റേഞ്ച് ഓഫിസില്‍നിന്ന് മോഷണംപോയ ആനക്കൊമ്പ് ഉപേക്ഷിച്ച നിലയില്‍

പാലോട്/ നെടുമങ്ങാട്: വനം റേഞ്ച് ഓഫിസിൽനിന്ന് മോഷണംപോയ ആനക്കൊമ്പ് നെടുമങ്ങാട് മുത്തുമാരിയമ്മൻ ക്ഷേത്രത്തിന് സമീപം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.
മൂന്ന് കഷണങ്ങളാക്കിയ കൊമ്പ് മുളക്പൊടിയും മഞ്ഞൾപൊടിയും വിതറിയ കറുത്ത പ്ളാസ്റ്റിക്ബാഗിൽ അടച്ച നിലയിലായിരുന്നു. വെള്ളിയാഴ്ച രാവിലെ പത്തരയോടെ ക്ഷേത്രത്തിന് മുന്നിൽ ഇടതുവശത്തുള്ള വേപ്പിൻമരച്ചുവട്ടിലാണ് ബാഗ് കണ്ടെത്തിയത്.  
ഇന്നലെ പുല൪ച്ചെ മുതൽ ബാഗ് ഇരിക്കുന്നത് നിരവധി ആൾക്കാൾ കണ്ടിരുന്നു.  ക്ഷേത്ര പന്തൽ അഴിക്കാനെത്തിയ ജോലിക്കാ൪ ക്ഷേത്രക്കമ്മിറ്റിയെ അറിയിക്കുകയും അവ൪ നെടുമങ്ങാട് പൊലീസിൽ അറിയിക്കുകയുമായിരുന്നു. നെടുമങ്ങാട് പൊലീസ് ബാഗ് തുറന്ന് പരിശോധിച്ചപ്പോഴാണ് ആനക്കൊമ്പാണെന്ന് തിരിച്ചറിഞ്ഞത്. പാലോട് വനം റേഞ്ച് ഓഫിസിൽനിന്ന് ആനക്കൊമ്പ് മോഷണം പോയ സംഭവത്തിൽ അന്വേഷണ ചുമതലയുള്ള പാലോട് സി.ഐ പ്രദീപ്കുമാറും സംഘവും നെടുമങ്ങാട്ടെത്തി കൊമ്പ് പരിശോധിച്ചു.
 പാലോട് റേഞ്ച൪ അനിൽകുമാറിനെ വിളിച്ചുവരുത്തി മോഷണം പോയ കൊമ്പ് തന്നെയെന്ന് സ്ഥിരീകരിച്ചു.  ഫോറൻസിക് പരിശോധനക്ക് ശേഷം കൊമ്പ് പാലോട് പൊലീസ് സ്റ്റേഷനിലെത്തിച്ചു. അടുത്തദിവസം കോടതിയിൽ ഹാജരാക്കും.
കഴിഞ്ഞ 12നാണ് ആനക്കൊമ്പ് മോഷണം പോയ വിവരം പാലോട് പൊലീസിൽ പരാതിയായി എത്തിയത്. 117 സെ.മീ നീളവും 42 സെ.മീ വണ്ണവുമുള്ള കൊമ്പാണ് റേഞ്ച് ഓഫിസിൽനിന്ന് മോഷണംപോയത്.
നാല് ആനക്കൊമ്പുകളാണ് ഇവിടെ സൂക്ഷിച്ചിരുന്നത്. ഇതിൽ വെഞ്ഞാറമ്മൂട് കൃഷ്ണൻപോറ്റിയുടെ നാട്ടാന ചെരിഞ്ഞപ്പോൾ 2010ൽ വനംവകുപ്പിന് ലഭിച്ചതിൽ ഒന്നാണ് മോഷ്ടിക്കപ്പെട്ടത്. ചരിഞ്ഞ നാട്ടാനയുടെ കൊമ്പുകളാണ് ചാക്കിൽ കെട്ടി ഓഫിസിലെ സ്റ്റോ൪ മുറിയിൽ സൂക്ഷിച്ചിരുന്നത്. കെട്ടിടത്തിൻെറ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ ഇതിലൊന്ന് നഷ്ടപ്പെട്ടതായി ഉദ്യോഗസ്ഥ൪ കണ്ടെത്തുകയായിരുന്നു. മുറിയുടെ ജനൽ കമ്പി വളച്ചാണ് മോഷണം നടത്തിയതെന്ന ഉദ്യോഗസ്ഥരുടെ വാദം ആദ്യഘട്ടത്തിൽ പൊലീസ് തള്ളി. 20 കിലോ ഭാരവും 40 സെൻറീമീറ്ററിനടുത്ത് വ്യാസവുമുള്ള കൊമ്പ് പുറത്തെടുക്കാനാവുന്നത്രെ വളവ് ജനൽ കമ്പികളിൽ കണ്ടെത്താനായില്ല. റേഞ്ച് ഓഫിസിലെ മുഴുവൻ ജീവനക്കാരെയും അന്വേഷണ ഉദ്യോഗസ്ഥ൪ ചോദ്യം ചെയ്തെങ്കിലും മോഷണം സംബന്ധിച്ച് വിവരം ലഭിച്ചില്ല.
ആനക്കൊമ്പ് മോഷണം ഏറെ ച൪ച്ചയായതിനെ തുട൪ന്ന് ഉദ്യോഗസ്ഥ൪ അന്വേഷണം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിച്ചതോടെയാണ് കൊമ്പ് ഉപേക്ഷിക്കാൻ മോഷ്ടാക്കൾ നി൪ബന്ധിതരായത്.വിരലടയാളം അടക്കമുള്ള തെളിവുകൾ നശിപ്പിക്കാനാണ് മുളക് പൊടി ബാഗിനുള്ളിൽ വിതറിയതെന്ന് കരുതുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.