയതുറ കടൽപ്പാലത്തിൽ പൊലീസെത്തി സന്ദ൪ശകരെ തിരിച്ചയച്ചു. ഇവിടേക്കുള്ള പ്രവേശവും പൊലീസ് തടഞ്ഞു. ഉച്ചക്ക് രണ്ട് മുതൽ ശംഖുംമുഖം ഭാഗത്ത് തിരമാലകൾ ശക്തിയായി അടിക്കാൻ തുടങ്ങിയതോടെ തീരദേശത്തുണ്ടായിരുന്ന ലൈഫ്ഗാ൪ഡുകൾ സന്ദ൪ശകരെ കരയിലേക്ക് കയറ്റി ഇവിടെ അപായസൂചന സ്ഥാപിച്ചു. എന്നാൽ ഇത് മുഖവിലയ്ക്കെടുക്കാതെ പലരും കടലിലിലിറങ്ങാൻ തുടങ്ങി.
നാലോടെ വലിയതുറ പൊലീസ് ജാഗ്രത നി൪ദേശം നൽകി. സന്ദ൪ശകരെ വീണ്ടും കരയിലേക്ക് കയറ്റി. ഇതിനിടെ ശംഖുംമുഖം കടലിൽ സൂനാമിതിരകൾ ഉണ്ടാകുമെന്ന വാ൪ത്തയെത്തുട൪ന്ന് മാധ്യമപ്രവ൪ത്തകരും ചാനൽ സംഘങ്ങളും ബീച്ചിൽ എത്തിയതോടെ സന്ദ൪ശക൪ വീണ്ടും ബീച്ചിലേക്കിറങ്ങി. ഇതോടെ ശംഖുംമുഖം എ.സി കെ.എസ്. വിമലിൻെറ നേതൃത്വത്തിൽ കൂടുതൽ പൊലീസ് എത്തി സന്ദ൪ശകരെ പൂ൪ണമായും കരയ്ക്കുകയറ്റി.
5.25ന് കൊല്ലത്തും 5.26ന് തിരുവനന്തപുരം തീരത്തും സൂനാമിയുണ്ടാകുമെന്നായിരുന്നു അറിയിപ്പ്. 5.45  ആയതോടെ ബീച്ചിലേക്കിറങ്ങാനുള്ള സന്ദ൪ശകരുടെ ശ്രമം പൊലീസ് വീണ്ടും തടഞ്ഞു. രാത്രി ഏഴിന് ശേഷം സൂനാമി തലസ്ഥാനതീരത്തില്ലെന്നറിഞ്ഞശേഷമാണ്  പൊലീസ് സന്ദ൪ശകരെ ബീച്ചിൽ ഇറങ്ങാൻ അനുവദിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.