ഇറാനെ ആക്രമിക്കാന്‍ നെതന്യാഹു ജനപിന്തുണ തേടുന്നു

ജറൂസലേം: ഇറാനെ ആക്രമിക്കാനുള്ള ഇസ്രായേൽ നീക്കത്തിൽ ജനങ്ങളുടെ അഭിപ്രായമറിയാൻ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു തയാറെടുക്കുന്നു. ഇസ്രായേലിൻെറ നിലനിൽപിന് ഭീഷണിയായി ഇറാൻ മാറിയിരിക്കുകയാണെന്നും അമേരിക്കയുടെ പിന്തുണയില്ലെങ്കിലും ഇറാനെ ആക്രമിക്കുമെന്നുമാണ് നെതന്യാഹു ആവ൪ത്തിക്കുന്നത്.
തൻെറ അഭിപ്രായം ജനങ്ങളെക്കൊണ്ട് അംഗീകരിപ്പിക്കാനാണ് നെതന്യാഹു ശ്രമിക്കുന്നതെന്ന് ഇസ്രായേലിലെ പ്രമുഖ പത്രമായ ഹാരെറ്റ്സിൻെറ പത്രാധിപ൪ അലൂഫ് ബെൻ തൻെറ കോളത്തിൽ എഴുതുന്നു. അമേരിക്കൻ സന്ദ൪ശനത്തിന് ശേഷം മടങ്ങിയെത്തിയതു മുതൽ ഇറാനെതിരെ ജനാഭിപ്രായം രൂപപ്പെടുത്താനാണ് നെതന്യാഹു ശ്രമങ്ങൾ ആരംഭിച്ചത്.
ഇറാനെതിരെ ഒറ്റക്ക് യുദ്ധം ചെയ്യാനുള്ള ശേഷി ഇസ്രായേലിനില്ലെന്ന അഭിപ്രായത്തോട് കഴിഞ്ഞ ദിവസം പാ൪ലമെൻറിൽ നടത്തിയ പ്രസംഗത്തിൽ നെതന്യാഹു വിയോജിച്ചിരുന്നു. 1948ലെ ഇസ്രായേൽ രൂപവത്കരണവും 1967ലെ ആറ് ദിന യുദ്ധവും 1981ൽ ഇറാഖിലെ ആണവ നിലയങ്ങൾക്കുനേരേ നടത്തിയ ആക്രമണവും ചൂണ്ടിക്കാട്ടി ഇപ്പോഴും ഇറാനെ ഒറ്റക്ക് ആക്രമിക്കാൻ ഇസ്രായേലിനാവും എന്നാണ് അദ്ദേഹം വാദിക്കുന്നത്. ഇറാനെ ആക്രമിക്കരുതെന്ന അമേരിക്കൻ പ്രസിഡൻറ് ബറാക് ഒബാമയുടെ നി൪ദേശത്തെ മറികടക്കാനാണ് നെതന്യാഹു ശ്രമിക്കുന്നതെന്ന് അലൂഫ് ബെൻ ആരോപിക്കുന്നു.
യുദ്ധം തുടങ്ങിക്കഴിഞ്ഞാൽ ഇറാനിൽനിന്ന് പ്രത്യാക്രമണമുണ്ടാവുകയും അമേരിക്ക വിഷയം ഏറ്റെടുക്കുകയും ലോക രാജ്യങ്ങളുടെ പിന്തുണ കിട്ടുകയും ചെയ്യുമെന്ന് പ്രധാനമന്ത്രി വിശ്വസിക്കുന്നതായി ഹാരെറ്റ്സ് എഡിറ്റ൪ എഴുതുന്നു. നെതന്യാഹു പാ൪ലമെൻറിൽ അവതരിപ്പിച്ച പ്രസംഗം പ്രബന്ധമാക്കി ചരിത്രാധ്യാപകനായ സ്വന്തം പിതാവിന് സമ൪പ്പിക്കുകയാണെങ്കിൽ ഏറ്റവും കുറഞ്ഞ മാ൪ക്കായിരിക്കും കിട്ടുക എന്ന് ബെൻ അലൂഫ് കളിയാക്കുന്നുണ്ട്.
അതേസമയം, ഇറാനെ ആക്രമിക്കുകയാണെങ്കിൽ അമേരിക്കയുടെ പിന്തുണയോടെ മാത്രമേ ആകാവൂ എന്നാണ് ഇസ്രായേലിലെ ജനങ്ങളിൽ ഭൂരിഭാഗവും അഭിപ്രായപ്പെടുന്നതെന്നും പത്രം എഴുതുന്നു. ഇറാനെ ആക്രമിക്കണമെന്ന നെതന്യാഹുവിൻെറ ആവശ്യത്തിന് ജനങ്ങളുടെ പിന്തുണയില്ലെന്നാണ് പത്രം നൽകുന്ന സൂചന.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.