12 സിറിയന്‍ സൈനികരെ വിമതര്‍ വധിച്ചു

ഡമസ്കസ്: തെരുവുകളിൽനിന്ന് സൈനികരെ പിൻവലിക്കാനുള്ള അന്ത്യശാസനത്തിൻെറ പരിധി ചൊവ്വാഴ്ച അവസാനിക്കാനിരിക്കെ സിറിയയിൽ രൂക്ഷമായി ഏറ്റുമുട്ടലുകൾ തുടരുന്നതായി റിപ്പോ൪ട്ടുകൾ പറയുന്നു. വിമത പക്ഷത്തിൻെറ ആക്രമണത്തിൽ ഔദ്യാഗിക സൈന്യത്തിലെ 12 അംഗങ്ങൾ കൊല്ലപ്പെട്ടത് സമാധാന പ്രതീക്ഷകൾക്ക് തിരിച്ചടിയായി.
ആയുധങ്ങൾ താഴെവെക്കുമെന്ന് രേഖാമൂലം പ്രക്ഷോഭക൪ ഉറപ്പുനൽകിയാൽ മാത്രമേ സേനയെ പിൻവലിക്കൂ എന്ന നിലപാട് ബശ്ശാ൪ ഭരണകൂടം ആവ൪ത്തിച്ചെങ്കിലും അത്തരമൊരു നടപടിക്ക് തയാറല്ലെന്ന് പ്രതിപക്ഷം മറുപടി നൽകിയതോടെ കോഫി അന്നാൻെറ ആറിന സമാധാനഫോ൪മുല വൃഥാവിലാകുമെന്ന ആശങ്കയിലാണ് നയതന്ത്ര കേന്ദ്രങ്ങൾ.
തനിക്കു നൽകിയ ഉറപ്പുകൾ പാലിക്കാതെ സിറിയൻ നഗരഗ്രാമങ്ങളിൽ സംഘ൪ഷം രൂക്ഷമായതിൽ അന്നാൻ നടുക്കം പ്രകടിപ്പിച്ചു. ആലപ്പോയിലും സുകാരിയിലും അൽ ഫി൪ദൗസിലും ഏറ്റുമുട്ടൽ റിപ്പോ൪ട്ട്ചെയ്തു.
സിറിയൻ അഭയാ൪ഥികൾ പാ൪ക്കുന്ന ക്യാമ്പുകളിൽ സന്ദ൪ശനം നടത്താൻ യു.എൻ ദൂതൻ കോഫി അന്നാൻ ഇന്ന് തു൪ക്കിയിലെത്തും. ഇറാനിലേക്ക് തിരിക്കാനുള്ളതിനാൽ സന്ദ൪ശനം ഏതാനും മണിക്കൂ൪ നേരത്തേക്ക് മാത്രമാണ്. അതിനിടെ, തിങ്കളാഴ്ച തു൪ക്കി അതി൪ത്തിയിലുണ്ടായ വെടിവെപ്പിൽ സിറിയൻ അഭയാ൪ഥി കൊല്ലപ്പെട്ടു. ഒമ്പതു പേ൪ക്ക് പരിക്കുണ്ട്. സിറിയൻ-തു൪ക്കി അതി൪ത്തിക്കു സമീപമുള്ള മൂന്ന് പ്രവിശ്യകളിലായി 25,000 അഭയാ൪ഥികളാണ് കഴിയുന്നത്.
യു.എസ് സെനറ്റ൪ ജോൺ മെക്കേയ്ൻ, ജോ ലിബ൪മാൻ എന്നിവ൪ തു൪ക്കി പ്രസിഡൻറ് അബ്ദുല്ല ഗുല്ലുമായി അങ്കാറയിൽ ച൪ച്ച നടത്തും. ഇരുവരും അഭയാ൪ഥി ക്യാമ്പുകൾ സന്ദ൪ശിക്കും.
ഞായറാഴ്ച സുരക്ഷാസേനയും വിമതരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 69 പേ൪ കൊല്ലപ്പെട്ടു.
 സിറിയയിൽ യു.എൻ ദൂതൻ കോഫി അന്നാൻെറ നേതൃത്വത്തിലുള്ള പ്രവ൪ത്തന നി൪വഹണം വീക്ഷിക്കാൻ നിരീക്ഷകരെ അയക്കുമെന്ന് റഷ്യ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.