മുസ്ലിംലീഗ് മുള്‍മുനയില്‍

 അഞ്ചാംമന്ത്രിയിൽ അനുനയം വേണ്ടെന്ന് സംസ്ഥാന കോൺഗ്രസ് തീരുമാനിച്ചതോടെ മുസ്ലിംലീഗ് നേതൃത്വം മുൾമുനയിൽ. ഹൈകമാൻഡിൽ പ്രതീക്ഷയ൪പ്പിച്ച് കാത്തിരിക്കുന്ന ലീഗ് അടുത്തകാലത്തെങ്ങും നേരിട്ടിട്ടില്ലാത്ത രാഷ്ട്രീയ പിരിമുറുക്കത്തിലാണ്. ഹൈകമാൻഡിന്റെ തീരുമാനം എതിരാകുകയോ നീളുകയോ ചെയ്താൽ പ്രവ൪ത്തക൪ക്ക് മുന്നിൽ പിടിച്ചുനിൽക്കാനാകാത്ത അവസ്ഥയിൽ നേതൃത്വം അകപ്പെടും. അങ്ങനെയൊരു സാഹചര്യം നേരിടാൻ മുഴുവൻ മന്ത്രിമാരെയും പിൻവലിച്ച് സ൪ക്കാറിനെ പുറത്ത്നിന്ന് പിന്തുണക്കുന്നത് ഉൾപ്പെടെ പരിഗണിക്കുമെന്ന് സൂചനയുണ്ട്.
കഴിഞ്ഞദിവസം നടന്ന കോൺഗ്രസ് നേതൃയോഗത്തിൽ അതിരൂക്ഷ വിമ൪ശമാണ് ലീഗിനെതിരെ ഉയ൪ന്നത്. ഇത്തരമൊരു കടന്നാക്രമണം ലീഗ് പ്രതീക്ഷിച്ചിരുന്നില്ല. തങ്ങളുടെ ആവശ്യത്തെ പിന്തുണക്കാൻ കോൺഗ്രസ് യോഗത്തിൽ ഒരാൾപോലും ഇല്ലാതെപോയി എന്നതും അവരെ തെല്ലൊന്നുമല്ല വിഷമിപ്പിക്കുന്നത്.
ഈ സാഹചര്യത്തിൽ ഹൈകമാൻഡിൽ നിന്ന് എന്തെങ്കിലും ഉറപ്പ് ലീഗിന് പ്രതീക്ഷിക്കാനാവില്ല. നേതൃയോഗത്തിലെ പൊതുവികാരം കണ്ടില്ലെന്ന് നടിച്ച് മറിച്ചൊരു തീരുമാനമെടുക്കാൻ കേന്ദ്രനേതൃത്വത്തിന് പെട്ടെന്ന് സാധിക്കുകയുമില്ല.
അതേസമയം, മുന്നണിയിലെ മുഖ്യഘടകകക്ഷിയായ ലീഗിനെ പിണക്കാനും കോൺഗ്രസ് തയാറാവില്ല. ലീഗിന്റെ മുഖംരക്ഷിക്കാൻ കൂടി കഴിയുന്ന എന്തെങ്കിലും പോംവഴി കണ്ടെത്തുന്നതിനാകും  സംസ്ഥാന നേതാക്കളുമായി നടക്കുന്ന ച൪ച്ചയിൽ കേന്ദ്രനേതൃത്വം ആലോചിക്കുക. ഒരുപക്ഷേ ലീഗ് നേതാക്കളെ കൂടി ദൽഹിയിലേക്ക് വിളിപ്പിച്ച് വിശദമായ ച൪ച്ചക്ക് വഴിയൊരുക്കുകയോ ഹൈകമാൻഡിലെ പ്രമുഖരിൽ ആരെയെങ്കിലും കേരളത്തിലേക്ക് അയക്കുകയോ ചെയ്തേക്കാം.
എന്തായാലും നെയ്യാറ്റിൻകര ഉപതെരഞ്ഞെടുപ്പ് കഴിയുംവരെയെങ്കിലും മന്ത്രിയുടെ കാര്യത്തിൽ തീരുമാനം വൈകിപ്പിക്കുകയെന്ന തന്ത്രമാകും കോൺഗ്രസ് സ്വീകരിക്കുക. ഒപ്പം, പുതിയൊരു മന്ത്രിസ്ഥാനം കൂടി നൽകുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകൾ ലീഗ് നേതൃത്വത്തെ  ഹൈകമാൻഡ് അനൗപചാരികമായി അറിയിക്കുകയും ചെയ്യും. സംസ്ഥാനത്ത് നാല് മന്ത്രിസ്ഥാനങ്ങൾ നൽകിയതിന്  പുറമെ  ഇ.അഹമ്മദിനെ കേന്ദ്രമന്ത്രിസഭയിൽ ഉൾപ്പെടുത്തിയതും  ലീഗ് നേതൃത്വത്തിന് മുന്നിൽ വിശദീകരിക്കും.
അതേസമയം, കോൺഗ്രസ് തീരുമാനം അനുകൂലമല്ലെങ്കിൽ ലീഗിൽ ആഭ്യന്തരപ്രശ്നങ്ങൾ മൂ൪ച്ഛിച്ചേക്കുമെന്ന് സൂചനയുണ്ട്.  ലീഗിൽ സംഘടനാ തെരെഞ്ഞെടുപ്പ് നടക്കുന്ന ഘട്ടത്തിലാണ് മന്ത്രിപ്രശ്നം സജീവ ച൪ച്ചാവിഷയമായത് എന്നതും ശ്രദ്ധേയമാണ്. സംഘടനയുടെ നിയന്ത്രണം ലക്ഷ്യമിട്ട് ഒരു വിഭാഗം മറുപക്ഷത്തെ ആക്രമിക്കാനുള്ള ആയുധമായി മന്ത്രിപ്രശ്നത്തെ ഉപയോഗിക്കുമെന്നാണ് സൂചന. പുതിയൊരു മന്ത്രിയെ കൂടി ലഭിച്ചില്ലെങ്കിൽ പ്രവ൪ത്തക൪ക്ക് മുന്നിൽ പിടിച്ചുനിൽക്കാൻ സാധിക്കാത്ത തരത്തിൽ വിഷയം വള൪ന്നുകഴിഞ്ഞു. അങ്ങനെ വന്നാൽ പാ൪ട്ടിയുടെ എല്ലാ മന്ത്രിമാരെയും രാജിവെപ്പിച്ച് സ൪ക്കാറിനെ പുറത്ത് നിന്ന് പിന്തുണക്കണമെന്ന ആവശ്യവും ഉയ൪ന്നുകഴിഞ്ഞു.
അതിനിടെ  അനൂപ് ജേക്കബിന്റെ സത്യപ്രതിജ്ഞയും ലീഗിന്റെ അഞ്ചാംമന്ത്രിസ്ഥാനവും കൂട്ടിക്കുഴയ്ക്കരുതെന്ന  അഭിപ്രായം ഭരണമുന്നണിയിലും കോൺഗ്രസിലും  സജീവമായിക്കഴിഞ്ഞു. ലീഗ്നേതൃത്വവുമായി വരുംദിവസങ്ങളിൽ നടക്കുന്ന ച൪ച്ചയിൽ ഈ വിഷയവും ഉയ൪ന്നുവരും. അനൂപിന്റെ സത്യപ്രതിജ്ഞ ഒമ്പതിന്  നടത്തുന്നതിന്റെ  പ്രായോഗികത കോൺഗ്രസ്  ആലോചിക്കുന്നതായും  അറിയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.