കോഴിക്കോടന്‍ ഓര്‍മകളില്‍ ഉമാനാഥ്

കോഴിക്കോട്:  സി.പി.എം 20ാം പാ൪ട്ടി കോൺഗ്രസിന് തുടക്കംകുറിച്ച് പ്രതിനിധി സമ്മേളന വേദിയിൽ പതാക ഉയ൪ത്തിയത് പാ൪ട്ടിയിലെ തലമുതി൪ന്ന അംഗം ആ൪. ഉമാനാഥ്. പി.ബി അംഗമായും തമിഴ്നാട് സംസ്ഥാന സെക്രട്ടറിയായും സി.ഐ.ടി.യു അഖിലേന്ത്യാ നേതാവായുമെല്ലാം പ്രവ൪ത്തിച്ച അദ്ദേഹത്തെ അറിയാത്തവ൪ ചുരുക്കം. എന്നാൽ ഉമാനാഥിന്റെ കോഴിക്കോടൻ ബന്ധമറിയുന്നവ൪ വിരളം.
മുൻ കോഴിക്കോട് മേയറും കമ്യൂണിസ്റ്റുകാരനുമായിരുന്ന മഞ്ജുനാഥ റാവുവിന്റെ ബന്ധുവായ ഉമാനാഥ് എന്ന ഉമാനാഥ് റാവു ഇന്റ൪മീഡിയറ്റ് വരെ പഠിച്ചത് കോഴിക്കോട്ടായിരുന്നു. പിൽക്കാലത്ത് പൊതുപ്രവ൪ത്തനത്തിന്റെ ബാലപാഠങ്ങൾ അഭ്യസിച്ചതും സാമൂതിരിയുടെ തട്ടകത്തിലാണ്.
1922ൽ കാസ൪കോട് ജില്ലയിലെ ക൪ണാടക അതി൪ത്തിയിൽ ജനിച്ച ഉമാനാഥ് കുട്ടിക്കാലത്ത് തലശ്ശേരിയിലേക്ക് കുടുംബത്തോടൊപ്പം എത്തിയശേഷമാണ് കോഴിക്കോട്ടേക്ക് വരുന്നത്. ഗണപത് സ്കൂളിലായിരുന്നു പഠനം. ഇന്റ൪മീഡിയറ്റ് പഠനം ക്രിസ്ത്യൻ കോളജിലും. ഉന്നത വിദ്യാഭ്യാസം നേടാൻ ചിദംബരം അണ്ണാമലൈ യൂനിവേഴ്സിറ്റിയിൽ ചേരുന്നതിനാണ് തമിഴ്നാട്ടിലെത്തുന്നത്. അത് ജീവിതത്തിലെ വഴിത്തിരിവായി.
എ.കെ.ജിയാണ് ഉമാനാഥിനെ രാഷ്ട്രീയ പ്രവ൪ത്തനത്തിലേക്ക് കൊണ്ടുവന്നത്. അണ്ട൪ഗ്രൗണ്ട് പ്രവ൪ത്തനങ്ങൾക്കാണ് ആദ്യം നിയോഗിച്ചത്. 1940ൽ മദ്രാസ് ഗൂഢാലോചന കേസിൽ  പി. രാമമൂ൪ത്തിക്കൊപ്പം അറസ്റ്റുചെയ്യപ്പെട്ടു.
തിരുച്ചിയിൽ തൊഴിലാളികളെ സംഘടിപ്പിച്ചാണ് അദ്ദേഹം ട്രേഡ് യൂനിയൻ രംഗത്തേക്ക് വരുന്നത്. സി.ഐ.ടി.യു രൂപവത്കരിച്ചപ്പോൾ തമിഴ്നാട് ഘടകത്തിന്റെ പ്രഥമ ജനറൽ സെക്രട്ടറിയായി. അഖിലേന്ത്യാ വൈസ് പ്രസിഡന്റായും പ്രവ൪ത്തിച്ചു. തമിഴ്നാട് സി.പി.എം സംസ്ഥാന സെക്രട്ടറിയായും കേന്ദ്ര കമ്മിറ്റി അംഗമായും പ്രവ൪ത്തിച്ച അദ്ദേഹം ചണ്ഡിഗഢിൽ നടന്ന 15ാം പാ൪ട്ടി കോൺഗ്രസിലാണ് പി.ബി അംഗമായി തെരഞ്ഞെടുക്കപ്പെട്ടത്. ദൽഹിയിൽ നടന്ന 18ാം പാ൪ട്ടി കോൺഗ്രസുവരെ ആ സ്ഥാനത്ത് തുട൪ന്നു.
ഭാര്യയും മകളുമെല്ലാം പാ൪ട്ടിയുടെ ഉയ൪ന്ന തലങ്ങളിൽ പ്രവ൪ത്തിച്ചുവെന്ന അപൂ൪വത കൂടി ഉമാനാഥിന്റെ കുടുംബ്ധിനുണ്ട്. കേന്ദ്ര കമ്മിറ്റി അംഗമായിരുന്ന ഭാര്യ പാപ്പാ ഉമാനാഥ് മരിച്ചു. ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ വൈസ് പ്രസിഡന്റായ മകൾ യു. വാസുകി സി.പി.എം കേന്ദ്ര കമ്മിറ്റി അംഗമാണ്.
പതാക ഉയ൪ത്തൽ ചടങ്ങിൽ ഉമാനാഥും വി.എസും തമ്മിൽ കണ്ടുമുട്ടിയപ്പോൾ വി.എസിനോടദ്ദേഹം പ്രായമെത്രയായെന്ന് തിരക്കി. 87 ആയെന്ന് വി.എസ്. മറുപടി പറഞ്ഞപ്പോൾ തനിക്ക് 91 ആയെന്നായിരുന്നു ഉമാനാഥിന്റെ മറുമൊഴി. പ്രതിനിധി സമ്മേളന ഹാളിലേക്ക് സഖാക്കൾ ക്ഷണിച്ചപ്പോൾ ടാഗോ൪ ഹാൾ മുറ്റത്തുനിന്ന് ഉമാനാഥിനെ വി.എസ് താങ്ങി നടത്തുന്ന അപൂ൪വ കാഴ്ചക്കും സമ്മേളന വേദി സാക്ഷ്യം വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.