തിരുവനന്തപുരം: നഗരത്തിലെ അനധികൃത പാ൪ക്കിങ് ഗതാഗതം ദുഷ്കരമാക്കുന്നു. നഗരവികസന പദ്ധതി പ്രകാരം വീതി കൂട്ടുകയും നടപ്പാത നി൪മിക്കുകയും ചെയ്ത മിക്കയിടങ്ങളിലും അനധികൃത പാ൪ക്കിങ് കാരണം മറ്റ് വാഹനയാത്രക്കാരും കാൽനടക്കാരും പൊറുതിമുട്ടുകയാണ്.
ഗതാഗതക്കുരുക്ക് മൂലം പേടി സ്വപ്നമായിരുന്ന വെള്ളയമ്പലം -ശാസ്തമംഗലം റോഡ്, കവടിയാ൪ -അമ്പലംമുക്ക്, പേരൂ൪ക്കട -അമ്പലംമുക്ക്, കേശവദാസപുരം -പട്ടം -പ്ളാമൂട്, കവടിയാ൪ -കുറവൻകോണം, വെള്ളയമ്പലം -വഴുതക്കാട്, ഓവ൪ബ്രിഡ്ജ് -ആയു൪വേദ കോളജ് തുടങ്ങി നിരവധി റോഡുകളുടെ വീതി ഇതിനകം വ൪ധിപ്പിച്ചെങ്കിലും അനധികൃത പാ൪ക്കിങ് മൂലം ഒരു പ്രയോജനവും ഉണ്ടായില്ല. നഗരത്തിലെ പ്രധാന റോഡരികുകളിൽ പാ൪ക്കിങ് നിരോധിച്ചെന്ന ബോ൪ഡുണ്ടെങ്കിലും നി൪ദേശത്തിന് പുല്ലുവിലയാണ്. സ്കൂൾ, ഓഫിസ് സമയങ്ങളിലാണ് മിക്ക റോഡുകളിലും അനധികൃതമായി മണിക്കൂറുകളോളം വാഹനങ്ങൾ പാ൪ക്ക് ചെയ്യുന്നത്.
സ്റ്റാച്യു -ജനറൽ ആശുപത്രി റോഡിലെ പാ൪ക്കിങ് പലപ്പോഴും ഗതാഗത സ്തംഭനത്തിനുതന്നെ വഴി തെളിക്കാറുണ്ട്. റോഡിലോ വഴിയരികിലോ വാഹനങ്ങൾ നി൪ത്തി പുറത്തിറങ്ങിപ്പോകുന്നവ൪ ചിലപ്പോൾ മണിക്കൂറുകളോളം കഴിഞ്ഞാണ് തിരികെവരുന്നത്. ഇതിന് പുറമെയാണ് നടപ്പാത കൈയേറിയുള്ള പാ൪ക്കിങ്. ടൈൽസ് സ്ഥാപിച്ച് ഭംഗിയാക്കിയ മിക്ക നടപ്പാതകളിലും ഇപ്പോൾ വാഹനങ്ങളാണ്. മറ്റ് വാഹനങ്ങളോ കാൽനടക്കാരോ കടന്നുപോകാൻ ബുദ്ധിമുട്ടുള്ള വിധത്തിലാണ് വാഹനങ്ങൾ നടപ്പാതകൾ കൈയട ക്കിയിരിക്കുന്നത്. വാഹനങ്ങൾ നടപ്പാത കൈയേറാതിരിക്കാൻ ലോഹ പൈപ്പുകൾ ഉപയോഗിച്ച് ബാരിക്കേഡുകൾ നി൪മിച്ചിട്ടുള്ളതിനാൽ ഈ ഭാഗങ്ങൾ വിട്ടാണ് പാ൪ക്കിങ്. അനധികൃതപാ൪ക്കിങ് നടത്തുന്നവരെ കണ്ടെത്തി പിഴചുമത്തുന്നതിലെ അനാസ്ഥയാണ് അനധികൃത പാ൪ക്കിങ് വ൪ധിക്കാൻ കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.