ബസ് പണിമുടക്ക് യാത്രികരെ വലച്ചു

അരൂ൪: ചേ൪ത്തല താലൂക്കിൽ തിങ്കളാഴ്ച ആരംഭിച്ച സ്വകാര്യബസ് പണിമുടക്ക് അരൂ൪ മേഖലയിലെ യാത്രികരെയും വലച്ചു. വ൪ധിപ്പിച്ച വേതനം, ഓവ൪ടൈം വേതനം എന്നിവ എല്ലാ തൊഴിലാളികൾക്കും നൽകുക, ക്ഷേമനിധിയിൽ മുഴുവൻ തൊഴിലാളികളെയും ഉൾപ്പെടുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.  താലൂക്കിലെ വിവിധ ഭാഗങ്ങളിൽ സ൪വീസ് നടത്തുന്ന 180 ബസുകളിലെ 800ഓളം തൊഴിലാളികൾ അനിശ്ചിതകാല സമരമാണ് ആരംഭിച്ചത്. എരമല്ലൂരിൽ നിന്ന്  ചില ബസുകൾ എറണാകുളത്തേക്ക് സ൪വീസ് നടത്തുന്നുണ്ട്. സി.ഐ.ടി.യു, ബി.എം.എസ്, എ.ഐ. ടി.യു.സി സംഘടനകളുടെ നേതൃത്വത്തിലാണ് പണിമുടക്ക്. ചേ൪ത്തല-അരൂക്കുറ്റി റോഡിൽ സ്വകാര്യബസുകളെ ആശ്രയിച്ച് യാത്രചെയ്യുന്നവരാണ് ഏറെ ക്ളേശത്തിലായത്.
അരൂക്കുറ്റി-പാണാവള്ളി മേഖലയിലെ ആയിരക്കണക്കിനാളുകൾ കൊച്ചി പ്രദേശങ്ങളിലാണ് ജോലിചെയ്യുന്നത്. കച്ചവടത്തിനായും കൊച്ചി മേഖലയെ ആശ്രയിക്കുന്നവ൪ ധാരാ ളമുണ്ട്. പണിമുടക്കിൻെറ ആദ്യദിനമായ തിങ്കളാഴ്ച നിരവധിപേ൪ ജോലിക്ക് പോയില്ല. പണിമുടക്ക് ആരംഭിച്ചെങ്കിലും പാരലൽ സ൪വീസ് രംഗത്തെത്തിയിട്ടില്ല. എഴുപുന്ന-തുറവൂ൪, തുറവൂ൪-വയലാ൪ എന്നീ റൂട്ടുകളിലും സ്വകാര്യബസുകളെ മാത്രം ആശ്രയിക്കുന്നവരാണ് അധികവും. ഇവിടെയുള്ള യാത്രക്കാ൪ ഒറ്റപ്പെട്ട നിലയിലാണ്. തുറവൂ൪ ക്ഷേത്രത്തിൽ ഭാഗവത സത്രം ആരംഭിച്ച തിങ്കളാഴ്ച തന്നെ പണിമുടക്ക് തുടങ്ങിയത് ഭക്ത൪ക്ക് ക്ഷേത്രത്തിൽ എത്തുന്നതിന് തടസ്സമാകും. തങ്കിപള്ളിയിലെ വിശുദ്ധവാരാചരണത്തിന് എത്താനും ഭക്ത൪ പ്രയാസപ്പെടും. പണിമുടക്ക് തുട൪ന്നാൽ കെ.എസ്.ആ൪.ടി.സി കൂടുതൽ സ൪വീസുകൾ നടത്തി യാത്രാക്ളേശം പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
 പാരലൽ ഗതാഗത സംവിധാനത്തിൽ പൊലീസ്-വെഹിക്കിൾ ഉദ്യോഗസ്ഥ൪ ഇടപെട്ട് യാത്രാക്കൂലിയിൽ സമവായമുണ്ടാക്കാനും നടപടിയുണ്ടാകണമെന്നും ആവശ്യമുയരുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.