അച്ചന്‍കോവിലാറ്റില്‍ മീനുകള്‍ ചത്ത് പൊങ്ങുന്നു

ചെങ്ങന്നൂ൪: മാലിന്യനിക്ഷേപവും വിഷം കലക്കലും വ്യാപകമായതോടെ അച്ചൻകോവിലാറ്റിൽ മീനുകൾ കൂട്ടത്തോടെ ചത്ത് പൊങ്ങുന്നു. നഞ്ച് കലക്കിയും മാരക രാസപദാ൪ഥങ്ങൾ ഉപയോഗിച്ച് മീനുകളെ മയക്കി പിടിക്കുന്ന രീതിയും വ൪ധിച്ചതോടെ വെള്ളം പൂ൪ണമായും വിഷമായി.
 മീനുകൾ ആറ്റിൽ ചത്തുപൊങ്ങി കിടക്കുന്നത് ചെന്നിത്തല തൃപ്പെരുന്തുറ പഞ്ചായത്തിലെ വലിയ പെരുമ്പുഴ, വാഴക്കൂട്ടം കടവ് ഭാഗങ്ങളിൽ പതിവുകാഴ്ചയാണ്.കഴിഞ്ഞ ദിവസം  തൂളി, കട്ല, രോഹു ഇനത്തിൽപ്പെട്ട മത്സ്യങ്ങളാണ് ചത്തുപൊങ്ങിയത്. വരാൽ ഉൾപ്പടെ ചെറുമത്സ്യങ്ങൾ കൂട്ടത്തോടെ നശിക്കുന്നു. ആറ്റിൽ സുലഭമായിരുന്ന കരീമിൻ,വാള, ആറ്റുകൊഞ്ച് എന്നിവ ഇല്ലാതാകുന്നതായി പരമ്പരാഗത മത്സ്യത്തൊഴിലാളികൾ പറയുന്നു. വെള്ളം വിഷമയമായത് കൊണ്ടാകണം  ആമകളും ആറ്റിലേക്ക് ഇറങ്ങുന്നില്ല . കുടുക്ക വെച്ചും അമ്പുംവില്ലും ഉപയോഗിച്ചും കൂടയിട്ടും ചൂണ്ടകൊണ്ടും വലവീശിയും തടവലയിട്ടും മീൻപിടിക്കുന്ന പരമ്പരാഗത തൊഴിലാളികൾ മീനുകൾ ചത്തുപൊങ്ങുന്നത് അധികൃതരെ അറിയിച്ചിട്ടും നടപടി ഉണ്ടായിട്ടില്ല.
ആറ്റിൽ കുളിക്കുന്നവ൪ക്ക് ചൊറിച്ചിലും ത്വഗ്രോഗങ്ങളും ഉണ്ടാകുന്നു. കക്കൂസ്  മാലിന്യം ടാങ്ക൪ലോറികളിൽ നിറച്ച് രാത്രി ആറ്റിൽ തള്ളുന്നത് പതിവാണ്. വലിയ പെരുമ്പുഴ കടവിൽ ഇത്തരം സംഘങ്ങളെ മണൽവാരൽ തൊഴിലാളികൾ കൈകാര്യംചെയ്ത സംഭവവും ഉണ്ടായി.
 കക്കൂസ് മാലിന്യം  കൊണ്ടു പോകുന്ന ടാങ്കുകളിൽ ജലം വിതരണം നടത്തുന്നതായും ആക്ഷേപമുണ്ട്. ആരോഗ്യവകുപ്പ് അധികൃത൪ ഇതൊന്നും കണ്ടില്ലെന്ന് നടിക്കുകയാണ്. കാറ്ററിങ് സ൪വീസുകാരും കോഴിക്കട, ഫാസ്റ്റ്ഫുഡ്, തട്ടുകട, ഹോട്ടലുകൾ എന്നിവിടങ്ങളിലെ മത്സ്യ-മാംസാവശിഷ്ടങ്ങൾ വലിയ പെരുമ്പുഴ പാലത്തിൽനിന്ന് താഴേക്ക് പരസ്യമായി വലിച്ചെറിയുന്നത് പൊലീസ് കണ്ടില്ലെന്ന് നടിക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.