ചിറ്റാ൪: ഒരുമാസമായി കുടിവെള്ള വിതരണമില്ലാത്ത ചിറ്റാറിൽ നാട്ടുകാ൪ സമരത്തിനിറങ്ങി. കുടിവെള്ളവിതരണം പുനരാരംഭിക്കാതെ സമരത്തിൽനിന്ന് പിന്തിരിയില്ലെന്ന് നാട്ടുകാ൪ പറഞ്ഞു.
പാമ്പിനി ശുദ്ധജലപദ്ധതിയിൽനിന്നാണ് ചിറ്റാറിൻെറ വിവിധ പ്രദേശങ്ങളായ ചിറ്റാ൪ മാ൪ക്കറ്റ്, മീൻകുഴി, തെക്കെക്കര, കുമരൻകുന്ന്, പാമ്പിനി, പന്നിയാ൪, കാരികയം, അഞ്ചമുക്ക് എന്നിവിടങ്ങളിൽ ശുദ്ധജലവിതരണം നടത്തുന്നത്. മുന്നൂറോളം കുടുംബങ്ങൾ ഈ കുടിവെള്ള പദ്ധതിയെ ആശ്രയിച്ചുകഴിയുന്നു.
മീൻകുഴി, വടക്കേക്കര,തേറകത്തുംമണ്ണ്, ആറാട്ടുകുടുക്ക, വില്ലൂന്നിപ്പാറ എന്നിവിടങ്ങളിൽ പൈപ്പ് ലൈൻ ഇതുവരെയും വന്നിട്ടില്ല. ഇവിടുത്തുകാ൪ കിലോമീറ്ററുകൾ താണ്ടി വേണം കുടിവെള്ളം ശേഖരിക്കാൻ.കക്കാട്ടാറ്റിൽനിന്ന് കുടിവെള്ളം ശേഖരിച്ച് കമ്പകത്തുംപാറ ടാങ്കിൽ എത്തിച്ചാണ് ഈ പ്രദേശങ്ങളിൽ ശുദ്ധജലവിതരണം ചെയ്യുന്നത്.
ബൂസ്റ്റിങ് പമ്പ്സെറ്റിൻെറ തകരാറാണ് ശുദ്ധജലവിതരണം മുടങ്ങാൻ കാരണമെന്നും അത് പരിഹരിച്ച് ജല വിതരണം പുനരാരംഭിച്ചെന്നുമാണ് അധികൃത൪ പറയുന്നത്.
ഒരു വ൪ഷം മുമ്പാണ് പുതിയ പമ്പ്സെറ്റുകൾ സ്ഥാപിച്ചത്. രണ്ട് മോട്ടോ൪ പമ്പ് ഇവിടെ ഉണ്ടെങ്കിലും വ൪ഷങ്ങളായി ഒരു പമ്പ് തകരാറിലാണ് ഇത് നന്നാക്കാൻ അധികൃത൪ ഇനിയും തയാറാകാത്തതും സമയബന്ധിതമായി പമ്പിൻെറ അറ്റകുറ്റപ്പണി പൂ൪ത്തിയാക്കാത്തതുമാണ് കുടിവെള്ളം മുടങ്ങാൻ കാരണമെന്ന് നാട്ടുകാ൪ ആരോപിക്കുന്നു.
വല്ലപ്പോഴും കുടിവെള്ളം പമ്പ് ചെയ്താൽ വിവിധഭാഗങ്ങളിൽ പൊട്ടിക്കിടക്കുന്ന പൈപ്പിലൂടെ വെള്ളം പാഴാകുകയാണ്. പൊട്ടിയ പൈപ്പിന് അരികിൽ ചെറിയ കുളം കുത്തി അതിൽനിന്നാണ് വെള്ളം ശേഖരിക്കുന്നത്.
കലക്ടറുടെ ഫണ്ടിൽനിന്ന് പാമ്പിനി ശുദ്ധജല പദ്ധതിക്ക് പുതിയ പമ്പ്സെറ്റ് വാങ്ങുന്നതിന് അഞ്ച് ലക്ഷം രൂപ അനുവദിച്ചിരുന്നു. എന്നാൽ ഇതുവരെയും പമ്പ് സെറ്റ് വാങ്ങാൻ അധികൃത൪ തയാറായിട്ടില്ല.വാട്ട൪ അതോറിറ്റി വൈദ്യുതി ബിൽ തുക അടക്കാത്തതിൻെറ പേരിൽ ഏറെനാൾ ശുദ്ധജലവിതരണം മുടങ്ങിയിരുന്നു. കുടിവെള്ള വിതരണത്തിന് ഒരുമാസം മുമ്പ് പഞ്ചായത്തിൽനിന്ന് 52,000 രൂപ വാട്ട൪ അതോറിറ്റിക്ക് നൽകിയെന്നണ് പഞ്ചായത്ത് അധികൃത൪ പറയുന്നത്.
ആറുമാസം മുമ്പ് 75ലക്ഷം രൂപ ചെലവഴിച്ച് വയ്യാറ്റുപുഴയിലേക്ക് നൽകിയ വാട്ട൪ കണക്ഷനും പ്രയോജനമില്ലാതെ കിടക്കുകയാണ്.വാഹനങ്ങളിൽ വെള്ളമെത്തിക്കുന്നവ൪ ധാരാളം ഉണ്ടെങ്കിലും ഇവ൪ ലിറ്ററിന് രണ്ടുരൂപയാണ് ഈടാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.